Sunday, May 19, 2024
HomeKeralaസുരേഷ് ഗോപി ഉള്‍പ്പെടെ നാലു പേർ വിജയിക്കും: എല്ലാ മണ്ഡലങ്ങളിലും മികച്ച മുന്നേറ്റമെന്നും ബിജെപി

സുരേഷ് ഗോപി ഉള്‍പ്പെടെ നാലു പേർ വിജയിക്കും: എല്ലാ മണ്ഡലങ്ങളിലും മികച്ച മുന്നേറ്റമെന്നും ബിജെപി

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാർട്ടിക്ക് മികച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ബി ജെ പിയുടെ വിലയിരുത്തല്‍. ജില്ലാ തലങ്ങളിലുള്ള അവലോകനം പൂർത്തിയായതിന് ശേഷമാണ് ബി ജെ പി ഇത്തരമൊരു വിലയിരുത്തലിലേക്ക് എത്തിയത്. നാളെ തിരുവനന്തപുരത്ത് ചേരുന്ന നേതൃയോഗത്തില്‍ ജില്ലാതലങ്ങളില്‍ നിന്നും നല്‍കിയ വിവരങ്ങള്‍ സംസ്ഥാന നേതൃത്വം അവലോകനം ചെയ്യും.

തൃശ്ശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട മണ്ഡലങ്ങളിൽ വിജയസാധ്യതയുണ്ടെന്നാണ് ബി ജെ പിയുടെ പ്രാഥമിക വിലയിരുത്തല്‍. സമാന വിലയിരുത്തലാണ് ജില്ലതാലങ്ങളിലെ അവലോകന യോഗത്തിലുണ്ടായതും. മറ്റ് പാർട്ടികളില്‍ നിന്നുണ്ടായ അടിയൊഴുക്ക്, സ്ത്രീ വോട്ടർമാരുടെ നിലപാട് എന്നിവയാണ് അനുകൂല ഘടകമായതെന്നാണ് ജില്ലാ നേതൃത്വങ്ങളുടെ വിലയിരുത്തല്‍.

എല്ലാ ജില്ലകളിലും ബി ജെ പിക്ക് മികച്ച വിജയം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് അനുമാനം. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയം ഏറെക്കുറെ ഉറപ്പാണ്. അടിയൊഴുക്കാണ് വിജയ പ്രതീക്ഷയുടെ അടിസ്ഥാനം. ആറ്റിങ്ങലിലും തൃശ്ശൂരും പത്തനംതിട്ടയിലും സ്ഥിതി അനുകൂലമാണ്. വി മുരളീധരന്‍, സുരേഷ് ഗോപി, അനില്‍ ആന്റണി എന്നിവരുടെ കാര്യത്തില്‍ മികച്ച പ്രതീക്ഷയാണുള്ളത്. തൃശൂരില്‍ സ്ത്രീവോട്ടർമാരായിരിക്കും തുണയ്ക്കുകയെന്നും വിലയിരുത്തുന്നു.

ആലപ്പുഴയില്‍ വിജയത്തിലേക്ക് എത്തില്ലെങ്കിലും മൂന്നുലക്ഷത്തിലേറെ വോട്ട് നേടാന്‍ സാധിക്കും. പാലക്കാട്ടും വലിയമുന്നേറ്റമുണ്ടാകും. മറ്റ് മണ്ഡലങ്ങളിലെല്ലാം കഴിഞ്ഞ വർഷത്തേക്കാള്‍ മികച്ച പ്രവർത്തനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നും ബി ജെ പി വിലയിരുത്തുന്നു. അതേസമയം, സംസ്ഥാനത്ത് ഇരുപതില്‍ ഇരുപത് സീറ്റും നേടാനുള്ള സാധ്യതയുണ്ടെന്നായിരുന്നു യു ഡി എഫ് വിലയിരുത്തല്‍. നാല് സീറ്റുകളിൽ കടുത്ത മത്സരം നടന്നെങ്കിലും പരാജയപ്പെടില്ലെന്നാണ് വിശ്വാസം. ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിലാണ് കടുത്ത മത്സരമുണ്ടായതായി യു ഡി എഫ് വിലയിരുത്തിയത്

എല്‍ ഡി എഫിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ സംസ്ഥാനത്ത് 12 സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. 10 മുതല്‍ 12 സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. ഇതില്‍ ആറ് സീറ്റുകള്‍ ഉറപ്പായും ലഭിക്കുമെന്ന് തിരഞ്ഞെടുപ്പിന് പിന്നാലെ ചേർന്ന സി പി എം യോഗം വിലയിരുത്തി. തൃശൂര്‍, ആലത്തൂര്‍, മാവേലിക്കര, പാലക്കാട്, ആറ്റിങ്ങല്‍, കണ്ണൂര്‍ എന്നീ സീറ്റുകളിലാണ് നൂറ് ശതമാനം വിജയപ്രതീക്ഷ. കാസര്‍ഗോഡ്, വടകര, കോഴിക്കോട്, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular