Friday, May 3, 2024
HomeKeralaഅഴിയൂരില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകം

അഴിയൂരില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകം

ടകര: അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി തണ്ണീർത്തടങ്ങള്‍ വ്യാപകമായി നികത്തുന്നതായി പരാതി.

ദേശീയപാത നിർമാണത്തിന്റെ മറവില്‍ പൊളിച്ചുമാറ്റുന്ന കെട്ടിടാവശിഷ്ടങ്ങള്‍ തള്ളിയാണ് തണ്ണീർത്തടങ്ങള്‍ നികത്തുന്നത്.

ചെറിയ തട്ടുകളായിത്തിരിച്ച്‌ തോട്ടമാക്കി തണ്ണീർത്തടങ്ങളെ മാറ്റുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഒറ്റത്തെങ്ങ് കുറിച്ചിക്കര ഭാഗത്ത് തണ്ണീർത്തടങ്ങള്‍ നികത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞിരുന്നു. വാഗഡ് കമ്ബനിയുടെ ടിപ്പർ ലോറികള്‍ സ്ഥലത്തുനിന്നും നീക്കാൻ പ്രവർത്തകർ അനുവദിച്ചില്ല. വാഹനത്തിനു മുകളില്‍ പ്രതിഷേധ ബാനറുകള്‍ കെട്ടുകയുണ്ടായി. രണ്ട് ടിപ്പർ ലോറികളാണ് തണ്ണീർത്തടം നികത്തുന്നതിനിടെ തടഞ്ഞുവെച്ചത്.

ഇതുസംബന്ധിച്ച്‌ റവന്യൂ അധികൃതർക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രളയത്തില്‍ ഏറെ ദുരിതങ്ങള്‍ വിതച്ച പ്രദേശങ്ങളില്‍ ദേശീയപാത നിർമാണക്കമ്ബനികളുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നവരാണ് കെട്ടിടാവശിഷ്ടങ്ങള്‍ തള്ളാൻ ഒത്താശ ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. കരാർ കമ്ബനിക്ക് സാധനങ്ങള്‍ എത്തിച്ചുനല്‍കാനും മറ്റുമായി ഓരോ സ്ഥലത്തും പ്രത്യേക ഏജന്റുമാർ പ്രവർത്തിക്കുകയും ഇവർ അവിഹിത മാർഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നതായി പരാതിയുണ്ട്. വടകരയില്‍ ദേശീയപാതക്ക് ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ് മിശ്രിതം സ്വകാര്യ കെട്ടിട നിർമാണത്തിന് മറിച്ചുനല്‍കിയത് നാട്ടുകാർ പിടികൂടിയിരുന്നു. ഇതിനൊക്കെ ഇടനിലക്കാരായി പ്രവർത്തിക്കുന്നത് പ്രാദേശിക ഏജന്റുമാരാണ്.

അഴിയൂരില്‍ മയ്യഴിപ്പുഴയോടു ചേർന്നുകിടക്കുന്ന ഒറ്റത്തെങ്ങ്, കുറിച്ചിക്കര, കല്ലാമല ഭാഗങ്ങള്‍ തണ്ണീർത്തടങ്ങളാല്‍ ചുറ്റപ്പെട്ട സ്ഥലങ്ങളാണ്. മേഖലയില്‍ പലയിടത്തും ഭൂമി തരംമാറ്റത്തിന്റെ മറവില്‍ നികത്തുന്നതായി വ്യാപകമായ പരാതിയുണ്ട്. റവന്യൂ അധികൃതരുടെ ഒത്താശയോടെയാണ് നികത്തല്‍ നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. അവധി ദിവസങ്ങളില്‍ ടിപ്പറുകള്‍ മേഖലയില്‍ തലങ്ങും വിലങ്ങും ഓടുന്നത് പതിവാണ്. നികത്തലിനെതിരെ പരാതി ഉയർന്നാല്‍ അവധി ദിവസമാണെന്ന് ചൂണ്ടിക്കാട്ടി റവന്യൂ അധികൃതർ കൈമലർത്തുകയും ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular