Friday, May 17, 2024
HomeIndiaനഗ്നരാക്കി പരേഡ് നടത്തുന്നതിനു മുൻപ് സ്ത്രീകള്‍ പൊലീസ് വാഹനത്തില്‍ കയറി, താക്കോല്‍ ഇല്ലെന്ന് ഡ്രൈവര്‍ പറഞ്ഞു:...

നഗ്നരാക്കി പരേഡ് നടത്തുന്നതിനു മുൻപ് സ്ത്രീകള്‍ പൊലീസ് വാഹനത്തില്‍ കയറി, താക്കോല്‍ ഇല്ലെന്ന് ഡ്രൈവര്‍ പറഞ്ഞു: മണിപ്പൂര്‍ കുറ്റപത്രം

ന്യൂഡല്‍ഹി: മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയില്‍ കുക്കി-സോമി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി പരേഡ് നടത്തുകയും ബലാത്സംഗം ചെയ്യുന്നതിനും തൊട്ടുമുമ്ബ്, റോഡരികില്‍ പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തില്‍ അവർ കയറി ഇരുന്നതായും വാഹനം സ്റ്റാർട്ട് ചെയ്യാൻ പൊലീസിനോട് അഭ്യർത്ഥിച്ചപ്പോള്‍ താക്കോല്‍ ഇല്ലെന്ന് പൊലീസ് ഡ്രൈവർ പറഞ്ഞതായും സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

”ജനക്കൂട്ടത്തില്‍നിന്നും രക്ഷപ്പെട്ട രണ്ടു സ്ത്രീകളും പൊലീസ് വാഹനത്തില്‍ കയറി ഇരുന്നു. വാഹനത്തില്‍ പൊലീസ് കാക്കി യൂണിഫോം ധരിച്ച രണ്ടു പൊലീസുകാരും ഡ്രൈവറും ഉണ്ടായിരുന്നു. 3-4 പൊലീസുകാർ പുറത്ത് നില്‍പ്പുണ്ടായിരുന്നു. ഇരയായ ഒരു പുരുഷൻ വാഹനം സ്റ്റാർട്ട് ചെയ്യാൻ പൊലീസുകാരോട് അഭ്യർത്ഥിച്ചു, പക്ഷേ ‘താക്കോല്‍ ഇല്ല’ എന്നായിരുന്നു ഡ്രൈവർ നല്‍കിയ മറുപടി. തങ്ങളെ സഹായിക്കാനും ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്നും ഒരാളെ രക്ഷിക്കാനും അവർ പൊലീസുകാരോട് ആവർത്തിച്ച്‌ അപേക്ഷിച്ചു, പക്ഷേ ‘പൊലീസ് അവരെ സഹായിച്ചില്ല,” സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

”ആയിരത്തോളം പേരുള്ള അക്രമാസക്തമായ ജനക്കൂട്ടത്തിന് സമീപം ഡ്രൈവർ വാഹനം ഓടിച്ചു നിർത്തി, ഇരയായ പുരുഷൻ വീണ്ടും പൊലീസിനോട് വാഹനം സ്റ്റാർട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു, പക്ഷേ അവനോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു. കുറച്ച്‌ സമയത്തിന് ശേഷം, ഒരു പൊലീസ് ഉദ്യോഗസ്ഥൻ വന്ന് ആള്‍ക്കൂട്ടത്തിനിരയായ ആള്‍ മരിച്ചതായി സഹപ്രവർത്തകരോട് പറഞ്ഞു. ഇത് കേട്ട് വാഹനത്തിലുണ്ടായിരുന്ന പുരുഷൻ ഇരയായ സ്ത്രീയോട് തന്റെ പിതാവിനെ മർദിച്ചു കൊന്നുവെന്ന് പറഞ്ഞു,” സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

വൻ ജനക്കൂട്ടം പൊലീസ് വാഹനത്തിനു നേരെ തിരിച്ചുവന്ന് വാഹനം കുലുക്കിയതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ”പൊലീസ് വാഹനത്തില്‍നിന്നും ഇരയായ പുരുഷനെയും രണ്ടു സ്ത്രീകളെയും ജനക്കൂട്ടം വലിച്ചിറക്കി. ഇരകളെ ജനക്കൂട്ടത്തിനു വിട്ടുകൊടുത്ത് പൊലീസ് അവിടെനിന്നും പോയി. ജനക്കൂട്ടം സ്ത്രീകളുടെ വസ്ത്രം വലിച്ചു കീറുകയും ഇരയായ പുരുഷനെ മർദിക്കുകയും ചെയ്തു. മറ്റൊരു ഇരയായ സ്ത്രീ അതിനു തൊട്ടടുത്തായി ഒളിച്ചിരുന്ന് ഈ മുഴുവൻ സംഭവവും കാണുന്നുണ്ടായിരുന്നു,” സിബിഐ പറഞ്ഞു.

മേയ് 3 ന് ചുരാചന്ദ്പൂരില്‍ അക്രമാസക്തമായ സംഭവം നടന്നതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബറില്‍ ഗുവാഹത്തിയിലെ പ്രത്യേക കോടതിയില്‍ ആറ് പേർക്കും പ്രായപൂർത്തിയാകാത്ത ഒരാള്‍ക്കുമെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്. അവർക്കെതിരെ എന്തെങ്കിലും ക്രിമിനല്‍ നടപടിയുണ്ടോ എന്ന ചോദ്യത്തിന്, “ഞങ്ങള്‍ കേസ് അന്വേഷിക്കുന്നില്ല, സിബിഐയാണ് അന്വേഷിക്കുന്നത്” എന്നായിരുന്നു ദി ഇന്ത്യൻ എക്സ്പ്രസിനോട് ഡിജിപി (മണിപ്പൂർ) രാദീവ് സിങ് പറഞ്ഞത്.

20 വയസും 40 വയസും പ്രായമുള്ള രണ്ടു സ്ത്രീകളെ നഗ്നരാക്കി ജനക്കൂട്ടം പരേഡ് നടത്തുന്ന വീഡിയോ 2023 ജൂലൈയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചില പുരുഷന്മാർ അവരെ വലിച്ചിഴച്ച്‌ കൊണ്ടുപോകുന്നതും ലൈംഗികമായി ഉപദ്രവിക്കുന്നതും കാണാമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular