Friday, May 3, 2024
HomeGulfലോകകപ്പിന്റെ ആരോഗ്യ മാതൃക പകര്‍ത്തി ലോകാരോഗ്യ സംഘടന

ലോകകപ്പിന്റെ ആരോഗ്യ മാതൃക പകര്‍ത്തി ലോകാരോഗ്യ സംഘടന

ദോഹ: ഭാവിയിലെ പ്രധാനപ്പെട്ട കായിക ചാമ്ബ്യൻഷിപ്പുകളില്‍ ആരോഗ്യകരമായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാൻ ലോകാരോഗ്യ സംഘടന.

2022ലെ ഖത്തര്‍ ലോകകപ്പില്‍ നടപ്പാക്കിയ ആരോഗ്യ നടപടികളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ ചുവടുവെപ്പ്. ആഗോളതലത്തില്‍ നടക്കുന്ന ഭാവി കായിക ചാമ്ബ്യൻഷിപ്പുകള്‍ക്ക് അറബ്, ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന ആദ്യ പ്രധാന കായിക ടൂര്‍ണമെന്റ് മാതൃകയാകുന്നുവെന്നത് അതിന്റെ ലെഗസി പദ്ധതികളില്‍ പുതിയ അധ്യായം കുറിക്കും.

ഭാവി കായിക ചാമ്ബ്യൻഷിപ്പുകള്‍ക്കായി ലോകാരോഗ്യ സംഘടനയും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും തമ്മിലുള്ള പുതിയ പങ്കാളിത്തം, 2022ലെ ഖത്തര്‍ ലോകകപ്പ് സമയത്ത് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പാക്കിയ ഇരുകക്ഷികളുടെയും മുൻ സഹകരണത്തിന്റെ ഫലമായാണ് വിലയിരുത്തപ്പെടുന്നത്.

കായിക ചാമ്ബ്യൻഷിപ്പുകളില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരവും ഭക്ഷണവുമായി ബന്ധപ്പെട്ട ക്രമീകരണവും മെച്ചപ്പെടുത്തുന്നതില്‍ ആരോഗ്യ സംഘടനയുടെ പുതിയ ഗൈഡ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ഖത്തര്‍ ലോകകപ്പില്‍ സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും ആരോഗ്യകരമായ പോഷകാഹാര മാനദണ്ഡങ്ങള്‍ക്കനുസൃതമായിരുന്നു.ലോകാരോഗ്യ സംഘടനക്ക് കീഴിലുള്ള പോഷകാഹാര-ഭക്ഷ്യസുരക്ഷ വകുപ്പ് കായിക ചാമ്ബ്യൻഷിപ്പുകളില്‍ ആരോഗ്യകരമായ ഭക്ഷണവും ഭക്ഷണ അന്തരീക്ഷവും എന്ന തലക്കെട്ടില്‍ പുതിയ പ്രവര്‍ത്തനാധിഷ്ഠിത കൈപ്പുസ്തകം പുറത്തിറക്കി.

പുതുതായി പുറത്തിറക്കിയ ഗൈഡ് കായിക ചാമ്ബ്യൻഷിപ്പുകളിലെ സംഘാടകരെ ഉദ്ദേശിച്ചുള്ളതാണെന്ന് ലോകാരോഗ്യ സംഘടന വിശദീകരിച്ചു. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും കായികരംഗത്തും പരിസരങ്ങളിലും ആരോഗ്യകരമായ ഭക്ഷണ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനുമായി അഞ്ചു തന്ത്രപ്രധാന നടപടികളാണ് ഇതില്‍ അവതരിപ്പിക്കുക.

ലഭ്യമായ ഭക്ഷണത്തിന്റെ ഗുണനിലവാരം മുതല്‍ ഹാനികരമായ വിപണനരീതി തടയുന്നത് വരെയുള്ള കാര്യങ്ങള്‍ ഈ കൈപ്പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടന, ഫിഫ, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി (എസ്.സി) എന്നിവര്‍ തമ്മില്‍ 2021ല്‍ ആരംഭിച്ച സഹകരണമാണ് 2022 ലോകകപ്പ് ആരോഗ്യകരവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തിയത്. കോവിഡ് വ്യാപനം തടയുന്നത് മുതല്‍ ആരോഗ്യകരമായ ഭക്ഷണ മെനു തിരഞ്ഞെടുക്കുന്നത് വരെ ഈ സഹകരണത്തിലുള്‍പ്പെട്ടിരുന്നു. സ്റ്റേഡിയങ്ങള്‍ക്കുള്ളിലെ സമ്ബൂര്‍ണ പുകയില നിരോധനവും ആരോഗ്യകരമായ ഭക്ഷണ വിതരണവും ചെറിയ ഉദാഹരണങ്ങള്‍ മാത്രം.

മൂന്നു കക്ഷികളും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായി രാജ്യത്തുടനീളമുള്ള കൂറ്റൻ ബില്‍ ബോര്‍ഡുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ആരോഗ്യ സന്ദേശങ്ങള്‍ ഉയര്‍ന്നു.

ഖത്തറും ഡബ്ല്യു.എച്ച്‌.ഒയും ഫിഫയും തമ്മിലുള്ള സഹകരണം ലോകമെമ്ബാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ സഹായകമാകുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗബ്രിയേസസ് കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular