Saturday, May 18, 2024
HomeUncategorizedറാഫയിലെ ജനങ്ങളെ ഒഴിപ്പിക്കും, ഗാസയില്‍ മരണം 28,000 കടന്നു

റാഫയിലെ ജനങ്ങളെ ഒഴിപ്പിക്കും, ഗാസയില്‍ മരണം 28,000 കടന്നു

ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28,000 കടന്നു. 67,600ലേറെ പേർക്ക് പരിക്കേറ്റു.

ഇതിനിടെ തെക്കൻ ഗാസയിലെ റാഫ നഗരത്തില്‍ ഏത് നിമിഷവും ഇസ്രയേലിന്റെ കരയാക്രമണം ഉണ്ടായേക്കുമെന്നാണ് ഭീതി. റാഫയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ സൈന്യത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശം നല്‍കി.

റാഫയിലെ ജനങ്ങള്‍ക്ക് സുരക്ഷിത പാതയൊരുക്കുമെന്ന് നെതന്യാഹു ഉറപ്പുനല്‍കി. എന്നാല്‍, ഈജിപ്ഷ്യൻ അതിർത്തിയിലെ റാഫയില്‍ തിങ്ങിപ്പാർക്കുന്ന 14 ലക്ഷത്തോളം ജനങ്ങളെ എവിടേക്ക് മാറ്റുമെന്നതില്‍ വ്യക്തതയില്ല. റാഫയെ ആക്രമിക്കുന്നത് കടുത്ത മാനുഷിക ദുരന്തത്തിലേക്ക് വഴിവയ്ക്കുമെന്ന് സൗദി അറേബ്യ, ഖത്തർ, യു.എസ്, യൂറോപ്യൻ യൂണിയൻ, യു.എൻ തുടങ്ങിയവർ ആശങ്ക രേഖപ്പെടുത്തി.

റാഫയിലേക്ക് ഇസ്രയേല്‍ കടന്നുകയറിയാല്‍ ബന്ദി മോചന ചർച്ചകള്‍ അവസാനിപ്പിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. ഹമാസ് ബന്ദികളാക്കിയ 105ഓളം ഇസ്രയേല്‍ പൗരന്മാരാണ് നിലവില്‍ ഗാസയില്‍ ജീവനോടെയുള്ളത്.

അതേസമയം, പാലസ്തീനിയൻ അഭയാർത്ഥികള്‍ക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു.എ- യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി) ഗാസ സിറ്റിയിലുള്ള ആസ്ഥാന കെട്ടിടത്തിന് താഴെ ഹമാസ് ഭീകരരുടെ ടണല്‍ കണ്ടെത്തിയെന്ന് ഇസ്രയേല്‍ അറിയിച്ചു. എന്നാല്‍, ഒക്ടോബർ 12 മുതല്‍ ഇവിടം തങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഏജൻസി സ്വതന്ത്ര അന്വേഷണത്തിന് ആഹ്വാനം ചെയ്തു.

ഏജൻസിയിലെ ഏതാനും ജീവനക്കാർക്ക് ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതോടെ യു.എസ് അടക്കം പാശ്ചാത്യ രാജ്യങ്ങള്‍ ഏജൻസിക്കുള്ള ധനസഹായം താത്കാലികമായി നിറുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular