Saturday, May 4, 2024
HomeKeralaചെന്നുകൊള്ളുന്നത് നെഞ്ചത്തുതന്നെ

ചെന്നുകൊള്ളുന്നത് നെഞ്ചത്തുതന്നെ

വാണിജ്യാവശ്യത്തിന് പാചകവാതകം ഉപയോഗിക്കുന്നവര്‍ക്ക് ഇംഗ്ളീഷ് മാസം ഒന്നാം തീയതി ദുര്‍ദ്ദിനമായിട്ട് കുറെക്കാലമായി.

നവംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 102 രൂപ കൂടി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ രണ്ടുമാസത്തിനിടെ 304 രൂപയാണ് കൂടിയത്. 1850 രൂപയോളമാണ് ഒരു കുറ്റി ഗ്യാസിന് ഇപ്പോള്‍ നല്‍കേണ്ടിവരുന്നത്. പാചകവാതകത്തെ ആശ്രയിച്ച്‌ ഭക്ഷണശാലകളും മറ്റു ചെറുകിട സ്ഥാപനങ്ങളും നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ വിലവര്‍ദ്ധന കൂടിയായപ്പോള്‍ ഭാരം താങ്ങാനാവാത്ത നിലയിലായിരിക്കുകയാണ്.

എന്തിനിങ്ങനെ പാചകവാതകത്തെ കരുവാക്കി മനുഷ്യരെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നുവെന്ന് മനസ്സിലാവുന്നില്ല. വില വര്‍ദ്ധിപ്പിക്കുന്നതിന് എപ്പോഴും പറയുന്ന ന്യായം ഒന്നു തന്നെ. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരിക്കുന്നു. അതിന് അനുസരണമായി ഇവിടെയും പെട്രോളിയം ഉത്‌പന്നങ്ങള്‍ക്ക് വില കൂട്ടിയില്ലെങ്കില്‍ എണ്ണക്കമ്ബനികള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടിവരുമെന്നാണ് വാദം. എന്നാല്‍ പാചകവാതകത്തിനു മാത്രമേ ഇപ്പോള്‍ വില കൂട്ടിയിട്ടുള്ളൂ. പെട്രോളും ഡീസലും ഉള്‍പ്പെടെ മറ്റുള്ളവയുടെ വില കുറച്ചുനാളായി വര്‍ദ്ധിപ്പിച്ചു കാണുന്നില്ല. അതിന് ഒരു കാരണമുണ്ട്. അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. പെട്രോളിനും മറ്റും വില കൂട്ടുന്നത് വലിയ തിരിച്ചടിക്കു കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല.

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടുന്നത് പ്രത്യക്ഷമായി ബാധിക്കാൻ പോകുന്നത് എല്ലാ വിഭാഗം ജനങ്ങളെയുമാണ്. കാരണം ഭക്ഷണശാലകളെ ആശ്രയിച്ച്‌ വിശപ്പടക്കുന്ന വലിയൊരു വിഭാഗം രാജ്യത്തുടനീളമുണ്ട്. സാധനവില ഉയരുന്നതിനൊപ്പം പാചകവാതക വില കൂടി അടിക്കടി കൂടിക്കൊണ്ടിരുന്നാല്‍ പിടിച്ചുനില്‍ക്കാൻ കഷ്ടപ്പെടേണ്ടിവരും. മാത്രമല്ല ഭക്ഷ്യസാധന വില അനിയന്ത്രിതമായ നിലയില്‍ കൂട്ടാനുമാകില്ല. ഉപഭോക്താക്കളെ അകറ്റാൻ മാത്രമേ അത്തരം നടപടി ഉപകരിക്കൂ.

ഇന്ന് ചെറു തട്ടുകടകള്‍ പോലും പാചകവാതകം ഉപയോഗിച്ചാണ് ആഹാരസാധനങ്ങള്‍ ഉണ്ടാക്കുന്നത്. എണ്ണക്കമ്ബനികള്‍ക്കു വേണ്ടി അടിക്കടി പാചകവാതകത്തിന് വിലകൂട്ടുമ്ബോള്‍ ഭക്ഷണശാലകളും അതുപോലുള്ള സ്ഥാപനങ്ങളുമാണ് ശോഷിക്കുന്നത്. ലാഭത്തില്‍ മാത്രമല്ല കുറവു വരുന്നത്. ഭക്ഷണവില ഒരു പരിധിക്കപ്പുറം കൂട്ടിയാല്‍ ഉപഭോക്താക്കള്‍ ചെറുക്കുമെന്നതിനാല്‍ സ്വന്തം ലാഭം കുറച്ചുകൊണ്ട് എങ്ങനെയും കച്ചവടം മുന്നോട്ടു കൊണ്ടുപോകേണ്ട ഗതികേടിലാണ് പലരും. വാണിജ്യ പാചകവാതകത്തിന് വില കൂട്ടിയാലും ചെന്നുകൊള്ളുന്നത് ജനത്തിന്റെ നെഞ്ചില്‍ത്തന്നെ!

രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില സര്‍ക്കാര്‍ പ്രചരിപ്പിക്കും പോലെ അത്രയൊന്നും കൂടിയിട്ടില്ലെന്നാണ് സ്ഥിതിവിവരം. ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിനു ശേഷവും ക്രൂഡ് വിലയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പെട്രോളിയം ഉത്‌പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ച്‌ വൻ വരുമാനം നേടുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നിരവധി വര്‍ഷങ്ങളായി ഇതു നടന്നുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ മാത്രമാണ് ഇതിന് അപവാദം. തിരഞ്ഞെടുപ്പു കാലത്ത് വിലയില്‍ മാറ്റം വരുത്തുകയില്ലെങ്കിലും വോട്ടെണ്ണല്‍ കഴിയുന്നതോടെ വീണ്ടും വില കൂട്ടിത്തുടങ്ങും. പെട്രോളിന് അൻപതു രൂപയാക്കുമെന്ന് അധികാരത്തില്‍ വരുന്നതിനു മുൻപ് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയവരാണ് പിന്നീട് അതൊക്കെ മറന്നത്. ഇനി വരുന്നത് തിരഞ്ഞെടുപ്പിന്റെ നാളുകളായതിനാല്‍ പാചകവാതകം ഒഴികെയുള്ള പെട്രോളിയം ഉത്‌പന്നങ്ങള്‍ വിലവര്‍ദ്ധനവില്‍ നിന്ന് മോചിതമാകുമെന്നു പ്രതീക്ഷിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular