Sunday, May 19, 2024
HomeKeralaസ്നേഹാരാമം പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ

സ്നേഹാരാമം പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ

മൂവാറ്റുപുഴ: മാലിന്യം തള്ളുന്നത് തടയാൻ സ്നേഹാരാമം പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ. റോഡരുകിലെ മാലിന്യം തള്ളുന്ന പോയന്റുകള്‍ വൃത്തിയാക്കി ഇവിടെ പൂച്ചെടികള്‍ നട്ട് മനോഹരമാക്കുന്നതാണ് പദ്ധതി.

റോഡരുകിലെ മാലിന്യം കോരിമടുത്തതോടെയാണ് പൊതുജനത്തെ ആകര്‍ഷിക്കുന്ന തരത്തില്‍ പൂന്തോട്ടം ഒരുക്കി സ്നേഹാരാമം പദ്ധതിയുമായി നഗരസഭ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ആദ്യപടിയായി ഇ.ഇ.സി ബൈപാസിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപത്തെ മാലിന്യകേന്ദ്രം ചെടികള്‍വെച്ച്‌ മനോഹരമാക്കി. ഇതിനുശേഷം ഇരുപത്തിയഞ്ചോളം കേന്ദ്രങ്ങളിലും പദ്ധതി നടപ്പാക്കും.

എം.സി റോഡില്‍ വാഴപ്പിള്ളി ലിസ്യൂ സെന്‍ററിനു മുന്നില്‍ തുടങ്ങി ഇ.ഇ.സി റോഡ്, മാര്‍ക്കറ്റ് റോഡ്, ചാലിക്കടവ് പാലത്തിനു സമീപം, ആരക്കുഴ റോഡ്, കീച്ചേരിപ്പടി തുടങ്ങി ഇരുപത്തിയഞ്ചോളം പോയന്‍റുകളിലാണ് വഴിയരുകിലെ മാലിന്യം തള്ളല്‍ കേന്ദ്രങ്ങളുള്ളത്. ഇത് തടയാൻ വിവിധ പദ്ധതി കളുമായി നഗരസഭ രംഗത്തുവന്നെങ്കിലും ഫലപ്രദമായില്ല. മാലിന്യം ഉപേക്ഷിക്കുന്നവരെ പിടികൂടാൻ സ്ക്വാഡ് രൂപവത്കരിച്ചതടക്കം പല പദ്ധതികളും കൊണ്ടുവന്നു. 25 പോയന്റിലും 24 മണിക്കൂറും സ്ക്വാഡ് പട്രോളിങ് നടത്തി. ഇത്തരക്കാര്‍ക്കെതിരെ 10,000 മുതല്‍ 25,000 രൂപവരെ പിഴയീടാക്കുമെന്നും അധികൃതര്‍ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍, ഇത് കൊണ്ടൊന്നും മാലിന്യം തള്ളുന്നത് തടയിടാനായില്ല. പൊതുസ്ഥലങ്ങളിലും പുഴയിലും വഴിയരികിലും ഇപ്പോഴും തുടരുകയാണ്.

മാലിന്യസംസ്കരണത്തിന് ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും പൂര്‍ണതോതില്‍ നടപ്പാക്കാനായില്ല. നിലവില്‍ ഹരിതകര്‍മ സേനയുടെയും സ്വകാര്യ ഏജൻസിയുടെയും നേതൃത്വത്തിലാണ് മാലിന്യസംസ്കരണം നടക്കുന്നത്. ഓരോ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പ്രതിമാസം നല്ലൊരു തുക ഈടാക്കുകയും ചെയ്യുന്നുണ്ട്. വലിയ തോതില്‍ മാലിന്യം സ്ഥാപനങ്ങളിലും വീടുകളിലും ഉണ്ടാകുമ്ബോഴാണു പൊതുസ്ഥലങ്ങളില്‍ തള്ളുന്നത്. രാത്രി പുഴയിലേക്കും മാലിന്യം തള്ളുന്നുണ്ട്. പദ്ധതി വഴി മാലിന്യം തള്ളുന്നത് ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular