Saturday, May 4, 2024
HomeKeralaഅഴിമതിക്കേസ്: ചന്ദ്രബാബു നായിഡു റിമാൻഡില്‍

അഴിമതിക്കേസ്: ചന്ദ്രബാബു നായിഡു റിമാൻഡില്‍

വിജയവാഡ: അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) പ്രസിഡന്റുമായ എൻ.

ചന്ദ്രബാബു നായിഡുവിനെ ഞായറാഴ്ച വൈകീട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു. ഇദ്ദേഹത്തെ തിങ്കളാഴ്ച രാവിലെ രാജമുണ്ട്രി ജയിലിലേക്ക് മാറ്റും. നായിഡുവിനെ 37ാം പ്രതിയാക്കി അന്വേഷണസംഘം നേരത്തേ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ചോദ്യം ചെയ്യലിനോട് ചന്ദ്രബാബു നായിഡു സഹകരിക്കുന്നില്ലെന്നും ചില വസ്തുതകള്‍ ഓര്‍മയില്ലെന്നുമാണ് മറുപടി നല്‍കിയതെന്നും അദ്ദേഹത്തെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നും സി.ഐ.ഡിയുടെ റിമാൻഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. കനത്ത സുരക്ഷയിലാണ് ഞായറാഴ്ച രാവിലെ വിജയവാഡയിലെ അഴിമതി വിരുദ്ധ ബ്യൂറോ കോടതിയില്‍ ഹാജരാക്കിയത്. പത്തു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷം ഇദ്ദേഹത്തെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി. അഴിമതിയുടെ പ്രധാന സൂത്രധാരനും ഗുണഭോക്താവും നായിഡുവും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണെന്നുമാണ് സി.ഐ.ഡിയുടെ കണ്ടെത്തല്‍.

നൈപുണ്യ വികസന കോര്‍പറേഷന്റെ കീഴില്‍ മികവിന്റെ കേന്ദ്രങ്ങളുണ്ടാക്കാനുള്ള പദ്ധതിയുടെ മറവില്‍ കടലാസു കമ്ബനികള്‍ക്ക് 371 കോടി നല്‍കിയ കേസിലാണ് അറസ്റ്റ്. നന്ദ്യാലിലെ കല്യാണമണ്ഡപത്തിന് സമീപം കാരവാനില്‍ വിശ്രമിക്കുമ്ബോഴാണ് ശനിയാഴ്ച രാവിലെ ആറു മണിയോടെ സി.ഐ.ഡി സംഘം അറസ്റ്റ്ചെയ്തത്. അറസ്റ്റ് തടയാൻ ടി.ഡി.പി പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ഇവരെ പൊലീസ് നീക്കംചെയ്യുകയായിരുന്നു. കേസില്‍ ഇതുവരെ എട്ടുപേര്‍ പിടിയിലായിട്ടുണ്ട്. 2014 മുതല്‍ 2019വരെ ടി.ഡി.പിയുടെ ഭരണകാലയളവിലാണ് അഴിമതി നടന്നത്. ആദ്യം തയാറാക്കിയ എഫ്.ഐ.ആറില്‍ തന്റെ പേരില്ലെന്നാണ് നായിഡുവിന്റെ വാദം.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.ഡി.പി നേതാക്കള്‍ ആരോപിച്ചു. അറസ്റ്റിനെ ബി.ജെ.പിയും വിമര്‍ശിച്ചു. ആന്ധ്ര മുൻമുഖ്യമന്ത്രി എൻ.ടി. രാമറാവുവിന്റെ മകള്‍ നാര ഭുവനേശ്വരിയാണ് ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ. എൻ.ടി. രാമറാവുവിന്റെ മറ്റൊരു മകള്‍ പുരന്ദേശ്വരിയാണ് നിലവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷ. മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുമായി ഈയിടെ ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തിയിരുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ടി.ഡി.പി തിങ്കളാഴ്ച സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular