Saturday, May 18, 2024
HomeKeralaസി.എ.എ. നടപ്പാക്കില്ലെന്ന്‌ ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി

സി.എ.എ. നടപ്പാക്കില്ലെന്ന്‌ ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും താത്‌പര്യങ്ങള്‍ ഹനിക്കുന്ന പൗരത്വ ഭേദഗതി നിയമം (സി.എ.എ) കേരളത്തില്‍ നടപ്പാക്കില്ലെന്നാവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനങ്ങളെ മതപരമായി വിഭജിക്കുന്ന നിയമത്തിനെതിരേ സര്‍ക്കാരും ഇടതുപക്ഷവും സ്വീകരിക്കുന്ന നിലപാടില്‍നിന്ന്‌ ഒരിഞ്ചുപോലും പിന്നോട്ടുപോകില്ലെന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കി.
ആര്‍.എസ്‌.എസ്‌. രൂപീകരണത്തിന്റെ നൂറാംവാര്‍ഷികമായ 2025-ലേക്ക്‌ കടക്കുമ്ബോള്‍ കടുത്ത വര്‍ഗീയലക്ഷ്യങ്ങളാണു സംഘപരിവാറിനുള്ളത്‌. അതിലേക്കുള്ള പാലമാണു പൗരത്വ ഭേദഗതി നിയമം. കേരളസര്‍ക്കാര്‍ എന്ത്‌ ത്യാഗം സഹിച്ചും ഇതിനെതിരായ പോരാട്ടം തുടരും. സി.എ.എയോ പൗരത്വപ്പട്ടികയോ (എന്‍.ആര്‍.സി) ജനസംഖ്യാ രജിസ്‌റ്ററോ (എന്‍.പി.ആര്‍) കേരളത്തില്‍ നടപ്പാക്കില്ല.സി.എ.എയ്‌ക്കെതിരേ സംസ്‌ഥാനസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതിയിലുണ്ട്‌. പൊതുതെരെഞ്ഞടുപ്പിനു തൊട്ടുമുമ്ബ്‌ ചട്ടങ്ങള്‍ പുറപ്പെടുവിച്ച്‌ ധൃതിയില്‍ നിയമം നടപ്പാക്കുന്ന കേന്ദ്രനീക്കത്തിനെതിരേ നിയമപരമായ തുടര്‍നടപടി സ്വീകരിക്കും. സി.എ.എ. ഭരണഘടനാവിരുദ്ധവും ജനങ്ങളെ മതാടിസ്‌ഥാനത്തില്‍ വിഭജിക്കുന്നതും സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ അജന്‍ഡയുടെ ഭാഗവുമാണ്‌.
വിഭജനരാഷ്‌ട്രീയത്തിലൂടെ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ നീക്കം രാജ്യാന്തരതലത്തില്‍ത്തന്നെ ചോദ്യംചെയ്യപ്പെടുന്നു. ഐക്യരാഷ്‌ട്രസംഘടനയില്‍നിന്നടക്കം വിമര്‍ശനമുയര്‍ന്നു.പ്രത്യേക മതവിശ്വാസത്തെ പൗരത്വനിര്‍ണയവ്യവസ്‌ഥയാക്കുന്നതു പുറന്തള്ളലിന്റെ രാഷ്‌ട്രീയമാണ്‌.
മുസ്ലിംകളെ രണ്ടാംതരം പൗരന്‍മാരായി കണക്കാക്കുന്നു. ഭരണഘടനയ്‌ക്കു പകരം മനുസ്‌മൃതി പ്രതിഷ്‌ഠിക്കുന്ന സംഘപരിവാര്‍ തലച്ചോറുകളില്‍നിന്നാണ്‌ ഈ വിഷലിപ്‌തനിയമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular