Sunday, May 19, 2024
HomeIndiaഛത്തീസ്ഗഡില്‍ തുടര്‍ഭരണത്തിന് കോണ്‍ഗ്രസ്

ഛത്തീസ്ഗഡില്‍ തുടര്‍ഭരണത്തിന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപിക്കെതിരായ ശക്തമായ ഭരണവിരുദ്ധ വികാരം മുതലെടുത്ത് 15 വര്‍ഷത്തിനുശേഷമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ അധികാരത്തിലെത്തിയത്.
90 അംഗ നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസിന് 71 സീറ്റുകളുണ്ട്. ഇതിനുപുറമേ 2018നുശേഷം ഛത്തീസ്ഗഡില്‍ അഞ്ചു നിയമസഭാ സീറ്റുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഭൂപേഷ് ബാഗേലിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സീറ്റുനില വര്‍ധിപ്പിക്കാനാണു ശ്രമിക്കുന്നത്. കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ദരിദ്ര ജനവിഭാഗങ്ങള്‍ക്കും അനുകൂലമായ പദ്ധതികളുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളിലും (ഒബിസി) ഗ്രാമീണ വോട്ടര്‍മാര്‍ക്കുമിടയിലുള്ള സ്വാധീനവും മുതലെടുത്ത് മുഖ്യമന്ത്രി ബാഗേലിന്‍റെ ജനപ്രീതി മുൻനിര്‍ത്തി വോട്ടുപിടിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.

രാജീവ് ഗാന്ധി കിസാൻ ന്യായ്, ഗോധൻ ന്യായ് യോജന എന്നിവയുള്‍പ്പെടെ നിരവധി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയതും കര്‍ഷകര്‍ക്കും ഗ്രാമീണ ജനതയ്ക്കും ഭക്ഷണം നല്‍കല്‍, തൊഴിലില്ലായ്മ വേതനം, വിവിധ വന ഉത്പന്നങ്ങള്‍ക്കു താങ്ങുവില ഏര്‍പ്പെടുത്തിയതും മണ്ണിന്‍റെ പുത്രനെന്ന ഭൂപേഷ് ബാഗേലിന്‍റെ പ്രതിച്ഛായ വര്‍ധിപ്പിച്ചു.

അധികാരത്തിലിരുന്ന കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബൂത്തുതലം വരെയുള്ള പാര്‍ട്ടിയുടെ സംഘടനാസജ്ജീകരണം ശക്തമാക്കാൻ കോണ്‍ഗ്രസിന് സാധിച്ചു. എന്നാല്‍, പാര്‍ട്ടിയുടെ സംസ്ഥാനഘടകത്തില്‍ വിഭാഗീയതയും ചേരിപ്പോരും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍, മുഖ്യമന്ത്രി ബാഗേലിനെതിരേ മുതിര്‍ന്ന നേതാവ് ടി.എസ്. സിംഗ് ദേവ് നിരവധി തവണ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് ഈ വര്‍ഷം ആദ്യം അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയായി നിയമിച്ച്‌ അനുനയിപ്പിച്ചത്.

ബാഗേലുമായി കലഹിച്ചിരുന്ന മറ്റൊരു നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ മോഹൻ മാര്‍ക്കവും ഏതാനും മാസം മുന്പ് സംസ്ഥാന മന്ത്രിസഭയില്‍ അംഗമായി. എന്നിട്ടും സംസ്ഥാനത്ത് കോണ്‍ഗ്രസിലെ ആഭ്യന്തര കലഹങ്ങള്‍ അവസാനിച്ചിട്ടില്ല. കല്‍ക്കരി ഗതാഗതം, മദ്യവില്പന, ഡിസ്ട്രിക്‌ട് മിനറല്‍ ഫൗണ്ടേഷൻ (ഡിഎംഎഫ്) ഫണ്ട് വിനിയോഗം, പബ്ലിക് സര്‍വീസ് കമ്മീഷൻ റിക്രൂട്ട്മെന്‍റ് എന്നിവയില്‍ സര്‍ക്കാര്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്നുണ്ട്.
പ്രധാന സീറ്റുകളില്‍ ബിജെപി-കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍

കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന ഛത്തീസ്ഗഡിലെ 13 മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പില്‍ ശ്രദ്ധയാകര്‍ഷിക്കും. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ നിലവില്‍ ദുര്‍ഗ് ജില്ലയിലെ പടാൻ റൂറല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 1993 മുതല്‍ അഞ്ചു തവണയാണ് ബാഗേല്‍ ഈ സീറ്റില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. തലസ്ഥാനമായ റായ്പുരിന്‍റെ അതിര്‍ത്തിയില്‍ വരുന്ന ഈ മണ്ഡലത്തില്‍ 2008ല്‍ തന്‍റെ അകന്ന ബന്ധുവായ ബിജെപിയുടെ വിജയ് ബാഗേലിനോട് ഭൂപേഷ് ബാഗേല്‍ പരാജയപ്പെട്ടിരുന്നു. നിലവില്‍ ബിജെപി വൈസ് പ്രസിഡന്‍റും മൂന്നുതവണ മുഖ്യമന്ത്രിയുമായ രമണ്‍ സിംഗിന്‍റെ കൈവശമാണ് രാജ്നന്ദ്ഗാവ് മണ്ഡലം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular