Saturday, May 18, 2024
HomeKeralaഅലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി 5000 രൂപ പിഴ, നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു

അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി 5000 രൂപ പിഴ, നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, കുഴിച്ചുമൂടല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി കാത്തിരിക്കുന്നത് വൻ തുക പിഴ.

അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്താല്‍ 5000 രൂപ പിഴ ചുമത്താൻ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഓര്‍ഡിനൻസില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് സര്‍ക്കാറിന്റെ നിര്‍ദ്ദേശം. പുതിയ നിയമപ്രകാരം, ഈ കുറ്റത്തിന്റെ പരമാവധി ശിക്ഷ ഒരു വര്‍ഷം വരെ തടവും 50,000 രൂപ പിഴയുമാണ്. പിഴ അടച്ചില്ലെങ്കില്‍ പൊതുനികുതി കുടിശ്ശിക പോലെ അവ ഈടാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കാണ് പിഴ ചുമത്താനുള്ള അധികാരം നല്‍കിയിരിക്കുന്നത്. അതേസമയം, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പിലാക്കാത്ത തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരും പിഴ ചുമത്തുന്നതാണ്.

ഓര്‍ഡിനൻസ് അനുസരിച്ച്‌, യൂസര്‍ ഫീസ് നല്‍കുന്നതില്‍ വീഴ്ച വരുത്തുകയാണെങ്കില്‍, പ്രതിമാസം 50 ശതമാനം പിഴയോടുകൂടി പൊതുനികുതി കുടിശ്ശികയായി ഈടാക്കും. യൂസര്‍ ഫീസ് അടയ്ക്കാത്ത വ്യക്തിക്ക്, അത് അടക്കുന്നത് വരെ തദ്ദേശസ്ഥാപനത്തില്‍ നിന്നുള്ള സേവനം നിരസിക്കാവുന്നതാണ്. അതേസമയം, തദ്ദേശസ്ഥാപനത്തിന് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ഉചിതം എന്ന് തോന്നുന്ന വിഭാഗങ്ങളെ യൂസര്‍ ഫീ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കാനാകും. കൂടാതെ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കുറ്റം നടന്നതായി സെക്രട്ടറിയെ രേഖാമൂലം അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനും തീരുമാനമായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular