Friday, May 3, 2024
HomeIndiaവധശിക്ഷയ്ക്കെതിരെ കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ നല്‍കാം; ബില്ല് പാസാക്കി പാക്കിസ്ഥാന്‍ പാര്‍ലമെന്റ്

വധശിക്ഷയ്ക്കെതിരെ കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ നല്‍കാം; ബില്ല് പാസാക്കി പാക്കിസ്ഥാന്‍ പാര്‍ലമെന്റ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക്കിസ്ഥാന്‍ പട്ടാളക്കോടതിയുടെ വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാം. സിവില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി പട്ടാള നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റ് പാസാക്കി.

2020 അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) ബിൽ പാക്കിസ്ഥാൻ നിയമ മന്ത്രി ഫറോഗ് നസിം പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുകയും ഭൂരിപക്ഷ വോട്ടോടെ ബില്‍ പാസാക്കിയതായും പാകിസ്ഥാനിലെ പ്രമുഖ ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു.

ഇന്ത്യന്‍ പൗരനെ തടങ്കലില്‍ വയ്ക്കുന്നതിനും വിചാരണ ചെയ്യുന്നതിലും വിയന്ന കണ്‍വെന്‍ഷന്റെ ലംഘനം ആരോപിച്ച് ഇന്ത്യ ഗവണ്‍മെന്റ് പാക്കിസ്ഥാനെതിരെ ഐസിജെയില്‍ നടപടി ആരംഭിച്ചതായി ബില്ലുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ പറയുന്നതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ ജാദവിനെ ചാരവൃത്തി, ഭീകരപ്രവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി പാകിസ്ഥാൻ സൈനിക കോടതി 2017 ഏപ്രിലിലാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ജാദവിന്റെ വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കുന്നതും കോൺസുലർ പ്രവേശനവും പാക്കിസ്ഥാന്‍ നിഷേധിച്ചതോടെയാണ് ഇന്ത്യ ഐസിജെയെ സമീപിച്ചത്.

പിന്നീട് ഇരുവശവും കേട്ട ശേഷം ഹേഗ് ആസ്ഥാനമായുള്ള ഐസിജെ 2019 ല്‍ വിധി പുറപ്പെടുവിച്ചു. ജാദവിന് ഇന്ത്യൻ കോൺസുലർ പ്രവേശനം നൽകാനും അദ്ദേഹത്തിന്റെ ശിക്ഷാവിധി പുനപരിശോധിക്കണമെന്നും പാകിസ്ഥാനോട് ഐസിജെ ആവശ്യപ്പെട്ടു.

സെനറ്റിലെയും ദേശീയ അസംബ്ലിയിലെയും അംഗങ്ങൾ അടങ്ങുന്ന സംയുക്ത സിറ്റിങ് ചില നിയമങ്ങൾ പാസാക്കാനായി വിളിച്ചു ചേര്‍ത്തിരുന്നു. ജാദവിന്റെ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ പ്രാപ്‌തമാക്കുന്നതുള്‍പ്പെടെയുള്ള നിയമങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ആ നിയമങ്ങൾ ഉപരിസഭയുടെ അംഗീകാരം നേടുന്നതിൽ പരാജയപ്പെട്ടു.

നേരത്തെ, ജൂണിൽ ദേശീയ അസംബ്ലി പാസാക്കിയ 21 ബില്ലുകളിൽ 2020 ഐസിജെ ബില്ലും ഉൾപ്പെട്ടിരുന്നുവെങ്കിലും അവ പാസാക്കാൻ സെനറ്റ് വിസമ്മതിച്ചു. ഐസിജെ വിധിയുടെ പശ്ചാത്തലത്തിൽ 2019ൽ പ്രത്യേക ഓർഡിനൻസ് ഇറക്കി ഐസിജെ വിധി നടപ്പാക്കാൻ പാകിസ്ഥാൻ സർക്കാരും ശ്രമിച്ചിരുന്നു.

ജാദവിന്റെ കേസ് പുനപരിശോധിക്കാൻ പാകിസ്ഥാൻ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചപ്പോൾ അദ്ദേഹം നിരസിച്ചു. പിന്നീട് പാകിസ്ഥാൻ സർക്കാർ അതിന്റെ പ്രതിരോധ സെക്രട്ടറി മുഖേന 2020 ൽ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ജാദവിനുവേണ്ടി ഒരു പ്രതിഭാഗം അഭിഭാഷകനെ നിയമിക്കുന്നതിനായി ഒരു കേസ് ഫയൽ ചെയ്തു.

2020 ഓഗസ്റ്റിൽ ഹൈക്കോടതി മൂന്നംഗ വിശാല ബെഞ്ച് രൂപീകരിച്ചു. ജാദവിനുവേണ്ടി പാകിസ്ഥാനിൽ നിന്നുള്ള ഒരു അഭിഭാഷകനെ നാമനിർദ്ദേശം ചെയ്യാൻ ഇന്ത്യയോട് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഒരു ഇന്ത്യൻ അഭിഭാഷകനെ നിയമിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് നിഷേധിക്കുകയായിരുന്നു.

2021 ഒക്ടോബർ അഞ്ചിനായിരുന്നു അവസാന വാദം നടന്നത്. ഡിസംബർ ഒന്‍പതിനാണ് അടുത്ത ഹിയറിങ്. ഇതിന് മുന്‍പ് അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യയോട് ആവശ്യപ്പെടാൻ ഹൈക്കോടതി വീണ്ടും പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular