Friday, May 3, 2024
HomeIndiaന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക നമ്ബര്‍ വണ്‍

ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക നമ്ബര്‍ വണ്‍

പുനെ: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ 190 റണ്ണിനു തോല്‍പ്പിച്ച്‌ ദക്ഷിണാഫ്രിക്ക. പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 357 റണ്ണെടുത്തു.

ഈ ലോകകപ്പിലെ നാലാം സെഞ്ചുറിയടിച്ച ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ ക്വിന്റണ്‍ ഡി കോക്ക്‌ (116 പന്തില്‍ മൂന്ന്‌ സിക്‌സറും 10 ഫോറുമടക്കം 114), റാസി വാന്‍ ഡര്‍ ദുസാന്റെ വെടിക്കെട്ടും (118 പന്തില്‍ അഞ്ച്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 133) ദക്ഷിണാഫ്രിക്കയെ മികച്ച നിലയിലെത്തിച്ചു.
ഡേവിഡ്‌ മില്ലറിന്റെ മിന്നുന്ന അര്‍ധ സെഞ്ചുറിയും (30 പന്തില്‍ നാല്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 53) വെടിക്കെട്ടിനു കൊഴുപ്പായി. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന സമ്മര്‍ദത്തില്‍ ന്യൂസിലന്‍ഡിനു പിടിച്ചു നില്‍ക്കാനായില്ല. 35.3 ഓവറില്‍ അവര്‍ 167 റണ്ണിന്‌ ഓള്‍ഔട്ടായി.
ജയത്തോടെ ദക്ഷിണാഫ്രിക്ക ഇന്ത്യയെ മറികടന്ന്‌ ഒന്നാം സ്‌ഥാനത്തായി. ഏഴ്‌ കളികളില്‍നിന്ന്‌ ആറ്‌ ജയവും ഒരു തോല്‍വിയും കുറിച്ച അവര്‍ക്കും 12 പോയിന്റായി. ആറ്‌ കളികളില്‍ ആറും ജയിച്ച ഇന്ത്യക്കും 12 പോയിന്റാണെങ്കിലും നെറ്റ്‌ റണ്‍റേറ്റില്‍ പിന്നിലാണ്‌. ദക്ഷിണാഫ്രിക്കയ്‌ക്ക് 2.290 പോയിന്റും ഇന്ത്യക്ക്‌ 1.405 പോയിന്റുമാണ്‌. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ന്യൂസിലന്‍ഡിനായി 50 പന്തില്‍ നാല്‌ സിക്‌സറും നാല്‌ ഫോറുമടക്കം 60 റണ്ണെടുത്ത ഗ്‌ളെന്‍ ഫിലിപ്‌സിന്റെ പോരാട്ടം ഫലിപ്പിച്ചില്ല. ഓപ്പണര്‍ വില്‍ യങ്‌ (37 പന്തില്‍ 34), ഡാരില്‍ മിച്ചല്‍ (24) എന്നിവരാണു രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഒന്‍പത്‌ ഓവറില്‍ 46 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത ഇടംകൈയന്‍ സ്‌പിന്നര്‍ കേശവ്‌ മഹാരാജാണു ന്യൂസിലന്‍ഡിനെ തകര്‍ത്തത്‌. മാര്‍കോ ജാന്‍സന്‍ മൂന്ന്‌ വിക്കറ്റും ജെറാഡ്‌ കോയ്‌റ്റ്സീ രണ്ട്‌ വിക്കറ്റും കാഗിസോ റബാഡ ഒരു വിക്കറ്റുമെടുത്തു.
മൂന്നാം ഓവറില്‍ ഡെവണ്‍ കോണ്‍വേയെ (രണ്ട്‌) നായകന്‍ എയ്‌ദീന്‍ മാര്‍ക്രമിന്റെ കൈയിലെത്തിച്ചു ജാന്‍സന്‍ വിക്കറ്റ്‌ വേട്ട തുടങ്ങി. മൂന്നാമനായി ഇറങ്ങിയ റാചിന്‍ രവീന്ദ്രയ്‌ക്കും (ഒന്‍പത്‌) തിളങ്ങാനായില്ല. ജാന്‍സന്‍ താരത്തെ കോയ്‌റ്റ്സീയുടെ കൈയിലെത്തിച്ചു. വില്‍ യങിന്റെ വിക്കറ്റ്‌ കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈയിലെത്തിച്ച്‌ കോയ്‌റ്റ്സീയും ന്യൂസിലന്‍ഡിനെ ഞെട്ടിച്ചു. നായകന്‍ ടോം ലാതത്തിനു (നാല്‌) നിലയുറപ്പിക്കാനായില്ല. ലാതത്തെ കാഗിസോ റബാഡ പുറത്താക്കി. ഡാരില്‍ മിച്ചലും മടങ്ങിയതോടെ ന്യൂസിലന്‍ഡ്‌ അഞ്ചിന്‌ 90 റണ്ണെന്ന അവസ്‌ഥയിലായി. മിച്ചല്‍ സാന്റ്‌നര്‍ (ഏഴ്‌), ടിം സൗത്തി (ഏഴ്‌), ജെയിംസ്‌ നീഷാം (0), ട്രെന്റ്‌ ബോള്‍ട്ട്‌ (ഒന്‍പത്‌) എന്നിവര്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്ക ജയം ഉറപ്പാക്കി. ഫിലിപ്‌സാണ്‌ അവസാനം പുറത്തായത്‌.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിക്കുന്ന ടീമെന്ന റെക്കോഡും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഏഴ്‌ മത്സരങ്ങളിലായി 82 സിക്‌സറുകളാണ്‌ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ അടിച്ചത്‌. 2019 ലോകകപ്പില്‍ ഇംഗ്‌ളണ്ട്‌ കുറിച്ച 11 മത്സരങ്ങളില്‍ 76 സിക്‌സറുകളെന്ന റെക്കോഡാണു പഴങ്കഥയായത്‌്. തുടര്‍ച്ചയായി എട്ടാം ഏകദിനത്തിലാണു ദക്ഷിണാഫ്രിക്ക 300 റണ്ണിനു മുകളില്‍ അടിച്ചെടുക്കുന്നത്‌.
ഒരു ലോകകപ്പില്‍ നാല്‌ സെഞ്ചുറികളെന്ന ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരുടെ റെക്കോഡിന്‌ ഒപ്പമെത്താന്‍ ക്വന്റണ്‍ ഡി കോക്കിനായി. കഴിഞ്ഞ ലോകകപ്പില്‍ അഞ്ച്‌ സെഞ്ചുറികളടിച്ച ഇന്ത്യയുടെ രോഹിത്‌ ശര്‍മയാണ്‌ ഒന്നാമന്‍. ഡി കോക്ക്‌ ഈ ലോകകപ്പില്‍ ഇതുവരെ 545 റണ്ണെടുത്തു. ലോകകപ്പില്‍ 500 റണ്ണെടുക്കുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ ബാറ്ററാണ്‌. ജാക്ക്‌ കാലിസിന്റെ 2007 ല്‍ കുറിച്ച 485 റണ്ണെന്ന റെക്കോഡാണു ഡി കോക്ക്‌ മറികടന്നത്‌.
രണ്ടാം വിക്കറ്റില്‍ ഡി കോക്കും റാസി വാന്‍ ഡര്‍ ദൂസാനും ചേര്‍ന്ന്‌ 200 റണ്‍ നേടി. ഡി കോക്കിനെ പുറത്താക്കി ടിം സൗത്തിയാണ്‌ കൂട്ടുകെട്ട്‌ തകര്‍ത്തത്‌. മൂന്നാം വിക്കറ്റില്‍ ഡേവിഡ്‌ മില്ലറുമായി ചേര്‍ന്ന്‌ 78 റണ്‍ നേടിയ ശേഷമാണു ദൂസാന്‍ പുറത്തായത്‌.
നാലാം വിക്കറ്റില്‍ മില്ലര്‍ ഹെന്റിച്‌ക്ല ാസാന്റെ കൂട്ടുപിടിച്ച്‌ 17 പന്തില്‍ 35 റണ്‍ നേടി. അവസാന ഓവറിലെ അഞ്ചാമത്തെ പന്തില്‍ മില്ലര്‍ പുറത്തായി. അവസാന പന്ത്‌ നേരിട്ട എയ്‌ദീന്‍ മാര്‍ക്രം സിക്‌സര്‍ പറത്തി.ക്ല ാസാന്‍ ഏഴ്‌ പന്തില്‍ 15 റണ്ണുമായിനിന്നു. ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്‌. അതോടെ അവരുടെ സെമിസാധ്യത പരുങ്ങലിലായി. പട്ടികയില്‍ ആദ്യ നാലില്‍ തുടരുന്നുണ്ടെങ്കിലും പാകിസ്‌താനും അഫ്‌ഗാനിസ്‌ഥാനും ന്യൂസിലന്‍ഡിന്‌ വെല്ലുവിളിയാണ്‌. റാസി വാന്‍ ഡര്‍ ദുസാന്‍ മത്സരത്തിലെ താരമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular