Friday, May 3, 2024
HomeKeralaസപ്ലൈകോ സബ്സിഡി 35 ശതമാനമാക്കാൻ നിര്‍ദേശം

സപ്ലൈകോ സബ്സിഡി 35 ശതമാനമാക്കാൻ നിര്‍ദേശം

തിരുവനന്തപുരം: സപ്ലൈകോ വഴി വില്‍ക്കുന്ന 13 നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി നിരക്ക് 35 ശതമാനമായി ഉയർത്താൻ നിർദേശം.
ഇതുസംബന്ധിച്ച വിദഗ്ധ സമിതി സമർപ്പിച്ച ശിപാർശ പുതുക്കി നല്‍കാൻ മന്ത്രിസഭ നിർദേശിച്ചു. വിദഗ്ധ സമതി റിപ്പോർട്ട് കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭ പരിഗണിച്ചെങ്കിലും സബ്സിഡിക്ക് പല നിരക്കായതിനാല്‍ പുതുക്കി നല്‍കാൻ നിർദേശിക്കുകയായിരുന്നു.

എല്ലാ ഇനങ്ങള്‍ക്കും വിപണിവിലയേക്കാള്‍ നാലിലൊന്നു വില കുറയുന്ന രീതിയില്‍ സബ്സിഡി നല്‍കണമെന്നായിരുന്നു വിദഗ്ധ സമിതി റിപ്പോർട്ട് നല്‍കിയത്. എന്നാല്‍ സബ്സിഡി മൂന്നിലൊന്നോ 35 ശതമാനമോ ആക്കി ഉയർത്തിയാല്‍ മാത്രമേ ഗുണഭോക്താക്കള്‍ക്കും സപ്ലൈകോയ്ക്കും ഗുണകരമാവൂ എന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.

ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ സാഹചര്യത്തില്‍ സബ്സിഡി കുറയ്ക്കുകവഴി വില ഉയർന്നാല്‍ അതു തിരിച്ചടിയാകും.

ഇക്കാര്യം മന്ത്രിസഭ വിശദമായി ചർച്ച ചെയ്തെങ്കിലും നിരക്ക് പുനഃപരിശോധിച്ചശേഷം വീണ്ടും പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

വിദഗ്ധസമിതി ശിപാർശയുടെ അടിസ്ഥാനത്തിലുള്ള പുതുക്കിയ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം വീണ്ടും മന്ത്രിസഭ പരിഗണിക്കും. വിപണിവിലയുമായി താരതമ്യം ചെയ്യുന്പോള്‍ 50 ശതമാനത്തിലേറെയാണ് നിലവിലെ സബ്സിഡി.

വിപണിവിലയുടെ പരമാവധി 30 ശതമാനം വരെ വിലക്കിഴിവു നല്‍കിയാല്‍ മതിയെന്നും മൂന്നു മാസത്തിലൊരിക്കല്‍ നിരക്കു പരിഷ്കരിക്കണമെന്നുമാണ് ആസൂത്രണ ബോർഡ് അംഗം ഡോ. കെ.രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതി ശിപാർശ ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular