Sunday, May 19, 2024
HomeIndia'അയോധ്യയില്‍ പോയതിന് പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു'; കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ-ഓര്‍ഡിനേറ്റര്‍ പാര്‍ട്ടി വിട്ടു

‘അയോധ്യയില്‍ പോയതിന് പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു’; കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ-ഓര്‍ഡിനേറ്റര്‍ പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തില്‍ ദർശനം നടത്തിയതിന് പ്രദേശ് കമ്മിറ്റി ഓഫീസില്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓർഡിനേറ്റർ രാധിക ഖേര പാർട്ടിവിട്ടു.

ചത്തീസ്ഗഢിലെ പാർട്ടി ആസ്ഥാനത്തെ മുറിയിലേക്ക് ബലമായി തള്ളിക്കയറ്റി പൂട്ടിയിട്ടെന്ന് രാധിക ഖേര ആരോപിച്ചു. പാർട്ടിയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാല്‍ താൻ പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെക്കുന്നുവെന്നും അവർ അറിയിച്ചു.

ഒരിക്കലും പാർട്ടി ലൈനിന് വിരുദ്ധമായി താൻ പ്രവർത്തിച്ചിട്ടില്ല. തികഞ്ഞ അർപ്പണബോധത്തോടെയും സത്യസന്ധതയോടെയുമാണ് പ്രവർത്തിച്ചത്. അയോധ്യയില്‍ ദർശനം നടത്തിയതിനാലും ഹിന്ദുവായതിനാലും സനാതനധർമ്മത്തില്‍ വിശ്വസിക്കുന്നതിനാലും തനിക്ക് നീതി നിഷേധിക്കപ്പെട്ടു. രാം ലല്ലയോടാണോ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയോടാണോ കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് അവർ വ്യക്തമാക്കണമെന്നും രാധിക ആവശ്യപ്പെട്ടു.

തനിക്കെതിരായ മോശം പെരുമാറ്റത്തെക്കുറിച്ച്‌ റായ്പുരിലെ രാജീവ് ഭവനില്‍വെച്ച്‌ പരാതിപ്പെടുന്ന രാധിക ഖേരയുടെ വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചത്തീഗഢ് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷൻ വിങ് ചെയർപേഴ്സണ്‍ സുശില്‍ ആനന്ദ് ശുക്ലയുമായി രാധികയ്ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെന്നും റിപ്പോർട്ടുണ്ട്.

അതിനിടെ, മധ്യപ്രദേശിലെ ബിനയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ. നിർമല സാപ്രെ ബി.ജെ.പിയില്‍ ചേർന്നു. മുഖ്യമന്ത്രി മോഹൻ യാദവിന്റെ സാന്നിധ്യത്തില്‍ സാഗർ ജില്ലയിലെ രാഹത്ഗഡിലെ ബി.ജെ.പി. റാലിയില്‍വെച്ചായിരുന്നു അംഗത്വമെടുത്തത്.

സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മാതൃകപെരുമാറ്റച്ചട്ടം നിലവില്‍വന്നതിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുന്ന മൂന്നാമത്തെ എം.എല്‍.എയാണ് നിർമല സാപ്രെ. നേരത്തെ മാർച്ച്‌ 29-ന് ചിന്ദ്വാഡയിലെ അമർവാര എം.എല്‍.എ. കമലേഷ് ഷായും ഏപ്രില്‍ 30-ന് വിജയ്പുർ എം.എല്‍.എ. രാംനിവാസ് റാവത്തും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേർന്നിരുന്നു.

സാഗർ ജില്ലയിലെ ഏക കോണ്‍ഗ്രസ് എം.എല്‍.എയായിരുന്നു നിർമല സാപ്രെ. കഴിഞ്ഞ വർഷാവസാനം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടുതവണ എം.എല്‍.എയായിരുന്ന മഹേഷ് റായിയെ 6,000 വോട്ടിനാണ് നിർമല പരാജയപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular