Saturday, May 18, 2024
HomeIndia'കേരളത്തിൽ ഇത്തവണ താമരവിരിയും, ജനങ്ങൾ രണ്ടക്ക സീറ്റ് ബിജെപിക്ക് നൽകും'; പ്രധാനമന്ത്രി പത്തനംതിട്ടയിൽ

‘കേരളത്തിൽ ഇത്തവണ താമരവിരിയും, ജനങ്ങൾ രണ്ടക്ക സീറ്റ് ബിജെപിക്ക് നൽകും’; പ്രധാനമന്ത്രി പത്തനംതിട്ടയിൽ

പത്തനംതിട്ട: കേരളത്തിൽ ഇത്തവണ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തനംതിട്ടയിൽ ബിജെപിയുടെ പരിപാടിയിൽ സംസാരിക്കവെയാണ് മോദി ആത്‌മവിശ്വാസം പ്രകടിപ്പിച്ചത്. ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിലെ ജനങ്ങൾ രണ്ടക്ക സീറ്റുകൾ സമ്മാനിക്കുമെന്നും, കഴിഞ്ഞ തവണ രണ്ടക്കത്തിലേക്ക് വോട്ട് വിഹിതം ഉയർത്തിയത് ചൂണ്ടിക്കാട്ടി മോദി വ്യക്തമാക്കി.

കൂടാതെ പൂഞ്ഞാർ വിഷയം ഉൾപ്പെടെ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ഉയർത്തിക്കാട്ടി. വൈദികൻ ആക്രമിക്കപ്പെട്ടവെന്നും, ഇവിടെ ജനങ്ങൾക്ക് രക്ഷയില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്തെ നിയമ വ്യവസ്ഥ തകർന്നെന്നും മോദി പറഞ്ഞു. ശരണം വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം തുടങ്ങിയത്.

അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരുകേട്ട സർക്കാരുകളാണു കേരളത്തിൽ മാറിമാറി വരുന്നത്. ഇത് കേരളത്തിന് എന്തുമാത്രം നഷ്‌ടമാണ് വരുത്തിവയ്ക്കുന്നതെന്ന് ജനങ്ങൾക്ക് തന്നെയറിയാം എന്നും മോദി പറഞ്ഞു. കേരളത്തിലെ റബർ കർഷകർ എത്രമാത്രം ബുദ്ധിമുട്ടിലൂടെയാണു കടന്നുപോകുന്നത്. പക്ഷേ കേരളത്തിലെ എൽഡിഎഫും യുഡിഎഫും അതു കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണെന്നും മോദി ആരോപിച്ചു.

കേരളത്തിലെ ക്യാംപസുകളിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയും മോദി പരാമർശിച്ചു. കേരളത്തിലെ എത്രയോ കോളജ് ക്യാംപസുകൾ കമ്യൂണിസ്‌റ്റുകാരുടെ താവളമായി മാറി. ഇവിടെ സ്ത്രീകളും യുവജനങ്ങളും ഒക്കെ ഭയപ്പെട്ടാണ് കഴിയുന്നതെന്നും, ഈ ദുരവസ്ഥയിൽ‌നിന്ന് മോചനം ലഭിക്കണമെങ്കിൽ ഒരുവട്ടം എൽഡിഎഫ്, അടുത്തത് യുഡിഎഫ് എന്ന ചക്രം ഇല്ലാതാക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

എൽഡിഎഫും യുഡിഎഫും ഇവിടെ പോരടിക്കുമെങ്കിലും കേന്ദ്രത്തിൽ ഒരുമിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ പത്തനംതിട്ടയിലെ സ്ഥാനാർത്ഥി അനിൽ കെ ആന്റണിയെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. അനിൽ ആന്റണി യുവത്വത്തിന്റെ പ്രതീകം ആണെന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമർശം. യുവത്വത്തിന്റെ ഊർജം നൽകാനാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.

അതേസമയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാലാം തവണയാണ് പ്രധാനമന്ത്രി കേരളം സന്ദർശിക്കുന്നത്. എന്നാൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷം ആദ്യാമായിട്ടാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് പ്രചരണത്തിന് എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മോദി കന്യാകുമാരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് പത്തനംതിട്ടയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular