Friday, May 3, 2024
HomeKeralaമോദിയുടെ വിദ്വേഷം പരത്തല്‍ തെരഞ്ഞെടുപ്പ് പരാജയ ഭീതിയിലെന്ന്: റസാഖ് പാലേരി

മോദിയുടെ വിദ്വേഷം പരത്തല്‍ തെരഞ്ഞെടുപ്പ് പരാജയ ഭീതിയിലെന്ന്: റസാഖ് പാലേരി

തിരുവനന്തപുരം: പത്ത് വർഷം ഭരിച്ചിട്ടും പ്രത്യേകിച്ച്‌ നേട്ടങ്ങള്‍ ഒന്നും പറയാൻ ഇല്ലാത്ത നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് രക്ഷപ്പെടാൻ തീവ്രമായ വിദ്വേഷ പ്രചാരണം നടത്തി ധ്രുവീകരണത്തിലൂടെ വോട്ട് നേടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.

രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന വിഷ പ്രചാരണം നടത്തിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കാൻ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തയ്യാറാകണം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ വെറുപ്പ് ഉത്പാദിപ്പിക്കുന്നതില്‍ മാത്രമാണ് ബിജെപി നേതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യാഥാർത്ഥ്യങ്ങള്‍ വളച്ചൊടിച്ചും നുണകള്‍ പ്രചരിപ്പിച്ചും ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കി നേട്ടം കൊയ്യാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. ഇതിൻ്റെ ഭാഗമാണ് ഇന്നലെ രാജസ്ഥാനിലെ ബന്സ്വാരയില്‍ മോദി നടത്തിയ വിദ്വേഷ പ്രസംഗം. 40 ശതമാനം സമ്ബത്തും മോദിയുടെ കോർപറേറ്റ് ചങ്ങാതിമാർ കയ്യടക്കിവെച്ചിരിക്കുന്ന ഇന്ത്യയില്‍, അങ്ങേയറ്റം പിന്നാക്കാവസ്ഥയില്‍ കഴിയുന്ന മുസ്‍ലിം വിഭാഗം തങ്ങളുടെ സമ്ബത്ത് കവരും എന്ന ഭീതി ഇതര ജനവിഭാഗങ്ങളില്‍ പരത്തി വോട്ട് തട്ടാൻ പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്ന ഒരാള്‍ ശ്രമിക്കുന്നത് എത്രമാത്രം അപഹാസ്യമാണ്.

ഈ രാജ്യത്തെ മുഴുവൻ മനുഷ്യരുടെയും പ്രധാനമന്ത്രിയാണ് താനെന്നത് മറന്നാണ് ഒരു ജനവിഭാഗത്തിനെതിരെ വെറുപ്പിന്റെ വാക്കുകള്‍ അദ്ദേഹം പുറപ്പെടുവിക്കുന്നത്. രാജ്യ ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയാണ് താൻ എന്ന് മോദി തെളിയിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് റാലിയില്‍ മുസ്‌ലിം ആരാധനാലയത്തിന് നേരെ ഭീഷണിയുടെ ആംഗ്യം കാണിക്കുന്ന BJP സ്ഥാനാർത്ഥിയെയും ഈ തിരഞ്ഞെടുപ്പ് കാലയളവില്‍ ജനങ്ങള്‍ കണ്ടു. ഈ ഇലക്ഷൻ ഇന്ത്യയെ വീണ്ടെടുക്കാൻ ഉള്ളതാണ് എന്ന ബോധ്യം ഓരോ ദിവസവും ഉറപ്പിക്കുന്നതാണ് ഇത്തരം സംഭവ വികാസങ്ങള്‍.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും താക്കീതും നടപടികളും എടുക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ, പച്ചക്ക് വർഗീയത പരത്തുന്ന ഉന്നത ബിജെപി നേതാക്കള്‍ക്കെതിരെയുള്ള നടപടികളില്‍ കാണിക്കുന്ന അലസത പക്ഷപാതപരമാണ്. ഇത് നല്ല സന്ദേശമല്ല നല്‍കുന്നത്. ഇത്തരം വിദ്വേഷപ്രചാരണങ്ങള്‍ക്കെതിരെ നല്‍കുന്ന പരാതിയില്‍ നീതിയുക്തമായ കർശന നടപടികള്‍ കൈക്കൊള്ളാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular