Saturday, May 11, 2024
HomeKeralaസിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ഇപി ജയരാജന്‍ – പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.

വിവാദം സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയായേക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. അതേസമയം തെരഞ്ഞെടുപ്പ് ദിനത്തില്‍ ഇപി- ജാവഡേക്കര്‍ വിവാദം കത്തിയതോടെ, സിപിഎം പ്രതിരോധത്തിലായിരുന്നു. കൂടിക്കാഴ്ച നടത്തിയതായി വെള്ളിയാഴ്ച ഇപി ജയരാജന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ജാവഡേക്കര്‍ അപ്രതീക്ഷിതമായി മകന്റെ ഫ്‌ലാറ്റിലേക്ക് വരികയായിരുന്നുവെന്നും, രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നുമാണ് ഇപിയുടെ വിശദീകരണം. അതേസമയം തെരഞ്ഞെടുപ്പു വേളയില്‍ ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച വിവാദമായതോടെ, സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇപി ജയരാജന്റെ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. മുഖ്യമന്ത്രി – ബിജെപി ചര്‍ച്ചയിലെ ഇടനിലക്കാരന്‍ മാത്രമാണ് ജയരാജന്‍. ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്റെ സൗഹൃദത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. സൗഹൃദങ്ങളില്‍ ഇപി വേണ്ടത്ര ജാഗ്രത കാണിക്കാറില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ജാവഡേക്കറിനെ കാണുന്നതിലോ സംസാരിക്കുന്നതിലോ തെറ്റില്ല. എന്നാല്‍ കേരളം സംശയദൃഷ്ടിയോടെ കാണുന്ന ഒരാള്‍ അതിന് സാക്ഷ്യം വഹിച്ചു എന്നതാണ് പ്രശ്‌നം. ജാവഡേക്കറെ താനും കാണാറുണ്ടെന്നു പറഞ്ഞ് കൂടിക്കാഴ്ചയെ പിണറായി ലഘൂകരിച്ചിരുന്നു. ബിജെപിയുടെ കേരള ചുമതലയുള്ള ജാവഡേക്കറിനെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നതെന്നും, അത് സിപിഎം-ബിജെപി അന്തര്‍ധാരയുടെ തെളിവാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular