Sunday, May 12, 2024
HomeKeralaദിവസവും പത്തുപേര്‍ക്ക് സൗജന്യ ഉച്ചഭക്ഷണം ഉറപ്പാക്കുന്നു; പക്ഷേ അന്നദാതാവ് 'അജ്ഞാതൻ'

ദിവസവും പത്തുപേര്‍ക്ക് സൗജന്യ ഉച്ചഭക്ഷണം ഉറപ്പാക്കുന്നു; പക്ഷേ അന്നദാതാവ് ‘അജ്ഞാതൻ’

കൊച്ചി: രാവിലെ കലൂര്‍ അശോക റോഡിലുള്ള ഷംസുക്കാന്റെ ചായക്കടയിലേക്ക് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായ സുഹൈല്‍ എത്തും.

ഒരു തുക ഷംസുക്കയെ ഏല്‍പ്പിക്കും, മടങ്ങും. അജ്ഞാതനായ ഒരാള്‍ നല്‍കിയ പണവുമായാണ് സുഹൈല്‍ എത്തുന്നത്. ആ പണം കൊണ്ട് ഷംസുക്കയും സഹോദരൻ നാസറും ദിവസവും ഉച്ചയ്ക്ക് പത്തുപേരുടെ വയറുനിറയ്ക്കും. പേരു വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ആ മനുഷ്യൻ സുഹൈലിലൂടെയും ഷംസുക്കയിലൂടെയും തന്റെ ദൗത്യം നിറവേറ്റിക്കൊണ്ടേയിരിക്കുന്നു.

2019-ല്‍ ആദ്യ കോവിഡ് ലോക്ഡൗണിന് ശേഷമാണ് സുഹൈല്‍ ഇക്കാര്യത്തിനായി നാസറിനെ സമീപിക്കുന്നത്. കട അവധിയായ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍, ഒരുദിവസം പത്തുപേര്‍ക്ക് വീതം ഉച്ചയ്ക്ക് ഊണു നല്‍കണം. അതിനുള്ള തുക ‘ഒരാള്‍’ തരും. അതാരെന്ന് സുഹൈലിന് അറിയാം. എന്നാല്‍ പേരു വെളിപ്പെടുത്തരുതെന്നാണ് നിര്‍ദേശം. അതിനാല്‍ നാലു വര്‍ഷങ്ങള്‍ക്കിപ്പുറവും ഷംസുവിനും നാസറിനും അതാരെന്ന് അറിയില്ല. അറിയുകയും വേണ്ട.

സൗജന്യ ഉച്ചയൂണ് തുടങ്ങി രണ്ടുമാസത്തിനുശേഷം അജ്ഞാതനില്‍ നിന്ന് പണം ലഭിക്കാതെയായി. പിന്നീട് ഈ ജനുവരിയില്‍ വീണ്ടും പണമെത്തി. പിന്നെ ഇന്നുവരെ മുടങ്ങിയിട്ടില്ല. സ്ഥിരമായി കുറച്ചുപേര്‍ കഴിക്കാനെത്തുന്നുണ്ട്. മദ്യപിച്ചെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കില്ല. ഭക്ഷണം പാഴാക്കുമോ എന്ന പേടിയുള്ളതിനാല്‍ പാഴ്സലും കൊടുക്കില്ല.

ഇത് ‘ജനകീയഹോട്ടല്‍’

1990-ല്‍ തുടങ്ങിയതാണ് കട. ലാഭമല്ല ഈ സഹോദരങ്ങളുടെ ലക്ഷ്യം. കടയ്ക്കു പിറകില്‍ തന്നെയുള്ള വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് വിളമ്ബുക. രാവിലെ പുട്ടും ദോശയും ഇഡ്ഡലിയുമൊക്കെ ലഭിക്കും.

കറി സൗജന്യം. ചില്ലലമാരയില്‍ വെച്ചിരിക്കുന്ന വിഭവങ്ങള്‍ സ്വയം എടുത്തുകഴിക്കാം. ഉച്ചയൂണിന് 40 രൂപയാണ്. ചോറിനൊപ്പം മീൻകറിയും മീൻവറുത്തതും മെഴുക്കുപുരട്ടിയും ഉണ്ടാകും. കഴിക്കാനെത്തുന്നതില്‍ ഭൂരിഭാഗം പേരും പ്ലേറ്റ് കഴുകിവെച്ച ശേഷമേ പോകൂ എന്നും ഷംസുക്ക പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular