Saturday, May 18, 2024
HomeUSAഹമാസിനു പിന്നില്‍ ഇറാനെന്ന് യു.എസ് മാദ്ധ്യമം

ഹമാസിനു പിന്നില്‍ ഇറാനെന്ന് യു.എസ് മാദ്ധ്യമം

ടെല്‍ അവീവ്: ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഇറാനെന്ന് യു.എസ് മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട്.

സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളുമായി ഇസ്രയേല്‍ അടുക്കുന്നത് തടയാൻ നടത്തിയ കരുനീക്കമാണ് ആക്രമണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗസ്റ്റ് മുതല്‍ ഇറാന്റെ റെവലൂഷണറി ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഹമാസ് അംഗങ്ങളുമായി ചര്‍ച്ച നടത്തി. ഒക്ടോബര്‍ രണ്ടിന് ലെബനനിലെ ബെയ്റൂട്ടില്‍ ഇരുകൂട്ടരും നടത്തിയ രഹസ്യയോഗത്തില്‍ ആക്രമണം ആരംഭിക്കാൻ ഹമാസിന് ഇറാൻ പച്ചക്കൊടി വീശി. ഇസ്രയേലിനുള്ളില്‍ കടന്ന് ഒരേ സമയം സൈനിക, സിവിലിയൻ കേന്ദ്രങ്ങള്‍ ആക്രമിച്ച്‌ പ്രതിരോധത്തിലാക്കാനുള്ള തന്ത്രം ഇറാനാണ് നിര്‍ദ്ദേശിച്ചത്. ലെബനനിലെ ഹിസ്ബുള്ള ഭീകരരും പാലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് സംഘടനയും ചര്‍ച്ചകളില്‍ പങ്കാളിയായി. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീര്‍ അബ്ദുള്ള ഹയാൻ രണ്ട് ചര്‍ച്ചകളിലെങ്കിലും പങ്കെടുത്തെന്നാണ് വിവരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, റിപ്പോര്‍ട്ടിനോട് യു.എസ് ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ഇറാൻ ആണെന്നതിന്റെ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചത്. ഹമാസ് ആക്രമണത്തെ പ്രശംസിച്ച്‌ ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയും പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും രംഗത്തെത്തിയിരുന്നു.

ഹമാസ് ആക്രമണത്തിന് സഹായിക്കുന്നത് ഇറാനാണെന്ന് ഇസ്രയേല്‍ പ്രതിനിധി ഗിലാഡ് എര്‍ഡൻ ഐക്യരാഷ്ട്ര സംഘടനയിലും (യു.എൻ ) ആരോപിച്ചു. എന്നാല്‍, അവരുടെ ആക്രമണങ്ങളില്‍ പങ്കില്ലെന്നാണ് ഇറാന്റെ പ്രതികരണം. അതേസമയം, ആക്രമണം മുൻകൂട്ടി കാണാൻ കഴിയാതെ പോയതില്‍ ഇസ്രയേല്‍ ഇന്റലിജൻസ് ഏജൻസിയായ മൊസാദിനെതിരെയും വിമര്‍ശനങ്ങളുയരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular