Friday, May 3, 2024
HomeKeralaയുവതിയോട് അപമര്യാദ: അഡ്വ. ബി.എ. ആളൂരിനെ നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി

യുവതിയോട് അപമര്യാദ: അഡ്വ. ബി.എ. ആളൂരിനെ നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി

കൊച്ചി: കേസിന്‍റെ കാര്യം സംസാരിക്കാൻ വന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ പ്രതിചേർക്കപ്പെട്ട അഭിഭാഷകൻ ബി.എ ആളൂരിനെ മുൻകൂർ നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി.

ആളൂരിന്‍റെ എറണാകുളത്തെ ഓഫിസിലെത്തിയപ്പോള്‍ കടന്നുപിടിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച്‌ യുവതി നല്‍കിയ പരാതിയില്‍ എറണാകുളം സെൻട്രല്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് പി.ജി. അജിത്കുമാറിന്‍റെ ഉത്തരവ്.

തനിക്കെതിരായ പരാതി വ്യാജമാണെന്നതടക്കം ചൂണ്ടിക്കാട്ടി ആളൂർ നല്‍കിയ മുൻകൂർ ജാമ്യ ഹരജിയാണ് കോടതി പരിഗണിച്ചത്.

കോടതി നടപടികള്‍ക്ക് ഹാജരാകുന്നതില്‍ മുടക്കം വരുത്തിയ കക്ഷിയോട് വക്കാലത്തൊഴിയുമെന്ന് അറിയിച്ചതാണ് പ്രകോപനമെന്നാണ് ഹരജിയില്‍ പറയുന്നത്. ആഴ്ചയില്‍ രണ്ട് ഡയാലിസിസ് നടത്തുന്ന രോഗിയാണെന്നും ആളൂർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച ഹരജി പരിഗണിക്കവേ ജാമ്യം കിട്ടുന്ന വകുപ്പുപ്രകാരമാണ് കേസെടുത്തതെന്ന് സർക്കാർ അറിയിച്ചു.

എന്നാല്‍, മറ്റ് വകുപ്പുകള്‍ കൂട്ടിച്ചേർത്ത് തനിക്ക് ജാമ്യം നിഷേധിക്കാനുള്ള സാധ്യതയുണ്ടെന്ന് ഹരജിക്കാരൻ ആശങ്ക പ്രകടിപ്പിച്ചു. തുടർന്നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജിയില്‍ സർക്കാറിന്‍റെ വിശദീകരണം തേടിയ കോടതി ഫെബ്രുവരി അഞ്ചിന് വീണ്ടും പരിഗണിക്കാനായി മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular