Saturday, May 18, 2024
HomeKeralaമാലിന്യം വരുമാനമാക്കി മൂന്നാര്‍ പഞ്ചായത്ത്

മാലിന്യം വരുമാനമാക്കി മൂന്നാര്‍ പഞ്ചായത്ത്

മൂന്നാര്‍: മാലിന്യത്തില്‍നിന്ന് ജൈവവളം ഉല്‍പാദിപ്പിച്ച്‌ വരുമാനം നേടി മൂന്നാര്‍ പഞ്ചായത്ത്‌. മൂന്നാര്‍ ടൗണ്‍ മേഖലയില്‍നിന്നുമാത്രം ദിവസേന 20 ടണ്‍ വരെ മാലിന്യമാണ് പഞ്ചായത്ത്‌ ശേഖരിച്ച്‌ നീക്കം ചെയ്തിരുന്നത്.

കല്ലാറിലെ നിക്ഷേപ കേന്ദ്രത്തില്‍ കൊണ്ടുവന്ന് തള്ളിയിരുന്ന ഇവ അവിടെയും വലിയ പാരിസ്ഥിതിക പ്രശ്നമാണ് സൃഷ്ടിച്ചിരുന്നത്. കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ക്കും ഇത് ഭീഷണിയായിരുന്നു. ഈ ഭാഗത്തെ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്ന സ്ഥിതി വരെയുണ്ടായി.

ഈ സാഹചര്യത്തിലാണ് ഗുണപ്രദമായ രീതിയില്‍ ഈ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് പഞ്ചായത്ത്‌ തിരിഞ്ഞത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് കല്ലാറിലെ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ ജൈവവള നിര്‍മാണ യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ടൗണ്‍പ്രദേശത്തെ റിസോര്‍ട്ടുകള്‍, പച്ചക്കറിക്കടകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍നിന്നായി ദിവസേന രണ്ടായിരത്തോളം കിലോ പച്ചക്കറി അവശിഷ്ടങ്ങളാണ് ശുചീകരണ തൊഴിലാളികള്‍ ശേഖരിച്ച്‌ നിക്ഷേപ കേന്ദ്രത്തില്‍ എത്തിക്കുന്നത്. ഇതുകൂടാതെ 1000 കിലോ മാംസ, ഭക്ഷണ അവശിഷ്ടങ്ങളും ശേഖരിക്കുന്നുണ്ട്. കല്ലാറിലെ പഞ്ചായത്തിന്‍റെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന പിറ്റുകളില്‍ 25 ദിവസം സൂക്ഷിക്കുന്ന ഇവ അഴുകി പാകമാകുന്നതോടെ ഇന്നോക്കുലം ചേര്‍ത്ത് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. പായ്ക്കറ്റുകളിലാക്കി മൂന്നാര്‍ ബയോമിക്സ് എന്ന പേരിലാണ് വിപണനം.

കൃഷിവകുപ്പിനുകീഴില്‍ പട്ടാമ്ബിയില്‍ പ്രവര്‍ത്തിക്കുന്ന ബയോ ഫെര്‍ട്ടിലൈസര്‍ ആൻഡ് ഓര്‍ഗാനിക് മാനുവല്‍ ക്വാളിറ്റി കണ്‍ട്രോള്‍ പരിശോധനയില്‍ എല്ലാ മൂലകങ്ങളും അടങ്ങിയ മികച്ച ജൈവവളമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഏലം കര്‍ഷകരില്‍നിന്ന് മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നതെന്ന് പഞ്ചായത്ത്‌ സെക്രട്ടറി കെ.എൻ. സഹജൻ പറയുന്നു.

നവംബറില്‍ ഉല്‍പാദനം തുടങ്ങിയശേഷം ഇതുവരെ അഞ്ചുലക്ഷം രൂപയുടെ വളം ഉത്പാദിപ്പിച്ച്‌ വില്‍പന നടത്തി. ഒന്ന്, 10, 50 കിലോ പായ്ക്കറ്റുകളിലാക്കിയാണ് വിപണനം.

കൂടുതല്‍ അളവില്‍ ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ പറയുന്ന സ്ഥലത്ത് എത്തിച്ച്‌ നല്‍കുമെന്നും പഞ്ചായത്ത്‌ സെക്രട്ടറി പറയുന്നു. വളം ഓര്‍ഡര്‍ ചെയ്യാൻ 9496045025, 9447379845 നമ്ബറുകളില്‍ ബന്ധപ്പെടാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular