Saturday, May 4, 2024
HomeKeralaകെ-സ്മാര്‍ട്ട് മീറ്റര്‍: കേന്ദ്രം നിര്‍ദേശിച്ച മാതൃക ഒഴിവാക്കുന്നു

കെ-സ്മാര്‍ട്ട് മീറ്റര്‍: കേന്ദ്രം നിര്‍ദേശിച്ച മാതൃക ഒഴിവാക്കുന്നു

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ദോഷകരമാകാത്ത തരത്തില്‍ വൈദ്യുതി സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
കേന്ദ്രം നിര്‍ദേശിച്ച ടോട്ടക്സ് മാതൃക ഒഴിവാക്കി ചെലവു കുറച്ചു പദ്ധതി നടപ്പാക്കാനുള്ള മാര്‍ഗമാണ് ഉദ്ദേശിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്‍റെ എല്ലാ ഉപയോക്താക്കള്‍ക്കും സ്മാര്‍ട് മീറ്റര്‍ ഘടിപ്പിക്കില്ല. ആദ്യഘട്ടം എന്ന നിലയില്‍ വ്യവസായ- വാണിജ്യ ഉപയോക്താക്കള്‍ക്കാണ് ഇത് ഏര്‍പ്പെടുത്തുന്നത്.

ആദ്യഘട്ടത്തില്‍ മൂന്നു ലക്ഷത്തോളം പേരാണ് ഈ സംവിധാനത്തിന്‍റെ ഭാഗമാകുക. കേരളത്തിന്‍റെ സ്മാര്‍ട് മീറ്റര്‍ പദ്ധതിക്ക് കേന്ദ്രാനുമതി തേടി മന്ത്രി കെ. കൃഷ്ണൻകുട്ടി കേന്ദ്രത്തിനു കത്തയച്ചിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

വൈദ്യുതി ബോര്‍ഡ് നടപ്പാക്കാൻ ആലോചിക്കുന്ന പുതിയ സംവിധാനം അനുസരിച്ച്‌ പൊതുമേഖലാ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചു സ്വന്തമായി സ്മാര്‍ട്ട് മീറ്റര്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ബില്ലിംഗ്, അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്കുള്ള സോഫ്റ്റ്‌വേയര്‍ ബോര്‍ഡ് തന്നെ രുപപ്പെടുത്തും. കെ-ഫോണ്‍ വന്നതോടെ ബോര്‍ഡിനു സൗജന്യമായി നല്‍കിയ ഫൈബര്‍ ഒപ്റ്റിക്ക് കേബിള്‍ ഉപയോഗിച്ച്‌ വിവര വിനിമയം നടത്താം.

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നു ബോര്‍ഡിനു ലഭിക്കാനുള്ള കറന്‍റ് ചാര്‍ജ് കുടിശിക അടുത്ത ഡിസംബറിനു മുൻപ് നല്‍കാൻ സാധിക്കുമോ എന്നു വകുപ്പ് സെക്രട്ടറിമാരുമായി ആലോചിച്ചു ചീഫ് സെക്രട്ടറി തീരുമാനിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കേന്ദ്രപദ്ധതിക്കു പകരം സ്വന്തം നിലയില്‍ സംസ്ഥാനം സ്മാര്‍ട് മീറ്റര്‍ പദ്ധതി നടപ്പാക്കിയാല്‍ കേന്ദ്രത്തിന്‍റെ കോടിക്കണക്കിനു രൂപയുടെ ഗ്രാന്‍റ് ലഭിക്കില്ല. സ്മാര്‍ട്ട് മീറ്ററിന്‍റെ വില, ഹെഡ് എൻഡ് സിസ്റ്റം, മീറ്റര്‍ ഡേറ്റാ മാനേജ്മെന്‍റ്, കമ്യൂണിക്കേഷൻ സിസ്റ്റം, ക്ലൗഡ് സ്റ്റോറേജ് നിരക്കുകള്‍, മറ്റ് സോഫ്റ്റ്‌വേയര്‍ ടെസ്റ്റിങ്ങിനും സൈബര്‍ സെക്യൂരിറ്റിക്കുമുള്ള നിരക്കുകള്‍, 93 മാസത്തേക്കുള്ള ഓപ്പറേഷൻ ആൻഡ് മെയ്ന്‍റനൻസ് നിരക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കേന്ദ്രം നിര്‍ദേശിച്ച ടോട്ടക്സ് മാതൃക.

ഇതിനായി ചെലവഴിക്കുന്ന തുക 93 മാസ തവണകളായി ഉപയോക്താക്കളില്‍നിന്ന് ഈടാക്കാനാണ് കേന്ദ്ര പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത കാലത്തേക്കു പരിപാലനവും പ്രവര്‍ത്തനവും പുറത്തു നിന്നുള്ള ഏജൻസിയെ ഏല്‍പ്പിക്കുന്ന ഈ മാതൃകയോട് തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ വിയോജിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular