Friday, May 17, 2024
HomeIndiaസിക്‌സറടിച്ച്‌ സ്വയം ആളാവണം, ധോണി സ്വാര്‍ഥന്‍! മിച്ചെലിനെ അപമാനിച്ചു; രൂക്ഷ വിമര്‍ശനം

സിക്‌സറടിച്ച്‌ സ്വയം ആളാവണം, ധോണി സ്വാര്‍ഥന്‍! മിച്ചെലിനെ അപമാനിച്ചു; രൂക്ഷ വിമര്‍ശനം

ചെന്നൈ: പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ മല്‍സലത്തിലെ ഒരു മോശം തീരുമാനത്തിന്റൈ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണി.

സ്‌ട്രൈക്ക് നേരിടുന്നതിനു വേണ്ടി തന്റെ ബാറ്റിങ് പങ്കാളിയും ന്യൂസിലാന്‍ഡ് താരവുമായ ഡാരില്‍ മിച്ചെലിനു സ്‌ട്രൈക്ക് നിഷേധിച്ചതാണ് ധോണിയെ പ്രതിക്കൂട്ടിലാക്കിയത്. മികച്ച ബാറ്റിങ് ഓള്‍റൗണ്ടര്‍ കൂടിയായ മിച്ചെലിനു സ്‌ട്രൈക്ക് നല്‍കാതിരുന്നത് ധോണിയുടെ സ്വാര്‍ഥത കാരണമാണെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആഞ്ഞടിക്കുന്നത്.

അര്‍ഷ്ദീപ് സിങ് എറിഞ്ഞ അവസാനത്തെ ഓറിലായിരുന്നു നാടകീയ രംഗങ്ങള്‍. വൈഡുമായാണ് അര്‍ഷ്ദീപ് ഈ ഓവറിനു തുടക്കമിട്ടത്. അടുത്തത് ഒരു താഴ്ന്ന ഫുള്‍ടോസായിരുന്നു. എക്‌സ്ട്രാ കവറിലൂടെ ധോണി അതു ഫോറിലേക്കു പായിക്കുകയും ചെയ്തു. അടുത്തത് ഓഫ്സ്റ്റംപിന് പുറത്ത് മറ്റൊരു ഫുള്‍ ടോസായിരുന്നു. ധോണി ഡ്രൈവിനു ശ്രമിച്ചെങ്കിലും കണക്ടായില്ല. മൂന്നാമത്തെ ബോള്‍ വൈഡ്. അടുത്ത ബോളും ഫുള്‍ ടോസ് തന്നെ. ധോണി അതു ഡീപ്പ് കവറിലേക്കാണ് കളിച്ചത്.

അനായാസം ഓടി സിംഗിള്‍ നേടാവുന്ന സാഹചര്യമായിരുന്നു അത്. ധോണി തീര്‍ച്ചയായും സിംഗിളിനു ശ്രമിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. മിച്ചെല്‍ സിംഗിളിനായി ഓടുകയും ധോണിയുടെ എന്‍ഡില്‍ എത്തുകയും ചെയ്തിരുന്നു. പക്ഷെ ധോണി സിംഗിളിനു വേണ്ടി തയ്യാറായില്ല. ഇതോടെ മിച്ചെല്‍ തന്റെ എന്‍ഡിലേക്കു തിരികെ ഓടുകയായിരുന്നു. ഇതിനിടെ ഈ എന്‍ഡിലേക്കു ത്രോയും വന്നിരുന്നു. ഭാഗ്യവശാല്‍ അതു സ്റ്റംപുകളില്‍ കൊണ്ടില്ല. ത്രോ സ്റ്റംപുകളില്‍ നേരിട്ടു പതിച്ചിരുന്നെങ്കില്‍ മിച്ചെല്‍ റണ്ണൗട്ടാവുമായിരുന്നു.

മിച്ചെലിനു സ്‌ട്രൈക്ക് നിഷേധിച്ച്‌ ക്രീസില്‍ നിന്നെങ്കിലും തൊട്ടടുത്ത ബോളില്‍ ധോണിക്കു റണ്ണൊന്നുമെടുക്കാനായില്ല. അഞ്ചാമത്തെ ബോള്‍ അദ്ദേഹം സ്വീപ്പര്‍ കവറിനു മുകളിലൂടെ സിക്‌സര്‍ പായിച്ചു. പക്ഷെ അവസാന ബോളില്‍ സിംഗിളേ ലഭിച്ചുള്ളൂ. രണ്ടാമത്തെ റണ്ണിനായി ഓടവെ ധോണി റണ്ണൗട്ടാവുകയയിരുന്നു.

ഡാരില്‍ മിച്ചെലിനു സ്‌ട്രൈക്ക് നല്‍കാതിരിക്കാനുള്ള ധോണിയുടെ തീരുമാനത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മിച്ചെലിനു സിംഗിള്‍ നിഷേധിക്കാനുള്ള ധോണിയുടെ തീരുമാനം വളരെ മോശമാണ്. നിങ്ങള്‍ ഈ മല്‍സരത്തില്‍ മിച്ചെലിനെ നാലാം നമ്ബറില്‍ ഇറക്കിയില്ല. ഫിനിഷറായാണ് അയച്ചത്. എന്നിട്ടും ഒരു ബോള്‍ മിച്ചെല്‍ നേരിടാനുള്ള വിശ്വാസം പോലും കാണിച്ചില്ല. ധോണിയുടെ പ്രവര്‍ത്തി ഒരിക്കലും അംഗീകരിക്കില്ലെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

അവസാനത്തെ ഓവറില്‍ മുഴുവന്‍ ഫുള്‍ ടോസുകള്‍ ലഭിച്ചിട്ടും 11 ബോളില്‍ വെറും 14 റണ്‍സാണ് എംഎസ് ധോണിക്കു സ്‌കോര്‍ ചെയ്യാനായത്. 19ാമത്തെ ഓവറില്‍ മൂന്നു ഡോട്ട് ബോളുകളും കളിച്ചു. എന്നിട്ടാണ് 20ാം ഓവറില്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ ഡാരില്‍ മിച്ചെലിനു അദ്ദേഹം സ്‌ട്രൈക്ക് നല്‍കാന്‍ തയ്യാറാവാതിരുന്നത്. ആഞ്ഞടിച്ച്‌ ഒരു സിക്‌സറെങ്കിലും നേടി ആളാവാനാണ് ധോണി ശ്രമിച്ചത്. ഇതു സ്വാര്‍ഥത തന്നെയാണ്. ടീമിനു വേണ്ടിയല്ല, മറിച്ച്‌ സ്വയം തനിക്കു വേണ്ടിയാണ് ധോണി കളിച്ചതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

പാവം ഡാരില്‍ മിച്ചെല്‍. എംഎസ് ധോണിയോടുള്ള ബഹുമാനം ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്. ക്രിക്കറ്റെന്ന ഗെയിമില്‍ നിങ്ങള്‍ ടീമിനു വേണ്ടിയാണ് കളിക്കുന്നത്. ഇവിടെ ഗ്രൗണ്ടിന്റെ മധ്യത്തില്‍ വച്ച്‌ ടീമംഗത്തെ അപമാനിക്കാന്‍ ധോണി മടി കാണിച്ചില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുന്നു ഫോര്‍മാറ്റുകളിലും സ്ഥിരതയോടെ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ബാറ്ററാണ് മിച്ചെല്‍. ന്യൂസിലാന്‍ഡിന്റെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍. എന്നിട്ടും സ്വയം ആളാവാന്‍ വേണ്ടി ധോണി അദ്ദേഹത്തിനു സ്‌ട്രൈക്ക് നല്‍കിയില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular