Wednesday, May 8, 2024
HomeIndiaസുഖ്‌ബിര്‍ സിങ്‌ സന്ധുവും ഗ്യാനേഷ്‌ കുമാറും തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍മാര്‍

സുഖ്‌ബിര്‍ സിങ്‌ സന്ധുവും ഗ്യാനേഷ്‌ കുമാറും തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍മാര്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്‌ഥരായ സുഖ്‌ബിര്‍ സിങ്‌ സന്ധുവും ഗ്യാനേഷ്‌ കുമാറും പുതിയ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍മാര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി അമിത്‌ ഷാ, ലോക്‌സഭയിലെ കോണ്‍ഗ്രസ്‌ നേതാവ്‌ അധീര്‍ രഞ്‌ജന്‍ ചൗധരി എന്നിവരടങ്ങിയ സമിതി മുന്നോട്ടുവച്ച പേരുകള്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അംഗീകരിച്ചു. അതേ സമയം, കമ്മിഷണര്‍മാരെ കണ്ടെത്താനുള്ള നടപടിക്രമങ്ങളില്‍ ചൗധരിയും പ്രതിപക്ഷവും വിയോജിപ്പ്‌ രേഖപ്പെടുത്തി.
ഉത്തരാഖണ്ഡ്‌ കേഡറിലുള്ള വിരമിച്ച ഐ.എ.എസ്‌. ഉദ്യോഗസ്‌ഥനാണു സന്ധു. ഉത്തരാഖണ്ഡ്‌ ചീഫ്‌ സെക്രട്ടറി, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്‌. കേരള കേഡര്‍ ഉദ്യോഗസ്‌ഥനാണു ഗ്യാനേഷ്‌ കുമാര്‍. പാര്‍ലമെന്ററി കാര്യ മന്ത്രാലയത്തിലും അമിത്‌ ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര സഹകരണ മന്ത്രാലയത്തിലും സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
നിലവില്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ രാജീവ്‌ കുമാര്‍ മാത്രമാണു മൂന്നംഗ കമ്മിഷനിലുള്ളത്‌. തെരഞ്ഞെടുപ്പു കമ്മിഷണര്‍ അരുണ്‍ ഗോയല്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. മറ്റൊരു കമ്മിഷണര്‍ അനൂപ്‌ ചന്ദ്ര പാണ്ഡെ കഴിഞ്ഞമാസം വിരമിച്ചിരുന്നു.
കമ്മിഷണര്‍മാരെ കണ്ടെത്താനുള്ള സമിതിയില്‍നിന്നു സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസിനെ നീക്കി പകരം കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തിയ നടപടിയെ ചൗധരി രൂക്ഷമായി വിമര്‍ശിച്ചു. കമ്മിഷണര്‍ സ്‌ഥാനത്തേക്കു പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക തനിക്കു നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ” 212 പേരടങ്ങിയ പട്ടികയാണ്‌ എനിക്കു നല്‍കിയത്‌. ഒറ്റ ദിവസം കൊണ്ട്‌ ഇത്രയും പരിശോധിക്കുന്നതു സാധ്യമാണോ? യോഗം തുടങ്ങുന്നതിനു പത്തു മിനിറ്റ്‌ മുമ്ബാണ്‌ ആറു പേരുടെ ചുരുക്കപ്പട്ടിക നല്‍കിയത്‌.”-ചൗധരി പറഞ്ഞു.
തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍മാരെ നിയമിക്കുന്നതിനുള്ള നിയമം കഴിഞ്ഞ ഡിസംബറില്‍ ഭേദഗതി ചെയ്‌തിരുന്നു. അതനുസരിച്ച്‌ പ്രധാനമന്ത്രി, അദ്ദേഹം നിര്‍ദേശിക്കുന്ന കേന്ദ്രമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ്‌ അല്ലെങ്കില്‍ ഏറ്റവും വലിയ കക്ഷിയുടെ നേതാവ്‌ എന്നിവരടങ്ങുന്ന സമിതി നിര്‍ദേശിക്കുന്നവരെയാണു മുഖ്യകമ്മിഷണറോ കമ്മിഷണറോ ആയി രാഷ്‌ട്രപതി നിയമിക്കുക. നിയമമന്ത്രിയും രണ്ടു കേന്ദ്ര സെക്രട്ടറിമാരും അടങ്ങുന്ന സേര്‍ച്‌ കമ്മിറ്റിയാണു പ്രധാനമന്ത്രിയുടെ സമിതിക്കു പരിഗണിക്കാന്‍ പേരുകള്‍ നല്‍കുന്നത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular