Friday, May 3, 2024
HomeIndiaപൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ 3 മണിക്ക് ; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചു

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ 3 മണിക്ക് ; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ പ്രഖ്യാപിക്കും.

നാളെ വൈകിട്ട് 3 മണിയോടെ കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ തെരഞ്ഞെടുപ്പ് തീയതിയും ഘട്ടവും വോട്ടെണ്ണലും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍.

ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നാണ് കരുതുന്നത്. നാളെ വാര്‍ത്താസമ്മേളനം സംബന്ധിച്ച അറിയിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മെയ് പകുതിയോടെ അവസാനിക്കുന്ന രീതിയിലായിരിക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നാണ് കരുതുന്നത്.

സുരക്ഷാ കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും എത്ര ഘട്ടം വേണമെന്ന് തീരുമാനിക്കുക. കഴിഞ്ഞ തവണ ഏപ്രില്‍ 23 നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ ഏഴു ഘട്ടങ്ങളിലായിട്ടായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. സ്‌കൂളുകളുടെ പരീക്ഷാകാലാവധിയും മദ്ധ്യവേനല്‍ അവധിയും വിഷു ആഘോഷങ്ങളുമൊക്കെ പരിഗണിച്ചായിരിക്കും കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.

രാവിലെ 9 മണിക്ക് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റിരുന്നു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഗ്യാനേഷ് കുമാര്‍, ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരെ പുതിയ കമ്മീഷണര്‍മാരായി തെരഞ്ഞെടുത്തത്. ഫെബ്രുവരിയില്‍ അനുപ് ചന്ദ്ര പാണ്ഡെ വിരമിച്ച ശേഷം പകരം തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചിരുന്നില്ല.

അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അരുണ്‍ ഗോയല്‍ കഴിഞ്ഞയാഴ്ച രാജിവെച്ച സാഹചര്യത്തില്‍ കമ്മീഷനില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രം ബാക്കിയായതോടെയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചത്. കോ-ഓപ്പറേഷന്‍ വകുപ്പ് സെക്രട്ടറി, പാര്‍ലമെന്ററി കാര്യ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാനേഷ് കുമാര്‍ 1988-ലെ കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്.

ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ഡോ. സുഖ്ബീര്‍ സിങ് സന്ധു നാഷനല്‍ ഹൈവേ അതോറിറ്റി ചെയര്‍മാന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ. സെക്രട്ടറി, മാനവവിഭവ വികസന വകുപ്പ് അഡീ. സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇതിനൊപ്പം ഒഡീഷ, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചേക്കാന്‍ സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular