Friday, May 3, 2024
HomeKeralaകള്ള് ഷാപ്പുകള്‍ ഇന്ന് മുതല്‍ അടച്ചിടും

കള്ള് ഷാപ്പുകള്‍ ഇന്ന് മുതല്‍ അടച്ചിടും

തൃശൂര്‍: പാലക്കാട്ട് നിന്നും പെര്‍മിറ്റ് പ്രകാരം കള്ള് കൊണ്ടുവരുന്ന വാഹനങ്ങള്‍ എക്‌സൈസുകാര്‍ പിടിച്ച്‌ കേസെടുത്തതില്‍ പ്രതിഷേധിച്ച്‌ ഇന്ന് മുതല്‍ ജില്ലയിലെ കള്ളുഷാപ്പുകള്‍ അനിശ്ചിതകാലത്തേക്ക് അടയ്ക്കുമെന്ന് കള്ള് ഷാപ്പ് ലൈസൻസികള്‍ അറിയിച്ചു.

പാലക്കാട്ട് പെര്‍മിറ്റ് പതിക്കുന്ന വാഹനത്തില്‍തന്നെ എല്ലാ കള്ളുഷാപ്പിലും പെര്‍മിറ്റ് പ്രകാരമുള്ള കള്ള് കൊടുത്താല്‍ മതിയെന്നും, ഇതിന് വിരുദ്ധമായി ചെയ്താല്‍ വണ്ടികളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചിരിക്കുകയാണ്.

പെര്‍മിറ്റില്‍ ഉച്ചയ്ക്ക് 12 മണിക്കുള്ളില്‍ കള്ള് വിതരണം തീര്‍ക്കണം. എന്നാല്‍ റേഞ്ചിലെ മുഴുവൻ ഷാപ്പുകളിലും കള്ളെത്തിക്കണമെങ്കില്‍ വൈകിട്ട് നാല് മണിയാകും. ഉദ്യോഗസ്ഥരുടെ നടപടി മൂലം ഏകദേശം 5000ല്‍ അധികം ചെത്ത് മദ്യ വ്യവസായ തൊഴിലാളികളുടെ തൊഴിലും കൂലിയും നഷ്ടപ്പെടുമെന്നും ലൈസൻസികള്‍ പറഞ്ഞു. ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് അഡ്വാൻസ് ലഭിക്കാതാകും. കള്ള് വ്യവസായത്തെ തകര്‍ക്കാനും, വിദേശമദ്യലോബികളെ സഹായിക്കാനുമാണ് ഇതെന്നും അവര്‍ ആരോപിച്ചു. പ്രതിസന്ധിക്ക് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ പ്രകാശൻ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular