Friday, May 17, 2024
HomeKeralaഇ.പിയെ വിടാതെ സിപിഐ; മുന്നണി യോഗത്തില്‍ വിഷയം ഉന്നയിക്കും

ഇ.പിയെ വിടാതെ സിപിഐ; മുന്നണി യോഗത്തില്‍ വിഷയം ഉന്നയിക്കും

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി വിവാദ കൂടിക്കാഴ്ച നടത്തിയ ഇ.പി. ജയരാജനെതിരേ തിങ്കളാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടപടിയൊന്നുമുണ്ടായില്ലെങ്കിലും ഇടതുമുന്നണി യോഗത്തില്‍ വിഷയം ഉന്നയിക്കാൻ സിപിഐയുടെ തീരുമാനിച്ചു.
ഇടത് രാഷ്ട്രീയത്തിന് ചേരാത്ത നിലപാട് സ്വീകരിച്ച ഇ.പിക്കെതിരേ സിപിഎം നടപടിയെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐ. പ്രകാശ് ജാവദേക്കറുമായി ജയരാജൻ കൂടിക്കാഴ്ച നടത്തിയതിലും അതേപ്പറ്റി തെരഞ്ഞെടുപ്പ് ദിനത്തില്‍ത്തന്നെ വെളിപ്പെടുത്തിയതിലും സിപിഐയ്ക്ക് കടുത്ത അതൃപ്തിയാണുള്ളത്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായിത്തന്നെ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇ.പിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നും സിപിഎം തിരുത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജയരാജൻ വിവാദം മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന വിലയിരുത്തലാണു സിപിഐയ്ക്കുള്ളത്. ഇടതുമുന്നണിയോഗം കൂടുന്പോള്‍ തങ്ങളുടെ അതൃപ്തി അറിയിക്കാനാണ് സിപിഐ തീരുമാനം.

അതേസമയം സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ചേരുമ്ബോള്‍ ഇ.പി വിവാദം ചർച്ച ചെയ്തേക്കുമെന്നും സൂചനയുണ്ട്. ജയരാജൻ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പൂർണമായും ഇ.പിയെ ന്യായീകരിക്കുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വീകരിച്ചത്.

നിലവിലെ വിവാദങ്ങള്‍ തനിക്കെതിരേയുള്ള ഗൂഢാലോചനയാണെന്നും ഇക്കാര്യം പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ജയരാജൻ വ്യക്തമാക്കിയത്. എന്നാല്‍ ഇ.പിയുടെ നടപടിയെ അത്ര നിഷ്കളങ്കമായി കാണാത്ത നേതാക്കളും സിപിഎമ്മിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular