Friday, May 17, 2024
HomeKeralaമോഷ്ടിച്ച വസ്ത്രം തേടിപ്പോയ പൊലീസിന് കിട്ടിയത് വീടു നിറയെ മോഷണ വസ്തുക്കള്‍

മോഷ്ടിച്ച വസ്ത്രം തേടിപ്പോയ പൊലീസിന് കിട്ടിയത് വീടു നിറയെ മോഷണ വസ്തുക്കള്‍

കാഞ്ഞങ്ങാട്: കഴിഞ്ഞ പെരുന്നാള്‍ തലേന്ന് കാഞ്ഞങ്ങാട് ടൗണ്‍ നൂറ് ജുമാ മസ്ജിദില്‍നിന്ന് മോഷണം പോയ രണ്ട് ബാഗ് വസ്ത്രങ്ങള്‍ തേടിപ്പോയ പൊലീസ് പ്രതിയുടെ താമസസ്ഥലം കണ്ടു ഞെട്ടി.

ഒരു വീടു നിറയെ മോഷ്ടിച്ച സാധനങ്ങള്‍. ലോറിയില്‍ കൊള്ളാവുന്ന അത്രയും! ഇരിയ സ്വദേശി ഫായിസിന്റെ പതിനായിരം രൂപ വില വരുന്ന വസ്ത്രങ്ങളാണ് കാണാതായത്. മഗ്‌രിബ് നമസ്കാര സമയത്ത് പള്ളിയുടെ മൂലയില്‍ സൂക്ഷിച്ചതായിരുന്നു ബാഗ്. നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങാൻ നേരത്താണ് ബാഗ് കാണാതായത് അറിഞ്ഞത്. പള്ളിയിലെ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോള്‍ ആരോഗ്യവാനായ പ്രായമുള്ള ഒരാള്‍ രണ്ട് ബാഗുകളും മറ്റ് പല സാധനങ്ങളും കൈക്കലാക്കി സ്ഥലംവിടുന്ന മൂന്ന് ദൃശ്യങ്ങള്‍ ലഭിച്ചു. വിലപ്പെട്ട രേഖകള്‍ ബാഗിലുണ്ടായിരുന്നതിനാല്‍ ഫായിസ് ഹോസ്ദുർഗ് പൊലീസിനെ സമീപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ തിരക്ക് കഴിഞ്ഞദിവസം മുതല്‍ പൊലീസ് ഈ പരാതിയില്‍ അന്വേഷണം ഊർജിതമാക്കി. ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദ് നിർദേശിച്ചതു പ്രകാരം സീനിയർ സിവില്‍ പൊലീസ് ഓഫിസർ ഷൈജു സി.സി.ടി.വി ദൃശ്യം പിന്തുടർന്ന് ഇന്നലെ എത്തിയത് കുമ്ബള ഷിറിയയിലായിരുന്നു.

കാമറ ദൃശ്യത്തില്‍ പതിഞ്ഞ ആളെ കണ്ടെത്തിയ പൊലീസ് വീട് കണ്ടെത്തിയപ്പോഴാണ് അമ്ബരിപ്പിക്കുന്ന കാഴ്ചകണ്ടത്. മോഷ്ടിച്ചു കൊണ്ടുവന്ന നൂറു കണക്കിന് കെട്ടുകളായിരുന്നു വീടിനകത്ത് നിറയെ. വീടിന്റെ പുറത്തും കുറെ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നു. തിരച്ചിലിനൊടുവില്‍ വീട്ടില്‍നിന്നും ഫായിസിന്റെ കണാതായ രണ്ട് ബാഗുകളും വസ്ത്രങ്ങളും കണ്ടെത്തി. എന്നാല്‍ രേഖകള്‍ ബാഗിലില്ലായിരുന്നു. ചോദ്യംചെയ്യലില്‍ കടലാസുകള്‍ ഉള്‍പ്പെടെ ആക്രിക്കടയില്‍ വില്‍പന നടത്തിയെന്നാണ് പറഞ്ഞത്. വീട്ടിനുള്ളില്‍ കൂമ്ബാരമായി കെട്ടുകളുണ്ടായിരുന്നതിനാല്‍ മണിക്കൂറുകളോളം തിരഞ്ഞിട്ടും ഫായിസിന് സ്വന്തം ബാഗുകള്‍ കണ്ടെത്താൻ കഴിയാതെ വന്നതോടെ നാട്ടുകാരുടെ സഹായം തേടി. തുടർന്നാണ് ബാഗുകള്‍ കണ്ടെത്തിയത്. ട്രെയ്നില്‍ എ.സി. കമ്ബാർട്ടുമെന്റിലെ യാത്രക്കാർക്ക് പുതയ്ക്കാൻ നല്‍കുന്ന ബെഡ് ഷീറ്റുകള്‍ വരെ മോഷണ ശേഖരത്തിലുണ്ടായിരുന്നു.

ആളുകള്‍ ദീർഘദൂര യാത്രക്ക് പോകുമ്ബോള്‍ കൊണ്ടുപോകുന്ന പഴയ വസ്ത്രങ്ങള്‍, സോപ്പ്, ചീപ്പ് പോലെയുള്ള സാധനങ്ങള്‍, ചില്ലറ വീട്ടുസാധനങ്ങള്‍, ഉപയോഗിച്ച ചെരിപ്പുകള്‍ ഉള്‍പ്പടെ ഒട്ടേറെ സാധനങ്ങളായിരുന്നു മോഷണ ശേഖരത്തില്‍ കണ്ടത്. ചെറിയ സാധനങ്ങളായതിനാല്‍ ആളുകള്‍ പൊലീസില്‍ പരാതിപ്പെടാറില്ലായിരുന്നു. ആക്രി സാധനക്കച്ച വടക്കാരനെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ഇവിടെ വീട് വാടകക്കെടുത്തത്. എന്നാല്‍, ഇയാള്‍ സ്വബോധത്തോടെയല്ല മോഷണങ്ങളെല്ലാം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മാനസിക വൈകല്യം പ്രകടിപ്പിക്കുന്ന ആളാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. അതിനാല്‍ തന്നെ കേസെടുത്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular