Tuesday, May 21, 2024
HomeKeralaചൂടിനെ വകവയ്ക്കാതെ ജനം ഒഴുകിയെത്തുന്നു, കോളടിച്ചത് വ്യാപാരികള്‍ക്കും ഹോട്ടലുടമകള്‍ക്കും

ചൂടിനെ വകവയ്ക്കാതെ ജനം ഒഴുകിയെത്തുന്നു, കോളടിച്ചത് വ്യാപാരികള്‍ക്കും ഹോട്ടലുടമകള്‍ക്കും

കോഴിക്കോട്: പൊള്ളുന്ന വേനലിലും അവധിക്കാലം ആഘോഷമാക്കാന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്നത് ആയിരങ്ങള്‍. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോഴിക്കോട് ബീച്ച്‌, സരോവരം, മാനാഞ്ചിറ, കടലുണ്ടി, ബേപ്പൂര്‍, കാപ്പാട് എന്നിവിടങ്ങളിലെല്ലാം രാവിലെ മുതലെ ആളുകളെത്തുകയാണ്.

അവധി ദിവസങ്ങളില്‍ മറ്റു ജില്ലകളില്‍ നിന്നടക്കം നൂറുകണക്കിനാളുകളാണ് നഗരത്തിലെ വിനോദ കേന്ദ്രങ്ങളിലെത്തുന്നത്.

കനത്ത ചൂടില്‍ വീട്ടിലിരിക്കുന്നതിനേക്കാള്‍ നല്ലത് കടല്‍ക്കാറ്റും തണലും ആസ്വദിക്കുന്നതാണെന്ന് സഞ്ചാരികള്‍ പറയുന്നു. ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ബീച്ചും മാനാഞ്ചിറ മൈതാനിയുമാണ് ആളുകള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത്. അതി രാവിലെ ബീച്ചിലെത്തുന്നവര്‍ കടലിലിറങ്ങി കളിച്ചും കുളിച്ചുമാണ് ചൂടിനോട് പൊരുതുന്നത്. സന്ദര്‍ശകരെ കാത്ത് സൗത്ത് ബീച്ചില്‍ റിമോട്ട് വണ്ടികളും കുതിര സവാരിയും ഒട്ടക സവാരിയും സജ്ജമാണ്. കൂടാതെ ബീച്ചിലെത്തുന്നവര്‍ക്ക് ചൂടില്‍ നിന്ന് രക്ഷ നേടാനായി ശീതള പാനീയങ്ങളുടെ വില്‍പ്പനയും സജീവമാണ്.

ചൂട് ചൂടനാണ്, ജാഗ്രത വേണം

ക്രിക്കറ്റും ഫുട്ബാളും വോളിബോളും നീന്തലുമായി അവധിക്കാലം ആഘോഷമാക്കുമ്ബോള്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന മുന്നറിയിപ്പ് നല്‍കി ദുരന്തനിവാരണ അതോറിറ്റി. ഉയര്‍ന്ന അന്തരീക്ഷ താപനില കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, ജലാശയ അപകടങ്ങള്‍ എന്നിവ ഉണ്ടാവാതിരിക്കാന്‍ ജാഗ്രത അനിവാര്യമാണ്. മുന്‍ വര്‍ഷങ്ങളില്‍ ജലസേചന പദ്ധതിയുടെ കനാലുകള്‍, തടാകങ്ങള്‍, ക്വാറികളിലെ കുളങ്ങള്‍ എന്നിവിടങ്ങളില്‍ മുങ്ങിമരിച്ചതിലധികവും കുട്ടികളാണ്. ചൂടില്‍ ഭക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങളിലും ശ്രദ്ധ വേണം.

ശ്രദ്ധിക്കണം ജീവന്റെ രക്ഷയ്ക്ക്

1. കുട്ടികള്‍ സംഘമായി നീന്തുമ്ബോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുക. വെള്ളത്തില്‍ അകപ്പെട്ടാല്‍ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടാതെ കമ്ബോ, കയറോ, തുണിയോ എറിഞ്ഞുകൊടുക്കണം.

2.ബോട്ടിംഗ്, കയാക്കിംഗ് വിനോദങ്ങളില്‍ ഏര്‍പ്പെടുമ്ബോള്‍ ലൈഫ് ജാക്കറ്റ് ധരിക്കണം.

3. പകല്‍ 11 നും 3 നും ഇടയില്‍ വെയിലത്തുള്ള കളികള്‍ ഒഴിവാക്കണം. നല്ല വെയിലുള്ള സമയത്ത് പുറത്തുപോകേണ്ടിവന്നാല്‍ തൊപ്പിയോ കുടയോ ഉപയോഗിക്കണം

4.ദാഹം ഇല്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം

5. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

6. ചൂടുള്ള ചുറ്റുപാടില്‍ നിന്നും വന്നതിനു ശേഷം ഉടന്‍ തന്നെ തണുത്ത പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular