Saturday, May 18, 2024
HomeUncategorizedഇഞ്ചോടിഞ്ച്; ഒടുവില്‍ സ്വര്‍ണാരവം

ഇഞ്ചോടിഞ്ച്; ഒടുവില്‍ സ്വര്‍ണാരവം

വേലിം (ഗോവ): കേരളത്തിന്റെ കനക പ്രതീക്ഷയായിരുന്ന കനകലക്ഷ്മി വെള്ളിയിലൊതുങ്ങിയപ്പോള്‍ ബാസ്കറ്റില്‍ മാത്രം സ്വര്‍ണത്തിളക്കം.

വനിതകളുടെ 5×5 ബാസ്കറ്റ്ബാളിലാണ് ശനിയാഴ്ചത്തെ കേരളത്തിന്റെ സ്വര്‍ണനേട്ടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു കര്‍ണാടകക്കെതിരെ ബാസ്കറ്റ്ബാളിലെ മലയാളി വനിതകളുടെ വിജയാരവം. ആര്‍. ശ്രീകലയുടെ മിന്നുംപ്രകടനമാണ് കേരള ബാസ്കറ്റിലേക്ക് സ്വര്‍ണമെത്തിച്ചത്. ആദ്യം കര്‍ണാടക മുന്നിലെത്തിയെങ്കിലും പതറാതെ പൊരുതിയ കേരളസംഘം അധികം വൈകാതെ നേരിയ ലീഡ് സ്വന്തമാക്കി.

എന്നാല്‍, മത്സരം അവസാനിക്കാൻ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ, സ്കോര്‍ ഒപ്പത്തിനൊപ്പമായി (54-54). പിന്നാലെ തുടര്‍ച്ചയായി മൂന്നു പോയന്റുകള്‍ സ്വന്തമാക്കി കേരളം സ്വര്‍ണം തൊട്ടു (57-54). കേരള ക്യാമ്ബ് ആനന്ദക്കണ്ണീരോടെ വിജയം ആഘോഷിച്ചപ്പോള്‍ കര്‍ണാടക പരിശീലക നിറകണ്ണുകളോടെ കോര്‍ട്ട് വിട്ടു. 29 പോയന്റുമായി മത്സരത്തിലെ ടോപ്സ്കോററായ ശ്രീകലയാണ് കര്‍ണാടക വെല്ലുവിളി അതിജീവിക്കാൻ കേരളത്തിന് കരുത്തായത്.

അനീഷ ക്ലീറ്റസ് ഒമ്ബതു പോയന്റും സൂസൻ ഫ്ലോറന്റീന എട്ടു പോയന്റും നേടി. പ്രതിരോധ നിരയില്‍ ചിപ്പി മാത്യുവിന്റെ പ്രകടനവും കൈയടി നേടി. ഗ്രിമ മെര്‍ലിൻ വര്‍ഗീസ്, കവിത ജോസ്, ചിപ്പി മാത്യു, നിമ്മി ജോര്‍ജ് എന്നിവരും കേരളത്തിനായി കോര്‍ട്ടിലിറങ്ങി. ജിജോ പോളാണ് കോച്ച്‌. കെ. ബിബിൻ അസി. കോച്ചുമാണ്.

ഇതോടെ കേരളത്തിന് മൊത്തം രണ്ടു സ്വര്‍ണമായി. വനിതകളുടെ ഫെൻസിങ് ഫോയില്‍ വ്യക്തിഗത ഇനത്തിലാണ് വി.പി. കനകലക്ഷ്മിയുടെ വെള്ളിത്തിളക്കം. ഈ രണ്ടു മെഡലുകള്‍ മാത്രമാണ് ശനിയാഴ്ച കേരള ക്യാമ്ബിലേക്കെത്തിയത്. ഗെയിംസില്‍ അരങ്ങേറ്റം കുറിച്ച പെൻകാക് സിലാട്ട് ടാൻടിങ് വിഭാഗത്തില്‍ (85-100 കിലോ വിഭാഗം) എം.എസ്. ആതിര ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ കേരളത്തില്‍ ഒരു മെഡല്‍കൂടി ഉറപ്പായി.

കേരളത്തിന്റെ പ്രതീക്ഷയായിരുന്ന കനകലക്ഷ്മിക്ക് കൈയകലെ സുവര്‍ണ നഷ്ടം. വനിതകളുടെ ഫെൻസിങ് ഫോയില്‍ വ്യക്തിഗത ഇനത്തില്‍ കേരളത്തിന്റെ ഉറച്ച പ്രതീക്ഷയായിരുന്നു വി.പി. കനകലക്ഷ്മി. എന്നാല്‍, ഫൈനലില്‍ തമിഴ്നാട് താരം ജോയിസ് അജിതക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു(15-13).

തമിഴ്നാട് സേലം സ്വദേശിയായ കനകലക്ഷ്മി തലശ്ശേരി സായിയുടെ രാജ്യാന്തര താരമാണ്. ഫെൻസിങ് ലോക ചാമ്ബ്യൻഷിപ്, ലോക യൂനിവേഴ്സിറ്റി ഗെയിംസ്, ഏഷ്യൻ ചാമ്ബ്യൻഷിപ് എന്നിവയില്‍ പങ്കെടുത്തിട്ടുള്ള ഈ ഡിഗ്രിക്കാരി കഴിഞ്ഞ ദേശീയ ചാമ്ബ്യൻഷിപ്പില്‍ വെള്ളി നേടിയിരുന്നു. സ്വര്‍ണം സ്വന്തമാക്കിയ ജോയിസും തലശ്ശേരി സായിയിലാണ് പരിശീലനം നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular