Sunday, May 19, 2024
HomeKeralaപറവൂര്‍ സ്വകാര്യ ബസ്സ്റ്റാൻഡില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

പറവൂര്‍ സ്വകാര്യ ബസ്സ്റ്റാൻഡില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

റവൂര്‍: നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ് സ്റ്റാൻഡില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം യാത്രക്കാര്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഭീഷണിയാകുന്നു.

നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന സ്റ്റാൻഡില്‍ ഏറെനാളായി ഇത് തുടങ്ങിയിട്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ബസ് ജീവനക്കാരായ ചിലര്‍ കാണിക്കുന്ന അക്രമങ്ങള്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് തുടങ്ങുന്ന വാക്തര്‍ക്കങ്ങള്‍ ബഹളത്തിലും അടിയിലും കലാശിക്കുന്നത് പതിവായിരിക്കുകയാണ്.

ബസ് സമയക്രമത്തിന്റെ പേരിലും പലപ്പോഴും അടിപിടി ഉണ്ടാകുന്നുണ്ട്. ഇവര്‍ തമ്മിലെ അറപ്പുളവാക്കുന്ന വാക് പ്രയോഗങ്ങള്‍ സ്ത്രീ യാത്രക്കാര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ബസ് ഉടമകള്‍ പലപ്പോഴും അറിയുന്നില്ല. എന്നാല്‍, മുതലാളിമാര്‍ സ്ഥലത്തുള്ളപ്പോള്‍ അവരെ പ്രീതിപ്പെടുത്താൻ വേണ്ടി ബഹളങ്ങള്‍ ഉണ്ടാക്കുന്നവരുടെ എണ്ണവും കുറവല്ല. ജീവനക്കാരില്‍ ചിലര്‍ മദ്യപിച്ചും മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചും ജോലിയില്‍ പ്രവേശിക്കുന്നതാണ് ബഹളങ്ങളിലും അടിപിടിയിലും കലാശിക്കുന്നത്. രാത്രി ഓട്ടം അവസാനിപ്പിച്ച്‌ ബസ് സ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്ത ശേഷം ചിലര്‍ മദ്യം കഴിക്കുന്ന പതിവുമുണ്ട്.

ബസ്സ് സ്റ്റാൻഡിന്റെ പിൻഭാഗത്തും മറ്റും കൂടിയിരുന്ന് മദ്യം കഴിക്കുന്ന സംഘങ്ങളുമുണ്ട്. ലഹരി വില്പനക്കാരും ഇവിടെയാണ് തമ്ബടിക്കുന്നത്. പൊലീസ് സ്റ്റേഷന് നൂറ് മീറ്റര്‍ അകലം മാത്രമുള്ള സ്റ്റാൻഡില്‍ അക്രമ സംഭവങ്ങള്‍ നടക്കുന്നത് അറിഞ്ഞാല്‍ പോലും പൊലീസ് തിരിഞ്ഞു നോക്കാറില്ല. കഴിഞ്ഞ മാസം ബസ് സ്റ്റാൻഡില്‍ നിര്‍ത്തിയിട്ട ഒരു സ്വകാര്യ ബസിന്റെ മുൻഭാഗത്തെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത സംഭവം ഉണ്ടായി. ബസ് ഉടമയുമായുള്ള തര്‍ക്കത്തിന്റെ പേരിലാണ് പറവൂര്‍ -കലൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന വെളുത്താട്ടമ്മ എന്ന ബസിന്റെ മുൻഭാഗത്തെ ചില്ലുകള്‍ അടിച്ചു തകര്‍ത്തത്. എന്നാല്‍, ഈ ബസ്സ് മറ്റൊരാള്‍ക്ക് കൈമാറിയ വിവരം അറിയാതിരുന്ന അക്രമി പണം നല്‍കി സംഭവം ഒതുക്കി തീര്‍ത്തു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ബസ് സ്റ്റാൻഡില്‍ അരങ്ങേറുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ച്‌ പൊലീസ് നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular