Saturday, May 4, 2024
HomeKeralaവൃത്തിയും വെടിപ്പുമില്ലാതെ വയനാട് മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്ക്

വൃത്തിയും വെടിപ്പുമില്ലാതെ വയനാട് മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്ക്

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കില്‍ കിടത്തിച്ചികിത്സ ആരംഭിച്ച വാര്‍ഡുകള്‍ വൃത്തിഹീനമായിക്കിടക്കുന്നത് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപം.

കഴിഞ്ഞ ഏപ്രില്‍ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ബ്ലോക്കില്‍ കഴിഞ്ഞ ഞായറാഴ്ച മുതലാണ് രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങിയത്.

എന്നാല്‍, പുതിയ കെട്ടിടത്തിലെ മിക്ക നിർമാണ പ്രവൃത്തികളും പരിതാപകരമാണ്. പ്ലംബിങ് അടക്കം പൂര്‍ത്തിയാകാത്തതിനാല്‍ ശുചിമുറികളില്‍ പലതിലും വെള്ളം ലഭിക്കുന്നില്ല. ക്ലോസറ്റ് സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാതെയുമാണുള്ളത്. ടൈലുകളിട്ടതിലും വയറിങ് ബോര്‍ഡുകളിലുമടക്കം തട്ടിക്കൂട്ട് സംവിധാനമാണുള്ളത്.

അധികൃതര്‍ക്ക് കൈമാറും മുമ്ബ് കരാറുകാരന്‍ വൃത്തിയാക്കി നല്‍കേണ്ടിയിരുന്ന പലയിടങ്ങളും പൊടിയും അഴുക്കും നിറഞ്ഞ് വൃത്തിഹീനമാണ്. അഴുക്കും പെയിന്റും നിറഞ്ഞ തറകള്‍ രോഗാണുവാഹകരാവുകയാണ്. പുതിയ കിടക്കകളടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ എം.എല്‍.എ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും നിലവില്‍ പഴയതു തന്നെയാണ് ഉപയോഗിക്കുന്നത്. ഇതില്‍ പലതും പഴക്കമേറിയതാണ്. രണ്ടു വാര്‍ഡുകളാണ് ഇവിടെ തുറന്നത്. അറുപതോളം രോഗികളും കൂട്ടിരിപ്പുകാരുമാണ് നിലവിലുള്ളത്. കാത്തിരുന്നു കാത്തിരുന്ന് വാര്‍ഡ് തുറന്നപ്പോള്‍ മുതല്‍ പരാതിപ്രളയമാണ്.

വൃത്തിയുള്ള ഇടങ്ങള്‍ കണ്ടാല്‍ സ്വാഭാവികമായും ഉപയോഗിക്കുന്നവരും അത് ശ്രദ്ധിച്ചാണ് കൈകാര്യം ചെയ്യുക. ഇപ്പോള്‍ തന്നെ പലയിടത്തും തുപ്പിയും പേപ്പര്‍ കഷണങ്ങളടക്കമുള്ളവ നിക്ഷേപിച്ചും വൃത്തികേടാക്കിയിട്ടുണ്ട്. ശുചീകരണ തൊഴിലാളികളുടെ എണ്ണം കുറവാണ്. ഉള്ളവരാകട്ടെ, ഇത്തരത്തില്‍ അലങ്കോലപ്പെട്ടുകിടക്കുന്ന സ്ഥലത്ത് കാര്യമായ ശ്രദ്ധ ചെലുത്താതിരിക്കുന്നതും പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. നേരത്തേ കരാറുകാരനെ ഇക്കാര്യം ധരിപ്പിച്ചതായാണ് സൂചന. ശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനും മറ്റുമായി ഭരണാനുമതിക്ക് താമസം നേരിടുന്നതായും പറയുന്നുണ്ട്.

മള്‍ട്ടി പര്‍പസ് ബില്‍ഡിങ്ങിലെ മൂന്ന്, നാല് ബ്ലോക്കുകളിലാണ് ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങിയത്.

ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ശ്വാസകോശം, മാനസികം, ത്വക്ക്, സിക്കിള്‍ സെല്‍, ടി.ബി രോഗികള്‍ എന്നിവയില്‍ കിടത്തിച്ചികിത്സയിലുള്ളവരെയാണ് ആദ്യഘട്ടത്തില്‍ പുതിയ ബ്ലോക്കിലേക്ക് മാറ്റിയത്. മൂന്നാം ബ്ലോക്കില്‍ പുരുഷന്‍മാരും നാലാം ബ്ലോക്കില്‍ സ്ത്രീകളുമാണ്. ഇതോടൊപ്പം തന്നെ ഈ നിലകളിലേക്ക് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നാല് ലിഫ്റ്റും പ്രവര്‍ത്തിപ്പിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി കൂടുതല്‍ വിഭാഗത്തില്‍പെട്ട രോഗികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular