Friday, May 3, 2024
HomeKeralaപഞ്ചായത്തുകളില്‍;ഭിന്നശേഷിക്കാര്‍ക്ക് അദാലത് സംഘടിപ്പിക്കണം -നിയമസഭ സമിതി

പഞ്ചായത്തുകളില്‍;ഭിന്നശേഷിക്കാര്‍ക്ക് അദാലത് സംഘടിപ്പിക്കണം -നിയമസഭ സമിതി

കൊച്ചി: പഞ്ചായത്തുകളില്‍ എല്ലാ മാസവും ഭിന്നശേഷി അദാലത് സംഘടിപ്പിക്കാൻ നിര്‍ദേശം നല്‍കുമെന്ന് സ്ത്രീകളുടെയും ട്രാന്‍സ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി ചെയര്‍പേഴ്സൻ യു.

പ്രതിഭ പറഞ്ഞു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭിന്നശേഷിക്കാരുടെ റെക്കോഡുകള്‍ സൂക്ഷിക്കണം. പരാതികളില്‍ കാലതാമസം ഒഴിവാക്കണമെന്നും നിയമസഭ സമിതി നിര്‍ദേശിച്ചു. ജില്ലയിലെ നിയമസഭ സമിതി തെളിവെടുപ്പ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സൻ.

യു.ഡി.ഐ.ഡി കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി ആനുകൂല്യങ്ങള്‍, തസ്തികകള്‍, നിയമനം തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതല്‍ പരാതികളും വന്നത്.

ആറു മാസത്തിനു ശേഷം ജില്ലയില്‍ നിയമസഭ സമിതി യോഗം വീണ്ടും ചേരും. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ രണ്ട് പഴയ പരാതിയില്‍ സമിതി തെളിവെടുപ്പ് നടത്തി. 31 പുതിയ പരാതി പരിഗണിച്ചു. ഇതില്‍ 25 എണ്ണം സമിതി നേരിട്ട് ഇടപെടും. മൂന്ന് പരാതി കലക്ടര്‍ക്ക് കൈമാറി.

നിയമസഭ സമിതി അംഗങ്ങളായ കാനത്തില്‍ ജമീല, സി.കെ. ആശ, ഒ.എസ്. അംബിക, കെ. ശാന്തകുമാരി, ഉമ തോമസ് എന്നിവര്‍ പരാതികള്‍ ചര്‍ച്ച ചെയ്തു.

പി.വി. ശ്രീനിജിൻ എം.എല്‍.എ, കലക്ടര്‍ എൻ.എസ്.കെ. ഉമേഷ്, അഡീ. ജില്ല മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, കൊച്ചി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ എസ്. ശശീധരൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെളിവെടുപ്പിന് ശേഷം നിയമസഭ സമിതി ചെയര്‍പേഴ്സനും അംഗങ്ങളും വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കാക്കനാട് ചില്‍ഡ്രൻസ് ഹോം, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, സഖി വണ്‍ സ്റ്റോപ് സെന്റര്‍, ജുവനൈല്‍ ജസ്റ്റിസ് ഒബ്സര്‍വേഷൻ ഹോം തുടങ്ങിയ സ്ഥാപനങ്ങളാണ് സമിതി സന്ദര്‍ശിച്ചത്. പരാതികളില്‍ കൃത്യമായ രീതിയില്‍ ഇടപെടല്‍ നടത്തണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് സമിതി നിര്‍ദേശം നല്‍കി.

പെണ്‍കുട്ടികള്‍ക്കുള്ള കാക്കനാട് ചില്‍ഡ്രൻസ് ഹോമിലെ പ്രവര്‍ത്തനരീതികള്‍ സമിതി അംഗങ്ങള്‍ വിലയിരുത്തി.

ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് വേണ്ട താമസവും കൗണ്‍സലിങ്ങും നിയമ സഹായങ്ങളും ഉള്‍പ്പെടെയുള്ളവ ഒരു കുടക്കീഴില്‍ ഒരുക്കി കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ് സെന്ററിന്റെ പ്രവര്‍ത്തനവും സമിതി വിലയിരുത്തി. കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കുള്ള ജുവനൈല്‍ ജസ്റ്റിസ് ഹോമിലെ പ്രവര്‍ത്തനങ്ങളും സമിതി വിലയിരുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular