Saturday, May 18, 2024
HomeKeralaചീഫ് ജസ്റ്റിസിനുള്ള കുട്ടികളുടെ കത്ത് ഫലം കണ്ടു; മ്ലാമല ശാന്തിപ്പാലം പൂര്‍ത്തിയാകുന്നു

ചീഫ് ജസ്റ്റിസിനുള്ള കുട്ടികളുടെ കത്ത് ഫലം കണ്ടു; മ്ലാമല ശാന്തിപ്പാലം പൂര്‍ത്തിയാകുന്നു

കുമളി: മഹാപ്രളയത്തില്‍ പാലം ഇല്ലാതായതോടെ സ്കൂളിലെത്താനുള്ള കഷ്ടപ്പാടും ദുരിതവും വിവരിച്ച്‌ ഹൈകോടതി ചീഫ് ജസ്റ്റിസിന് കുട്ടികള്‍ അയച്ച കത്ത് ഫലം കാണുന്നു.

വണ്ടിപ്പെരിയാര്‍ മ്ലാമല ശാന്തി പാലം നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്നു. നിര്‍മാണം പൂര്‍ത്തിയായ പാലം ബുധനാഴ്ച ജില്ല ജഡ്ജി എ. ഷാനവാസ് വിലയിരുത്തി.

മ്ലാമല പള്ളി വികാരി ഫാ. മാത്യു ചെറുതാനിക്കിന്റെ നേതൃത്വത്തില്‍ 1984ല്‍ നാട്ടുകാര്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍മിച്ച പാലമാണ് ഉണ്ടായിരുന്നത്. ഈ പാലം 2018 ആഗസ്റ്റ് 15ലെ പ്രളയത്തില്‍ ഒലിച്ചു പോയി. വാഹനം കടന്നുപോകാൻ കഴിയുന്ന വിധത്തില്‍ നാട്ടുകാര്‍ താല്‍ക്കാലിക പാലം പണിതെങ്കിലും 2019 ലെ പ്രളയത്തില്‍ അതും ഒലിച്ചു പോയി.

തുടര്‍ന്നാണ് മ്ലാമല ഫാത്തിമ മാതാ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സ്‌കൂളില്‍ എത്താനുള്ള ബുദ്ധിമുട്ടും പ്രയാസങ്ങളും വിവരിച്ചായിരുന്നു കത്ത്.

കത്ത് ഹരജിയായി പരിഗണിച്ച ചീഫ് ജസ്റ്റിസ് ജില്ല ജഡ്ജിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ആവശ്യപ്പെട്ടു. ലീഗല്‍ സര്‍വീസ് അതോറിറ്റി സ്ഥലം സന്ദര്‍ശിച്ചു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി പാലം പണിയാൻ സംസ്ഥാന സര്‍ക്കാറിനോട് ഹൈകോടതി നിര്‍ദേശിക്കുകയായിരുന്നു.

16 മാസത്തിനുള്ളില്‍ പാലം നിര്‍മിക്കണമെന്ന വിധി വന്നതോടെ പൊതുമരാമത്ത് വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പാലം പൂര്‍ത്തിയായതോടെ കത്ത് ഫലം കണ്ടതിന്‍റെ സന്തോഷത്തിലാണ് മ്ലാമല സ്കൂളിലെ കുട്ടികള്‍. പാലത്തിനൊപ്പം നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്.

പാലത്തിന്റെ രണ്ടു വശവുമുള്ള അപ്രോച്ച്‌ റോഡിന്റെ ടാറിംഗ് പൂര്‍ത്തീകരിച്ചാല്‍ ഉടൻ പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.

പെരിയാറിന്റെ ഇരു കരകളെയും വണ്ടിപ്പെരിയാര്‍, ഏലപ്പാറ, അയ്യപ്പൻകോവില്‍ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പാലമാണ് ശാന്തി പാലം. വണ്ടിപ്പെരിയാര്‍, ഏലപ്പാറ, കട്ടപ്പന എന്നിവിടങ്ങളിലേക്കുള്ള യാത്രയും എളുപ്പമായി തീരും.

അഞ്ചുവര്‍ഷത്തോളമായി ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിനാണ് അവസാനമാകുന്നത്.

കോണ്‍ക്രീറ്റ് പാലമെന്ന പ്രദേശവാസികളുടെ ദീര്‍ഘനാളായുള്ള ആഗ്രഹം കൂടിയാണ് യാഥാര്‍ഥ്യമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular