Friday, May 3, 2024
HomeIndiaകരുത്തുകാട്ടി ഇന്ത്യ; ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് ജയം

കരുത്തുകാട്ടി ഇന്ത്യ; ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് ജയം

ജയ്പൂര്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. അര്‍ദ്ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റേയും (62) രോഹിത് ശര്‍മയുടേയും (48) മികവിലാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും രോഹിതും ചേര്‍ന്ന് സ്വപ്ന തുല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും അഞ്ച് ഓവറില്‍ ഇന്ത്യയെ 50 ലെത്തിച്ചു. 15 റണ്‍സെടുത്ത് രാഹുല്‍ മടങ്ങി. രാഹുല്‍-രോഹിത് സഖ്യത്തിന്റെ തുടര്‍ച്ചയായ നാലാം അര്‍ദ്ധ സെഞ്ചുറി കൂട്ടുകെട്ടായിരുന്നു ന്യൂസിലന്‍ഡിനെതിരെ പിറന്നത്.

എന്നാല്‍ പിന്നീടെത്തിയ സൂര്യകുമാര്‍ യദവിനെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യയെ മുന്നോട്ട് നയിച്ചു. അര്‍ദ്ധ സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെയാണ് രോഹിത് വീണത്. അഞ്ച് ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ടതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്. പിന്നീട് സൂര്യകുമാര്‍ ഇന്ത്യന്‍ ഇന്നിങ്സിന് കരുത്ത് പകര്‍ന്നു. 40 പന്തില്‍ നിന്നാണ് താരം 62 റണ്‍സ് നേടിയത്.

പക്ഷെ സുര്യകുമാറിന്റെ വിക്കറ്റ് വീണതോടെ ഇന്ത്യ പരുങ്ങലിലായി. ശ്രേയസ് അയ്യരും അരങ്ങേറ്റക്കാരന്‍ വെങ്കിടേഷ് അയ്യരും വേഗം മടങ്ങുകയും ചെയ്തു. പക്ഷെ റിഷഭ് പന്തിന്റെ ബാറ്റുകള്‍ ഇന്ത്യക്ക് ആദ്യ ജയം സമ്മാനിച്ചു. സൂര്യകുമാറാണ് കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്‍സ് നേടിയത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (70), മാര്‍ക്ക് ചാപ്മാന്‍ (63) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറിയുടെ മികവിലാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ബോളിങ് തിരഞ്ഞെടുത്ത രോഹിത് ശര്‍മയുടെ തീരുമാനത്തോട് നീതി പുലര്‍ത്തുന്ന തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. മൂന്നാം പന്തില്‍ ഡാരില്‍ മിച്ചലിനെ പൂജ്യത്തിന് ഭുവനേശ്വര്‍ കുമാര്‍ മടക്കി. എന്നാല്‍ പിന്നീടെത്തിയ ചാപ്മാന്‍ ഗുപ്റ്റിലിനെ കൂട്ടു പിടിച്ച് അപകടങ്ങളില്ലാതെ മുന്നോട്ട് നയിച്ചു. 109 റണ്‍സിന്റെ കൂട്ടുകെട്ട് സമ്മാനിക്കാന്‍ സഖ്യത്തിനായി.

50 പന്തില്‍ ആറ് ഫോറിന്റേയും രണ്ട് സിക്സിന്റേയും അകമ്പടിയോടെയായിരുന്നു ചാപ്മാന്റെ ഇന്നിങ്സ്. അശ്വിനാണ് വമ്പന്‍ സ്കോറിലേക്ക് കിവികളെ നയിക്കാന്‍ സാധ്യതയുണ്ടായിരുന്ന കൂട്ടുകെട്ട് പൊളിച്ചത്. ചാപ്മാന്‍ വീണതിന് ശേഷം ഗുപ്റ്റില്‍ ആക്രമണം ഏറ്റെടുത്തെങ്കിലും സ്കോര്‍ ബോര്‍ഡ് വലിയ രീതിയില്‍ ചലിപ്പിക്കാനായില്ല.

കേവലം 42 പന്തില്‍ നിന്ന് 70 റണ്‍സെടുത്താണ് ഗുപ്റ്റില്‍ മടങ്ങിയത്. മൂന്ന് ഫോറുകളും നാല് പടുകൂറ്റന്‍ സിക്സറുകളും ഗുപ്റ്റിലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. പിന്നീടെത്തിയ ഓരോ ബാറ്റര്‍മാരെയും വേഗത്തില്‍ മടക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്കായി. അശ്വിനും ഭുവിക്കും പുറമെ ദീപക് ചഹറും, മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വെങ്കിടേഷ് അയ്യര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. നാല് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. മാര്‍ക്ക് ചാപ്മാന്‍, ടോഡ് ആസില്‍, രച്ചിന്‍ രവിന്ദ്ര, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരാണ് കിവി ടീമിലെത്തിയത്.

2013 ന് ശേഷം ആദ്യമായാണ് ഒരു ട്വന്റി 20 മത്സരം ജയ്പൂരില്‍ അരങ്ങേറുന്നത്. 2019 ഐപിഎല്‍ സീസണില്‍ ഏഴ് മത്സരങ്ങളാണ് നടന്നത്. ആറിലും ജയം രണ്ടാമത് ബാറ്റ് ചെയ്തവര്‍ക്കായിരുന്നു. ട്വന്റി 20യില്‍ ഇന്ത്യക്ക് മുകളില്‍ ന്യൂസിലന്‍ഡിന് വ്യക്തമായ ആധിപത്യമുണ്ട്. 15 മത്സരങ്ങളില്‍ ആറ് തവണ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്.

ന്യൂസിലൻഡ്: മാർട്ടിൻ ഗുപ്റ്റിൽ, ഡാരിൽ മിച്ചൽ, മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്‌സ്, ടിം സെയ്‌ഫെർട്ട്(വിക്കറ്റ് കീപ്പര്‍), റാച്ചിൻ രവീന്ദ്ര, മിച്ചൽ സാന്റ്‌നർ, ടിം സൗത്തി(ക്യാപ്റ്റന്‍), ടോഡ് ആസിൽ, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്.

ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റന്‍), കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യർ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, മുഹമ്മദ് സിറാജ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular