Sunday, May 12, 2024
HomeKeralaഇപി നടത്തിയ നീക്കം സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കാൻ ലക്ഷ്യമിട്ട് ? പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞ രഹസ്യചര്‍ച്ച !

ഇപി നടത്തിയ നീക്കം സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കാൻ ലക്ഷ്യമിട്ട് ? പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞ രഹസ്യചര്‍ച്ച !

കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കര്‍ ഇപി ജയരാജനുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച്‌ പ്രതികരിക്കാന്‍ തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇപി ജയരാജന്‍ തിരഞ്ഞെടുത്തത് ബോധപൂര്‍വ്വമാണെന്ന സംശയം ബലപ്പെടുന്നു.

കൂടിക്കാഴ്ച സംബന്ധിച്ച സ്ഥിരീകരണം തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയാല്‍, അത് രാഷ്ട്രീയമായി ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാവുമെന്ന് കൃത്യമായി അറിയുന്ന നേതാവാണ് ഇപി ജയരാജന്‍. ഇടതുപക്ഷ മുന്നണിയുടെ സംസ്ഥാന കണ്‍വീനര്‍ കൂടിയായ ഈ ഉന്നത സി.പി.എം നേതാവ് പാര്‍ട്ടിയെ വെട്ടിലാക്കാന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയെങ്കില്‍, അതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സംശയിക്കുന്നത്. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികള്‍ മികച്ചവരെന്ന് ഇപി മുന്‍പ് പറഞ്ഞതു കൂടി കൂട്ടിവായിക്കുമ്ബോള്‍, ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതുമല്ല.

മുന്‍ കേന്ദ്ര മന്ത്രി കൂടിയായ പ്രകാശ് ജാവദേക്കര്‍, മുന്‍കൂട്ടി അറിയിക്കാതെ ദല്ലാള്‍ നന്ദകുമാറുമൊത്ത് ഇപിയെ കാണാന്‍ മകന്റെ ഫ്‌ലാറ്റില്‍ എത്തുമെന്ന് സി.പി.എം നേതൃത്വവും വിശ്വസിക്കുന്നില്ല. ജയരാജന്‍ പറയുന്നത് ശരിയായിരുന്നു എങ്കില്‍, അദ്ദേഹം ആ വിവരം പാര്‍ട്ടിയെ അറിയിക്കണമായിരുന്നു എന്നാണ് മുതിര്‍ന്ന സി.പി.എം നേതാക്കള്‍ പറയുന്നത്. ഇക്കാര്യം പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കാന്‍ തന്നെയാണ് നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ബ്രാഞ്ച് തലം മുതല്‍ കേന്ദ്ര കമ്മറ്റി യോഗത്തില്‍ വരെ ഇപിക്കെതിരെ കടുത്ത വിമര്‍ശനം ഉയരുമെന്ന കാര്യവും ഉറപ്പായിട്ടുണ്ട്. ഈ ലോകസഭ തിരഞ്ഞെടുപ്പിലെ ഇപി ജയരാജന്റെ പ്രവര്‍ത്തനങ്ങളും അവിടെ പരിശോധനയ്ക്ക് വിധേയമാകും. ഇപി കേന്ദ്ര കമ്മറ്റി അംഗമായതിനാല്‍ സി.പി.എം കേന്ദ്രകമ്മറ്റി തന്നെയാണ് നടപടിയുടെ കാര്യത്തിലും അന്തിമ തീരുമാനമെടുക്കുക.

കേരളത്തിലെ ഇടതുപക്ഷ മുന്നണിയുടെ കണ്‍വീനര്‍ തന്നെ ബി.ജെ.പി നേതാവുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പശ്ചിമ ബംഗാളിലും തൃണമൂല്‍ കോണ്‍ഗ്രസ്സ് ആയുധമാക്കുന്ന സാഹചര്യത്തില്‍ ബംഗാളില്‍ നിന്നുള്ള സി.പി.എം കേന്ദ്ര കമ്മറ്റി അംഗങ്ങളും ഇപിക്ക് എതിരായ നിലപാടാണ് സ്വീകരിക്കുക എന്ന കാര്യവും ഉറപ്പാണ്.

അതേസമയം ഇപി ജയരാജനെ അധികം താമസിയാതെ തന്നെ ബി.ജെ.പിയില്‍ എത്തിക്കുമെന്ന ഉറപ്പ് പ്രകാശ് ജാവദേക്കറും ശോഭാ സുരേന്ദ്രനും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചതായാണ് സൂചന. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ പോലും അറിയിക്കാതെയാണ് സകല നീക്കങ്ങളും ശോഭയും ജാവദേക്കറും നടത്തിയതെന്നാണ്, ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ജാള്യത മറയ്ക്കാനാണ്, തന്റെ അറിവോടെയാണ് ഇത്തരമൊരു നീക്കം നടന്നതെന്ന് സുരേന്ദ്രന്‍ പറയുന്നതെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ബിജെപിയുടെ മുതിര്‍ന്ന നേതാവുമായി ഇപി ജയരാജന്‍ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയെന്നത് നിസാരമായി തള്ളാനാവില്ലെന്ന വികാരമാണ്, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്കുള്ളത്. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേരുന്നത് പാര്‍ട്ടി ആയുധമാക്കുമ്ബോള്‍, അതിന്റെ മുനയൊടിക്കുന്ന നീക്കം ഇപി നടത്തിയത് ഒരു കാരണവശാലും അംഗീകരിക്കില്ലന്ന നിലപാടില്‍ സി.പി.എം നേതാക്കളും ഉറച്ചു നില്‍ക്കുകയാണ്.

മലബാറില്‍ ഉള്‍പ്പെടെ, വിവാദ കൂടിക്കാഴ്ച യു.ഡി.എഫ് ശരിക്കും മുതലടക്കാന്‍ ശ്രമിച്ചു എന്ന വിലയിരുത്തലും ഇതുപക്ഷ നേതാക്കള്‍ക്കുണ്ട്. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റാല്‍, അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വവും ഇപി ജയരാജന് മാത്രമായിരിക്കും. തിരഞ്ഞെടുപ്പ് ഫല് പ്രഖ്യാപനത്തിനു മുന്‍പ് തന്നെ, ഇപി ജയരാജനെ ഇടതുപക്ഷ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നത്, ഇപ്പോള്‍ ഇടതുപക്ഷത്തെ പ്രധാന വികാരമാണ്. ഇക്കാര്യം ആവശ്യപ്പെടാന്‍ സി.പി.ഐയും തീരുമാനിച്ചിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ കാണുന്നത് സാധാരണമാണെങ്കിലും, ബിജെപി നേതാവ് സിപിഎം കേന്ദ്രകമ്മറ്റി അംഗത്തെ വീട്ടില്‍ വന്ന് കാണുന്നത് അസാധാരണമാണ്. അങ്ങനെയൊരു കൂടിക്കാഴ്ച നടന്ന ശേഷവും ജയരാജന്‍ പാര്‍ട്ടിയെ അറിയിക്കാത്തത് കൊണ്ടു തന്നെ, ജയരാജന്‍ സംശയത്തിന്റെ നിഴലിലാണ് ഇപ്പോഴുള്ളത്. ജാവദേക്കറുമായുള്ള കൂടിക്കാഴ്ച മൂടിവച്ചത് കടുത്ത പാര്‍ട്ടിവിരുദ്ധമായ നടപടി ആയതിനാല്‍ നടപടിക്ക് അതു തന്നെ ധാരാളമാണ്. തിരഞ്ഞെടുപ്പ് ദിവസം തന്നെ കൂടിക്കാഴ്ച സംബന്ധമായ വെളിപ്പെടുത്തല്‍ നടത്തി പാര്‍ട്ടിയെയും മുന്നണിയെയും തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന്, സി.പി.എമ്മില്‍ നിന്നും പുറത്താക്കപ്പെടാനുള്ള കുറ്റമാണ് ഇപി ചെയ്തിരിക്കുന്നത്.

ഇപിയുടെ പ്രതികരണത്തിലെ അപകടം തിരിച്ചറിഞ്ഞാണ് കേന്ദ്രകമ്മിറ്റി അംഗമായ ജയരാജനെതിരെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ തന്നെ പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നത്. പിണറായി പറഞ്ഞതിന് പരസ്യ ശാസനയുടെ സ്വഭാവമാണ് ഉള്ളത്. ഇതാകട്ടെ ഒരു സാമ്ബിള്‍ മാത്രമാണ്. യഥാര്‍ത്ഥ നടപടിയാണ് ഇനി വരാനിരിക്കുന്നത്. കൂടുതല്‍ കര്‍ശനമായ നടപടി ആലോചിക്കേണ്ടി വരുമെന്ന സൂചനയാണ് നേതാക്കള്‍ എല്ലാവരും നല്‍കുന്നത്. മുമ്ബ് ബന്ധുനിയമന വിവാദം ഉയര്‍ന്നപ്പോള്‍ കേന്ദ്ര നേതാക്കള്‍ ഇടപെട്ടാണ് ഇപി ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിയിരുന്നത്. പുതിയ വിവാദത്തില്‍ കേരള നേതാക്കള്‍ തന്നെ നടപടി വേണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിര്‍ണ്ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ ചതിച്ചതിനാല്‍ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷക്കേണ്ട എന്ന നിലപാടിലാണ് ഉന്നത നേതാക്കള്‍ ഉള്ളത്.

ഇ.പി ജയരാജനെ എന്തായാലും ഇടതുപക്ഷ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റുമെന്ന കാര്യം ഇതിനകം തന്നെ ഉറപ്പായിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമോ തരംതാഴ്ത്തുമോ എന്നതു മാത്രമാണ് ഇനി അറിയാനുള്ളത്. ഏത് നടപടിയായാലും അദ്ദേഹത്തിന് സി.പി.എമ്മില്‍ തുടരാന്‍ പറ്റാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഇപിയെ കണ്ടാല്‍ മുഖം തിരിക്കുന്ന അവസ്ഥയിലേക്ക് സി.പി.എം അണികളും മാറിക്കഴിഞ്ഞു. ഇന്നത്തെ കോണ്‍ഗ്രസ്സ് നാളത്തെ ബി.ജെ.പി എന്നു പറഞ്ഞ് പ്രചരണം നടത്തുന്ന പാർട്ടിയുടെ പ്രതിച്ഛായക്കാണ് ഇ.പി കളങ്കം വരുത്തിയതെന്ന നിലപാടിലാണ് പ്രവർത്തകർ ഉള്ളത്.പാര്‍ട്ടി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഇപിക്ക് എതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇ.പി പോയാല്‍ ഒപ്പം അദ്ദേഹത്തിന്റെ കുടുംബം അല്ലാതെ മറ്റൊരാളും പോകില്ലന്ന പരിഹാസവും വ്യാപകമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular