Saturday, May 18, 2024
HomeKeralaഒറ്റ മഴയില്‍ ഭാരത മണ്ഡപം വെള്ളത്തില്‍

ഒറ്റ മഴയില്‍ ഭാരത മണ്ഡപം വെള്ളത്തില്‍

ന്യൂഡല്‍ഹി: 2700 കോടി ചെലവില്‍ നിര്‍മിച്ച്‌ ജി20 ഉച്ചകോടിക്കായി തുറന്നുകൊടുത്ത ഭാരത മണ്ഡപത്തില്‍ മഴയില്‍ വെള്ളം കയറി.

ശനിയാഴ്ച രാത്രി പെയ്ത ഒരൊറ്റ മഴയിലാണ് ഭാരത മണ്ഡപത്തില്‍ വെള്ളം പൊങ്ങിയത്. വെള്ളക്കെട്ട് നീക്കുന്ന വിഡിയോ വൈറലാവുകയും നിര്‍മാണത്തില്‍ അഴിമതി ആരോപിച്ച്‌ പ്രതിപക്ഷം രംഗത്തുവരുകയും ചെയ്തു. എന്നാല്‍, വിഡിയോ അതിശയോക്തിപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. 21 രാഷ്ട്രത്തലവന്മാര്‍ അത്താഴം കഴിച്ച്‌ പോയ ശേഷം ഡല്‍ഹിയില്‍ അര്‍ധരാത്രി പെയ്ത മഴയിലാണ് ഭാരത മണ്ഡപത്തില്‍ വെള്ളം കയറിയത്. രാജ്ഘട്ടില്‍ മഹാത്മാഗാന്ധി സമാധി സന്ദര്‍ശിച്ച്‌ ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ പരിപാടികള്‍ക്കായി രാഷ്ട്രനേതാക്കള്‍ ഭാരത മണ്ഡപത്തിലേക്ക് മടങ്ങുന്നതിന് മുമ്ബ് വെള്ളം നീക്കാൻ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷൻ തൊഴിലാളികള്‍ പാടുപെട്ടു.

നിരവധി പമ്ബ് സെറ്റുകള്‍ കൊണ്ടുവന്നാണ് മണ്ഡപത്തിലെ വെള്ളം നീക്കിയത്. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി നഗരവികസന മന്ത്രിയുമായ സൗരഭ് ഭരദ്വാജ് വെള്ളം കയറിയ ഭാരത മണ്ഡപത്തിന്റെ വിഡിയോ പങ്കുവെച്ച്‌ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ പ്രതികരണം തേടി. 4200 കോടി ചെലവിട്ട ജി20 ഉച്ചകോടിക്ക് വേണ്ടി മോദി സര്‍ക്കാര്‍ നടത്തിയ ഒരുക്കം ഒരൊറ്റ മഴ തുറന്നുകാട്ടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ആരോപിച്ചു. 3000 കോടി രൂപയോളം ചെലവഴിച്ചുണ്ടാക്കിയ ഭാരത മണ്ഡപത്തെ ഏതാനും മണിക്കൂര്‍ പെയ്ത മഴയില്‍ വെനീസ് ആക്കിയെന്ന് പരിഹസിച്ച അഖിലേന്ത്യ മഹിള കോണ്‍ഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസ ഭാരത മണ്ഡപത്തിലും 50 ശതമാനം കമീഷനാണോ എന്ന് ചോദിച്ചു. ജി20 ഉച്ചകോടിക്കിടെ ഭാരത മണ്ഡപത്തില്‍ ഞായറാഴ്ച രാവിലെ വെള്ളം കയറിയിട്ടും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനെ കോണ്‍ഗ്രസ് വക്താവ് പവൻ ഖേര വിമര്‍ശിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് കാലത്ത് ഗെയിംസ് വില്ലേജില്‍ ഫ്ലാറ്റുകളുടെ ബേസ്മെന്റില്‍ വെള്ളക്കെട്ടുണ്ടായതിന് അന്നത്തെ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ നേരിട്ട വിമര്‍ശനം കോണ്‍ഗ്രസ് വക്താവ് മാധ്യമങ്ങളെ ഓര്‍മിപ്പിച്ചു. ഇന്ത്യ എങ്ങനെ ഭരിക്കണമെന്ന് കോണ്‍ഗ്രസില്‍നിന്ന് മോദി പഠിച്ചില്ലെങ്കിലും മാധ്യമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മോദിയില്‍നിന്ന് തങ്ങള്‍ പഠിക്കണമെന്ന് പവൻ ഖേര പരിഹസിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular