Sunday, May 19, 2024
HomeKeralaകലാവിഷ്കാരങ്ങളോട് അസഹിഷ്ണുത പരിഷ്കൃതസമൂഹത്തിന് ചേര്‍ന്നതല്ല -ഹൈകോടതി

കലാവിഷ്കാരങ്ങളോട് അസഹിഷ്ണുത പരിഷ്കൃതസമൂഹത്തിന് ചേര്‍ന്നതല്ല -ഹൈകോടതി

കൊച്ചി: വിവിധ തരത്തിലുള്ള അനാദരവുകളുടെ പേരുപറഞ്ഞ് കലാ-സാംസ്കാരികാവിഷ്കാരങ്ങള്‍ക്കു നേരെ ഉയർത്തുന്ന അസഹിഷ്ണുതാപരമായ സമീപനം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ഹൈകോടതി.

സിനിമയില്‍ മതപരമോ വംശീയമോ ആയ അനാദരവ് പ്രകടമാകുന്ന ദൃശ്യങ്ങളുണ്ടെങ്കില്‍ തീരുമാനമെടുക്കേണ്ടത് സെൻസർ ബോർഡാണ്. കാല്‍പനികതയുടെയും യഥാർഥ അനുഭവങ്ങളുടെയും ആവിഷ്കാരമാണ് സിനിമ. സമൂഹത്തിന്റെയോ വ്യക്തിയുടെയോ സ്വാതന്ത്ര്യം ഹനിക്കാത്തിടത്തോളം സൃഷ്ടിപരമായ ആ സ്വാതന്ത്ര്യം അംഗീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

‘ആന്റണി’ എന്ന സിനിമയില്‍ ബൈബിളിനുള്ളില്‍ തോക്ക് ഒളിപ്പിച്ച ദൃശ്യം നീക്കംചെയ്യാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലെ തുടർ നടപടികള്‍ അവസാനിപ്പിച്ച്‌ പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം.

ബൈബിളില്‍ തോക്ക് ഒളിപ്പിച്ച ദൃശ്യം കൃസ്തീയ വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും സെൻസർ ബോർഡ് ഇതിന് അനുമതി നല്‍കരുതെന്നുമാവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാല്‍, വളരെ വേഗത്തിലുള്ള ദൃശ്യം തങ്ങളുടെ ശ്രദ്ധയില്‍പോലുംപെട്ടിരുന്നില്ലെന്ന് സെൻസർ ബോർഡിന്റെ വിശദീകരണത്തില്‍ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി.

ദൃശ്യങ്ങള്‍ ഏതെങ്കിലും വിശ്വാസത്തെ നിന്ദിക്കുന്നതാണെന്ന് ഇതില്‍ പറയുന്നില്ല. ബൈബിള്‍പോലെ തോന്നിപ്പിക്കുന്ന പുസ്തകത്തില്‍ തോക്ക് ഒളിപ്പിച്ച ദൃശ്യങ്ങള്‍ ക്രിസ്തുമത വിശ്വാസികളെ അധിക്ഷേപിക്കുന്നുവെന്ന വാദം ശരിയാണെന്ന് കരുതാനാവില്ലെന്നും കോടതി വ്യക്തമാക്കി. പുസ്തകം ബൈബിളാണെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം ദൃശ്യത്തില്‍ മാറ്റം വരുത്തിയെന്ന് കേന്ദ്ര സർക്കാറടക്കം കോടതിയെ അറിയിച്ചു. ഇക്കാര്യം പരിഗണിച്ചാണ് ഹരജിയിലെ തുടർനടപടികള്‍ അവസാനിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular