Tuesday, May 21, 2024
HomeIndiaകമ്മിന്‍സിന്റെ ലോക മണ്ടത്തരം, ആ പരീക്ഷണം പാളി! ഹൈദരാബാദിന് പിഴച്ചത് അവിടെ

കമ്മിന്‍സിന്റെ ലോക മണ്ടത്തരം, ആ പരീക്ഷണം പാളി! ഹൈദരാബാദിന് പിഴച്ചത് അവിടെ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.

ആദ്യ നേര്‍ക്കുനേര്‍ മത്സരത്തിലെ ജയം ആവര്‍ത്തിക്കാനിറങ്ങിയ ഹൈദരാബാദിനെ 78 റണ്‍സിനാണ് സിഎസ്‌കെ നാണംകെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 3 വിക്കറ്റിന് 212 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് 7 പന്ത് ബാക്കിയാക്കി 134 റണ്‍സില്‍ കൂടാരം കയറി.

ഹൈദരാബാദിന്റെ വമ്ബന്‍ ചേസിങ് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും സിഎസ്‌കെ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ തുഷാര്‍ ദെശപാണ്ഡെയാണ് ഹൈദരാബാദിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. എന്നാല്‍ ഹൈദരാബാദിന്റെ തോല്‍വിയില്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റേയും പരിശീലക സംഘത്തിന്റേയും പങ്ക് വലുതാണെന്ന് പറയാം.

ഹൈദരാബാദ് കാട്ടിയ വലിയൊരു മണ്ടത്തരമാണ് കളി കൈവിടാന്‍ കാരണമായതെന്ന് പറയാം. ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ട്രാവിസ് ഹെഡിനെ തുഷാര്‍ ദെശപാണ്ഡെ പുറത്താക്കി. 7 പന്തില്‍ 13 റണ്‍സാണ് ഹെഡ് നേടിയത്. പിന്നാലെ ഇംപാക്‌ട് പ്ലയറായി അന്‍മോല്‍പ്രീത് സിങ്ങിനെ ഇറക്കിയതാണ് ഹൈദരാബാദ് കാട്ടിയ വലിയ മണ്ടത്തരം. ഗോള്‍ഡന്‍ ഡെക്കായി അന്‍മോല്‍പ്രീത് പുറത്തായതാണ് ഹൈദരാബാദിന്റെ ബാറ്റിങ് താളം നഷ്ടപ്പെടുത്തിയത്.

ഒരുവശത്ത് തല്ലിത്തകര്‍ത്ത അഭിഷേക് ശര്‍മയേയും സമ്മര്‍ദ്ദത്തിലാക്കിയത് ഈ വിക്കറ്റാണ്. തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ വീണത് ഹൈദരാബാദിനെ സമ്മര്‍ദ്ദിലേക്ക് തള്ളിവിടുകയായിരുന്നു. മൂന്നാം നമ്ബറില്‍ എയ്ഡന്‍ മാര്‍ക്രം കളിക്കുകയും ഒരുവശത്ത് റണ്‍സുയര്‍ത്തുകയും ചെയ്യണമായിരുന്നു. അങ്ങനെ വന്നാല്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ കടന്നാക്രമിക്കാന്‍ അഭിഷേകിനും സാധിക്കുമായിരുന്നു. എന്നാല്‍ ഹൈദരാബാദ് കാട്ടിയ മണ്ടത്തരം ടീമിന്റെ തോല്‍വിക്ക് കാരണമായെന്ന് പറയാം.

തികച്ചും അനാവശ്യമായ പരീക്ഷണമായിരുന്നു അത്. അബ്ദുല്‍ സമദിനെ മൂന്നാം നമ്ബറില്‍ കളിപ്പിച്ചിരുന്നെങ്കിലും ഇത്തരമൊരു ദുരന്താവസ്ഥയിലേക്ക് പോകില്ലായിരുന്നു. എന്നാല്‍ സിഎസ്‌കെയ്‌ക്കെതിരേ ഹൈദരാബാദ് പ്രയോഗിച്ച വജ്രായുധം പിഴച്ചതാണ് ടീമിനെ തകര്‍ത്തത്. ഇംപാക്‌ട് പ്ലയറെ ഉപയോഗിക്കുന്നതിലെ പാളിച്ച ടീമിനെ തളര്‍ത്തി. ടീം ഹെഡിനേയും അഭിഷേകിനേയും അമിതമായി ആശ്രയിക്കുന്നു. രണ്ട് പേരും അതിവേഗം റണ്‍സുയര്‍ത്തുന്നവരാണ്.

എന്നാല്‍ എതിരാളികളുടെ കരുത്ത് മനസിലാക്കി വിക്കറ്റ് നോക്കി കളിക്കേണ്ടതും അത്യാവശ്യമായിരുന്നു. ഹെഡും അഭിഷേകും അല്‍പ്പം കൂടി ക്ഷമകാട്ടി പവര്‍പ്ലേയില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കണമായിരുന്നു. എന്നാല്‍ ഇതിന് സാധിക്കാതെ പോയി. ബൗളിങ്ങിലും പാറ്റ് കമ്മിന്‍സ് മണ്ടത്തരം കാട്ടി. പിച്ച്‌ സ്ലോയാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നതാണ്. നിതീഷ് കുമാര്‍ റെഡ്ഡിയെ ഒരോവര്‍ മാത്രമാണ് കമ്മിന്‍സ് ഉപയോഗിച്ചത്. 8 റണ്‍സാണ് താരം ഒരോവറില്‍ വിട്ടുകൊടുത്തത്.

കമ്മിന്‍സ് 4 ഓവറില്‍ 49 റണ്‍സ് വഴങ്ങുകയും ചെയ്തു. ഹൈദരാബാദിന്റെ തന്ത്രത്തില്‍ ആകെയൊരു മാറ്റം അത്യാവശ്യമാണ്. ചെന്നൈയില്‍ സിഎസ്‌കെയ്‌ക്കെതിരേ ചേസ് ചെയ്യാനുള്ള തീരുമാനം മണ്ടത്തരമാണെന്ന് പറയാം. രണ്ടാമത് ബാറ്റ് ചെയ്യുമ്ബോള്‍ പിച്ച്‌ കൂടുതല്‍ സ്ലോവാകും. ഇത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാക്കും. സിഎസ്‌കെയുടെ സ്പിന്‍ നിര ശക്തമാണ്. ബാറ്റിങ് നിരയാണ് അല്‍പ്പം ദുര്‍ബലം. ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യണമായിരുന്നു.

അങ്ങനെയായിരുന്നെങ്കില്‍ സമ്മര്‍ദ്ദമില്ലാതെ തകര്‍ത്തടിക്കാന്‍ ഹെഡ്ഡിനും അഭിഷേകിനും സാധിക്കുമായിരുന്നു. വലിയൊരു സ്‌കോര്‍ അടിച്ചെടുത്ത് സിഎസ്‌കെയെ പിന്തുടരാന്‍ അനുവദിച്ചിരുന്നെങ്കില്‍ കളി മാറാന്‍ സാധ്യത കൂടുതലായിരുന്നു.

എന്നാല്‍ സിഎസ്‌കെയെ ചേസ് ചെയ്ത് തോല്‍പ്പിക്കാമെന്ന കമ്മിന്‍സിന്റെ അമിത ആത്മവിശ്വാസവും തിരിച്ചടിയായെന്നതാണ് വസ്തുത. എന്തായാലും സിഎസ്‌കെ വിജയ വഴിയില്‍ തിരിച്ചെത്തിയപ്പോള്‍ ഹൈദരാബാദിന് വമ്ബന്‍ തോല്‍വി നേരിടേണ്ടി വന്നു. നെറ്റ് റണ്‍റേറ്റിനെ ഈ തോല്‍വി കാര്യമായി ബാധിക്കുമെന്നുറപ്പാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular