Friday, May 3, 2024
HomeIndiaരാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന്: യുപിയിലും കര്‍ണാടകയിലും ഹിമാചലിലും സസ്‌പെൻസ്

രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന്: യുപിയിലും കര്‍ണാടകയിലും ഹിമാചലിലും സസ്‌പെൻസ്

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് പാർട്ടികള്‍ക്ക് നിർണായകം.

ഉത്തർപ്രദേശ്, കർണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എംഎല്‍എമാർ മറുകണ്ടം ചാടുമെന്ന ഭീഷണിയാണ് പാർട്ടികള്‍ നേരിടുന്നത്. വിവിധ സംസ്ഥാനങ്ങളിലായി ഒഴിവ് വന്ന 56 രാജ്യസഭാ സീറ്റുകളില്‍ 41 സീറ്റുകളിലും സോണിയ ഗാന്ധിയുള്‍പ്പടെയുള്ള നേതാക്കള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മൂന്ന് സംസ്ഥാനങ്ങളിലും സ്വന്തം എംഎല്‍എമാരുടെ എണ്ണം പരിഗണിക്കാതെ അധികമായി ഓരോ സ്ഥാനാർഥികളെ ബിജെപി നിർത്തിയത് കോണ്‍ഗ്രസിനേയും എസ്പിയേയും വെട്ടിലാക്കിയിരിക്കുകയാണ്.

ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശില്‍ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിളിച്ച യോഗത്തില്‍ എട്ട് പാർട്ടി എംഎല്‍എമാർ പങ്കെടുത്തില്ല. ഇതിനിടെ എസ്പി ചീഫ് വിപ്പ് മനോജ് പാണ്ഡെ സ്ഥാനം രാജിവെക്കുകയും ചെയ്തിട്ടുണ്ട്. കർണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കഴിഞ്ഞ ദിവസം തന്നെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

  • ഉത്തർപ്രദേശ്

ഉത്തർപ്രദേശില്‍ പത്ത് രാജ്യസഭാ സീറ്റുകളാണ് ഒഴിവുള്ളത്. നിലവിലെ എംഎല്‍എമാരുടെ അംഗ സഖ്യ അനുസരിച്ച്‌ ബിജെപിക്ക് ഏഴും സമാജ് വാദി പാർട്ടിക്ക് മൂന്നും സ്ഥാനാർഥികളെ ജയിപ്പിക്കാനാകും. എന്നാല്‍ ബിജെപി എട്ടാമത്തെ സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചതോടൊണ് സംസ്ഥാനത്ത് മത്സരത്തിനും മറുകണ്ടം ചാടലിനും വേദിയൊരുങ്ങിയത്. 37 എംഎല്‍എമാരുടെ പിന്തുണയാണ് ഒരു സ്ഥാനാർഥിക്ക് വേണ്ടത്. സമാജ് വാദി പാർട്ടിയുടെ പത്തോളം എംഎല്‍എമാർ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. തിരഞ്ഞെടുപ്പിന് മുന്നോടിയായി അഖിലേഷ് യാദവ് വിളിച്ച്‌ ചേർത്ത എംഎല്‍എമാരുടെ യോഗത്തില്‍ എട്ട് പേർ പങ്കെടുക്കുകയും ചെയ്തിരുന്നില്ല. കൂടാതെ എസ്പി സഖ്യംവിട്ട് എൻഡിഎയിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്ന അജിത് സിങ്ങിന്റെ ആർഎല്‍ഡി എംഎല്‍എമാരും ബിജെപി സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്തേക്കും.

ചലച്ചിത്രതാരവും സിറ്റിങ് എം.പി.യുമായ ജയ ബച്ചൻ, മുൻ ചീഫ് സെക്രട്ടറി അലോക് രഞ്ജൻ, മുൻ എം.പി.യും ദളിത് നേതാവുമായ രാംജിലാല്‍ സുമൻ എന്നിവരാണ് എസ്.പി. സ്ഥാനാർഥികള്‍. ജയ ബച്ചനെയും അലോക് രഞ്ജനെയും മത്സരിപ്പിച്ചതില്‍ പാർട്ടിക്കകത്ത് എതിർപ്പുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് എട്ടാം സ്ഥാനാർഥിയായി സഞ്ജയ് സേതിനെ ബി.ജെ.പി കളത്തിലിറക്കിയത്.

  • കർണാടക

രാജ്യസഭാ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കേ കൂറുമാറ്റ ഭീതിയെത്തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെ കർണാടകത്തിലെ മുഴുവൻ കോണ്‍ഗ്രസ് എം.എല്‍.എ.മാരെയും നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റി. വോട്ട് നഷ്ടമാകാതിരിക്കാനുള്ള മുൻകരുതലായി എം.എല്‍.എ.മാർക്ക് മോക് വോട്ടെടുപ്പും ഒരുക്കി.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് മുൻകരുതലുകള്‍. ചൊവ്വാഴ്ച രാവിലെ എം.എല്‍.എ.മാർ ഹോട്ടലില്‍നിന്ന് നേരേ വിധാൻസൗധയിലേക്ക് വോട്ടുചെയ്യാൻ പോകുമെന്ന് ശിവകുമാർ അറിയിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ ഭാഗത്തുനിന്ന് കൂറുമാറി വോട്ടുചെയ്യില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നാല് രാജ്യസഭാസീറ്റുകളിലേക്ക് അഞ്ച് സ്ഥാനാർഥികള്‍ വന്നതോടെയാണ് മത്സരം വാശിനിറഞ്ഞതായത്. കോണ്‍ഗ്രസ് അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി.സി. ചന്ദ്രശേഖർ എന്നീ മൂന്ന് സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്..

ഇവരെ വിജയിപ്പിക്കാൻ 135 എം.എല്‍.എ.മാരുടെ വോട്ട് വേണം. കോണ്‍ഗ്രസ് എം.എല്‍.എ.യായ രാജാ വെങ്കടപ്പ നായികിന്റെ നിര്യാണത്തോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 134 ആയി ചുരുങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച്‌ ജയിച്ച ദർശൻ പുട്ടണയ്യയുടേതും കർണാടക രാജ്യ പ്രകൃതിപക്ഷയുടെ എം.എല്‍.എ. ജനാർദനറെഡ്ഡിയുടെയും പിന്തുണ കോണ്‍ഗ്രസിന് കിട്ടുമെന്നാണ് കരുതുന്നത്. ജനാർദനറെഡ്ഡിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

ബി.ജെ.പി.-എൻ.ഡി.എ. സഖ്യത്തിന്റെ ആദ്യ സ്ഥാനാർഥി നാരായണ്‍ കൃഷ്ണാസാ ഭാണ്ഡഗെയാണ്. രണ്ടാംസ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള അംഗസംഖ്യ സഖ്യത്തിന് നിയമസഭയിലില്ല. ആദ്യ സ്ഥാനാർഥിയെ വിജയിപ്പിച്ചശേഷം 40 വോട്ടാണ് ബാക്കിയുണ്ടാവുക.

അഞ്ച് വോട്ടിന്റെ കുറവുവരും. എന്നിട്ടും രണ്ടാംസ്ഥാനാർഥിയായി ജെ.ഡി.എസിന്റെ കുപേന്ദ്ര റെഡ്ഡിയെ രംഗത്തിറക്കി പരീക്ഷണത്തിന് മുതിർന്നതാണ്. ഇതാണ് കോണ്‍ഗ്രസിന് ആശങ്കയുണ്ടാക്കുന്നത്.

  • ഹിമാചല്‍ പ്രദേശ്

ഒരുസീറ്റ് മാത്രം ഒഴിവുള്ള ഹിമാചലില്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. 68 അംഗ സംസ്ഥാന നിയമസഭയില്‍ നിന്ന് രാജ്യസഭാ സ്ഥാനാർഥിക്ക് വിജയിക്കാൻ വേണ്ടത് 35 എംഎല്‍എമാരുടെ പിന്തുണയാണ്. കോണ്‍ഗ്രസിന് 40 എംഎല്‍എമാരുണ്ട്. മൂന്ന് സ്വതന്ത്രരും കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. ബിജെപിക്ക് 25 എംഎല്‍എമാരാണുള്ളത്.

കോണ്‍ഗ്രസ് അഭിഷേക് മനു സിങ്വിയെയാണ് സ്ഥാനാർഥിയാക്കിയിട്ടുള്ളത്. അഭിഷേക് സിങ്വിയുടെ സ്ഥാനാർഥിത്വത്തില്‍ കോണ്‍ഗ്രസിലുള്ള അഭിപ്രായ ഭിന്നത മുതലെടുക്കാൻ മുൻ കോണ്‍ഗ്രസ് നേതാവ് ഹർഷ് മഹാജനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് മത്സരത്തിന് കളമൊരുങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular