Friday, May 3, 2024
HomeAsiaഒടുവില്‍ അതും പച്ചക്കള്ളമെന്ന് തെളിയുന്നു: യു.എൻ.ആര്‍.ഡബ്ല്യു.എക്കെതിരെ ഇസ്രായേല്‍ ഉന്നയിച്ച ഹമാസ് ബന്ധത്തിന് തെളിവില്ലെന്ന് കൊളോണ കമീഷൻ

ഒടുവില്‍ അതും പച്ചക്കള്ളമെന്ന് തെളിയുന്നു: യു.എൻ.ആര്‍.ഡബ്ല്യു.എക്കെതിരെ ഇസ്രായേല്‍ ഉന്നയിച്ച ഹമാസ് ബന്ധത്തിന് തെളിവില്ലെന്ന് കൊളോണ കമീഷൻ

റൂസലം: ഫലസ്തീനിലെ ഐക്യരാഷ്ട്ര സഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്കെതിരെ ഇസ്രായേല്‍ ഉന്നയിച്ചത് വ്യാജ ആരോപണമെന്ന് സ്വതന്ത്ര വസ്തുതാന്വേഷണ സംഘം.

യു.എൻ.ആർ.ഡബ്ല്യു.എയുടെ 12 ജീവനക്കാർക്ക് ഹമാസുമായും ഒക്‌ടോബർ 7ന് നടന്ന ആക്രമണവുമായും ബന്ധമുണ്ടെന്നായിരുന്നു ഇസ്രായേല്‍ ആരോപിച്ചത്. എന്നാല്‍, ഇതിന് തെളിവ് ഹാജരാക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടതായി മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ നേതൃത്വം നല്‍കിയ അന്വേഷണ കമീഷൻ വ്യക്തമാക്കി.

പതിറ്റാണ്ടുകളായി ലോകരാഷ്ട്രങ്ങളുടെ സഹായത്തോടെ ഗസ്സയിലടക്കമുള്ള ഫലസ്തീനികള്‍ക്ക് ഭക്ഷണവും മരുന്നും പുനരധിവാസവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്ന ഏജൻസിയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ആറുമാസത്തിലേറെയായി ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന മനുഷ്യക്കുരുതിക്കിടെ ഗസ്സയില്‍ വ്യവസ്ഥാപിതമായി സഹായവിതരണം നടത്തുന്ന ഏക സംവിധാനമാണിത്. എന്നാല്‍, ഇസ്രായേലിന്റെ വ്യാജാരോപണത്തെ തുടർന്ന് 15 രാജ്യങ്ങളെങ്കിലും യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായവിതരണം മരവിപ്പിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യം തെളിയിക്കാൻ ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും ഏജൻസി അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാതറിൻ കൊളോണയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ സ്വതന്ത്രാന്വേഷണം തുടങ്ങിയത്.

സംഘടനയിലെ കുറഞ്ഞത് 12 ജീവനക്കാരെങ്കിലും ഒക്‌ടോബർ 7ന് ഹമാസ് നടത്തിയ അതിക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നായിരുന്നു നെതന്യാഹു അടക്കമുള്ള ഇസ്രായേല്‍ ഉന്നതർ ആവർത്തിച്ച്‌ പറഞ്ഞത്. 30ഓളം ജീവനക്കാർ ആക്രമണത്തിന് സഹായം ചെയ്തതായും സംഘടനയുടെ 12 ശതമാനം ജീവനക്കാർ ഹമാസ് ബന്ധമുള്ളവരാണെന്നും ഇവർ ആരോപിച്ചിരുന്നു.

ഈ വ്യാജാരോപണത്തെ മുൻനിർത്തി യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം അവസാനിപ്പിക്കാൻ ലോകരാഷ്ട്രങ്ങള്‍ക്കുമേല്‍ ഇസ്രായേലും യു.എസും സമ്മർദം ചെലുത്തി. തുടർന്ന് വിവിധ യൂറോപ്യൻ രാജ്യങ്ങളടക്കം 15 രാഷ്ട്രങ്ങള്‍ സഹായം നല്‍കുന്നത് മരവിപ്പിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ കിടപ്പാടമില്ലാതെയും ചികിത്സകിട്ടാതെയും പട്ടിണികിടന്നും നരകിച്ച ഗസ്സയിലെ മനുഷ്യരുടെ ഏക അത്താണിയായ യു.എൻ.ആർ.ഡബ്ല്യു.എ ഇതേത്തുടർന്ന് ഫണ്ടില്ലാതെ പ്രവർത്തനങ്ങള്‍ വെട്ടിക്കുറച്ചു. ഇത് ഗസ്സയിലെ സ്ഥിതി അത്യന്തം വഷളാക്കിയിരുന്നു.

ഇസ്രായേല്‍ ആരോപണമുന്നയിച്ചത് ഒരുതെളിവുമില്ലാതെ

ഫലസ്തീനിലുടനീളം മാനുഷിക സഹായമെത്തിക്കുന്ന ഏജൻസിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലാതെയാണ് ഇസ്രായേല്‍ വ്യാജാരോപണം ഉന്നയിച്ചതെന്ന് മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ നേതൃത്വം നല്‍കിയ അന്വേഷണസംഘം വ്യക്തമാക്കുന്നു. യു.എൻ.ആർ.ഡബ്ല്യു.എയുടെ ജീവനക്കാരുടെ പട്ടിക സ്ഥിരമായി ഇസ്രായേലിന് സംഘടന നല്‍കാറുണ്ട്. എന്നാല്‍, 2011 മുതലുള്ള പട്ടികയിലെ ഏതെങ്കിലും ജീവനക്കാരെ കുറിച്ച്‌ ഇസ്രായേല്‍ ഇതുവരെ ആശങ്ക ഉന്നയിച്ചിട്ടില്ലെന്ന് ‘ഗാർഡിയൻ’ ദിനപത്രം റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

‘യു.എൻ.ആർ.ഡബ്ല്യു.എയിലെ ഗണ്യമായ എണ്ണം ജീവനക്കാരും തീവ്രവാദ സംഘടനകളില്‍ അംഗങ്ങളാണെന്ന് ഇസ്രായേല്‍ പരസ്യമായി ആരോപിച്ചു. എന്നാല്‍, ഇസ്രായേല്‍ ഇതുവരെ ഇതിനുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടില്ല’ -കാതറിൻ കൊളോണ പറഞ്ഞു. ഗസ്സ, ജോർഡൻ, ലെബനാൻ, സിറിയ, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലെ ഫലസ്തീനികളുടെ ജീവനാഡിയാണ് യു.എൻ.ആർ.ഡബ്ല്യു.എ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular