Sunday, May 19, 2024
HomeGulfഉയര്‍ന്നു പറക്കാൻ ഗ്രീൻ ഫാല്‍ക്കണ്‍

ഉയര്‍ന്നു പറക്കാൻ ഗ്രീൻ ഫാല്‍ക്കണ്‍

ദോഹ: 2022 നവംബര്‍ 22ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ സംഭവിച്ച അട്ടിമറിയിലൂടെയാവും സൗദി അറേബ്യയെന്ന ഏഷ്യൻ ഫുട്ബാള്‍ പവറിനെ ലോകം ഇനിയുള്ള കാലം അടയാളപ്പെടുത്തുക.

മുഹമ്മദ് അലി ദാഇയും സമി അല്‍ ജാബിറും സൗദ് കരിരിയും ഉള്‍പ്പെടെ ഒരുപിടി ഇതിഹാസ താരങ്ങളെ സംഭാവന ചെയ്തവരാണ് സൗദിയുടെ മുൻകാല ഫുട്ബാള്‍ ലോകമെങ്കിലും കഴിഞ്ഞ ലോകകപ്പില്‍ അര്‍ജൻറീനക്കെതിരെ നേടിയ അട്ടിമറി ജയം അവരെ കാല്‍പന്ത് ചരിത്രത്തില്‍ കൂടുതല്‍ മികവോടെ അടയാളപ്പെടുത്താൻ പോന്നതായിരുന്നു. ആ തോല്‍വി അര്‍ജൻറീനക്ക് കിരീടയാത്രയിലേക്കുള്ള പുത്തൻ ഊര്‍ജവും സൗദി അറേബ്യക്ക് പുതു ഫുട്ബാള്‍ വിപ്ലവത്തിലേക്കുള്ള പച്ചപ്പുമായി മാറിയെന്നത് സത്യം.

ഒരു വര്‍ഷത്തിനിപ്പുറം ഖത്തറില്‍ ഏഷ്യൻ കപ്പ് ഫുട്ബാളിന് പന്തുരുളുേമ്ബാള്‍ സൗദിയും ഏഷ്യൻ ഫുട്ബാളും ഏറെ മാറിക്കഴിഞ്ഞു. ദേശീയ താരങ്ങളും ഏഷ്യൻ താരങ്ങളുമായി ശരാശരി നിലവാരത്തില്‍ പോയിരുന്നു സൗദി പ്രോ ലീഗ് എന്ന ആഭ്യന്തര ക്ലബ് ഫുട്ബാള്‍ ലീഗ് ഇന്ന് യൂറോപ്യൻ ക്ലബ് പോരാട്ടങ്ങളെ വെല്ലുന്ന മികവിലേക്കുയര്‍ന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, കരിം ബെൻസേമ, സാദിയോ മാനെ തുടങ്ങിയ ലോകോത്തര താരങ്ങള്‍ കളിച്ചുമെതിക്കുന്ന മണ്ണ് ഇംഗ്ലീഷ്-ഇറ്റാലിയൻ ലീഗുകള്‍ക്കൊപ്പം ആരാധക മനസ്സിലും മുൻനിരയിലുമെത്തി. അതോടൊപ്പം 2034ലോകകപ്പ് ഫുട്ബാളിനുള്ള ആതിഥേയത്വം കൂടിയായതോടെ പുതിയൊരു ഫുട്ബാള്‍ ഹബായി മാറിയിരിക്കുകയാണ് സൗദി.

ഒരു വര്‍ഷംകൊണ്ട് വിപ്ലവകരമായ മാറ്റങ്ങള്‍കൊണ്ട് അടയാളപ്പെടുത്തപ്പെട്ട സൗദി വീണ്ടും ഖത്തറില്‍ പന്തുതട്ടാനെത്തുമ്ബോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ഫിഫ റാങ്കിങ്ങില്‍ 56ഉം ഏഷ്യൻ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനവുമായി കോച്ച്‌ റോബര്‍ട്ടോ മാൻസീനിക്കു കീഴിലാണ് ‘ഗ്രീൻ ഫാല്‍കണ്‍സ്’ ഏഷ്യൻ കപ്പിലെത്തുന്നത്. ഇതിനകം മൂന്നു തവണ വൻകര കിരീടം ചൂടിയവര്‍ക്ക് 1996ന് ശേഷം ഇതുവരെ കപ്പില്‍ മുത്തമിടാൻ കഴിഞ്ഞിട്ടില്ല. അവസാന കിരീട നേട്ടത്തിനു ശേഷം രണ്ടു തവണ ഫൈനലിസ്റ്റുകളായി. 2011ലും 2015ലും ഗ്രൂപ്പ് റൗണ്ടില്‍ മടങ്ങി. ഏറ്റവും ഒടുവില്‍ പ്രീക്വാര്‍ട്ടറിലും മടങ്ങി. എന്നാല്‍, ഇത്തവണ മാറിവരുന്ന സൗദിക്ക് കിരീട പ്രതീക്ഷ നല്‍കുന്ന ഒരു പിടി ആരാധകരുണ്ട്.

സൗദി ഫുട്ബാള്‍ നിലവരാമുയര്‍ത്തുന്നുവെന്ന് വിശകലനം ചെയ്യപ്പെടുമ്ബോഴും ജപ്പാനും ദക്ഷിണ കൊറിയയും ആസ്ട്രേലിയയും ഉള്‍പ്പെടെ പവര്‍ഹൗസുകള്‍ക്കിടയില്‍ കിരീടം എളുപ്പമല്ലെന്ന വിലയിരുത്തലാണ് ഏറെയും. ലോകകപ്പിനു പിന്നാലെ, കഴിഞ്ഞ വര്‍ഷത്തെ മാച്ച്‌ സ്റ്റാറ്റിസ്റ്റിക്സ് തന്നെ അതിന് സാക്ഷ്യം പറയുന്നു. ഗള്‍ഫ് കപ്പും നിരവധി സൗഹൃദങ്ങളും കളിച്ചിട്ടും വമ്ബൻ തോല്‍വികളാണ് ടീം നേരിട്ടത്. കഴിഞ്ഞ വര്‍ഷം 10മത്സരങ്ങളില്‍ രണ്ടു ജയവും ഒരു സമനിലയും കഴിഞ്ഞാല്‍ ഏഴ് കളിയിലും തോല്‍വിയായിരുന്നു ഫലം. മാലിയോടും ദക്ഷിണ കൊറിയയോടും കോസ്റ്ററീകയോടും ഉള്‍പ്പെടെ തോല്‍വി വഴങ്ങി. അല്‍ നസ്റില്‍ ക്രിസ്റ്റ്യാനോക്കും ഹിലാലില്‍ കാലിദു കൗലിബൗലി, അല്‍ ഇത്തിഹാദില്‍ എൻഗോളോ കാന്റെ, കരിം ബെൻസേമ തുടങ്ങിയ ലോകതാരങ്ങള്‍ക്കൊപ്പം കളിക്കുന്ന താരങ്ങളാണ് സൗദിയുടെ ദേശീയ ടീം നിറയെ.

ഏഷ്യൻ െപ്ലയര്‍ ഓഫ് ഇയര്‍ പുരസ്കാരം നേടിയ സാലിം ദൗസരി, മുന്നേറ്റ നിരയിലെ സാലിഹ് അല്‍ ഷെഹ്രി, അബ്ദുറഹ്മാൻ ഖാരിബ്, പ്രതിരോധ നിരലയില്‍ അലി ലജാമി, പരിചയ സമ്ബന്നനായ ഫഹദ് അല്‍ മുവലാദ് എന്നിവരുടെ സംഘമാണ് കോച്ചിന് ആത്മവിശ്വാസം നല്‍കുന്നത്. തങ്ങളുടെ ദിവസത്തില്‍ ഏത് എതിരാളിയെയും വീഴ്ത്താൻ കെല്‍പുള്ളത് പോലെ തന്നെ, തിരിച്ചടിയില്‍ തകരുന്നതും സൗദിയുടെ രീതിയാണ്. കളിക്കളത്തിലെ ഈ അസ്ഥിരതയെ അഴിച്ചുപണിത് ആത്മവിശ്വാസം പകരുകയാണ് കോച്ച്‌ റോബര്‍ടോ മാൻസീനിയുടെ ദൗത്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular