Sunday, May 19, 2024
HomeGulfഇറാഖിനെ മറികടക്കാനാകാതെ സൗദി അറേബ്യ; റഷ്യ തന്നെ ഒന്നാം സ്ഥാനത്ത്, ഏപ്രിലിലെ എണ്ണ കണക്ക്

ഇറാഖിനെ മറികടക്കാനാകാതെ സൗദി അറേബ്യ; റഷ്യ തന്നെ ഒന്നാം സ്ഥാനത്ത്, ഏപ്രിലിലെ എണ്ണ കണക്ക്

ദുബായ്: ഇന്ത്യയുടെ എണ്ണ ഇറക്കുമതി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദിശമാറി സഞ്ചരിക്കുകയാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളെ എണ്ണയ്ക്ക് വേണ്ടി കൂടുതല്‍ ആശ്രയിച്ചിരുന്ന ഇന്ത്യ രണ്ട് വര്‍ഷമായി റഷ്യക്കാണ് മുഖ്യ പരിഗണന നല്‍കുന്നത്. വില കുറച്ച് എവിടെ നിന്ന് കിട്ടുന്നോ, ആ രാജ്യത്ത് നിന്ന് കൂടുതല്‍ ഇറക്കുക എന്ന സ്വാഭാവികമായ വിപണി തന്ത്രമാണ് ഇന്ത്യ പയറ്റുന്നത്.

അതേസമയം, അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയില്‍ ഇന്ത്യ കുറവ് വരുത്തിയേക്കുമെന്നായിരുന്നു അടുത്തിടെ വന്ന റിപ്പോര്‍ട്ട്. പല നിരീക്ഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വരുന്നുണ്ടെങ്കിലും റഷ്യയെ തന്നെയാണ് ഏപ്രില്‍ മാസത്തിലും ഇന്ത്യ കൂടുതല്‍ ആശ്രയിച്ചത്. ഇറാഖിനും പിന്നിലാണ് സൗദി അറേബ്യയുടെ സ്ഥാനം എന്നതും എടുത്തു പറയണം.

സൗദി അറേബ്യയെ ആയിരുന്നു ഒരു കാലത്ത് എണ്ണയ്ക്ക് വേണ്ടി ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത്. സൗദിയില്‍ നിന്ന് വന്‍തോതില്‍ എണ്ണ ഇറക്കുകയും ചെയ്തു. എന്നാല്‍ ഇറാഖിലെ രാഷ്ട്രീയം മാറുകയും യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ ആ രാജ്യത്ത് നിന്ന് കൂടുതല്‍ എണ്ണ വിപണിയില്‍ എത്താന്‍ തുടങ്ങി. കാര്യങ്ങള്‍ പൊടുന്നനെ മാറുകയും ചെയ്തു.

ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ്. ലോകത്തെ പല രാജ്യങ്ങളും ഇറാഖില്‍ നിന്ന് വന്‍തോതില്‍ എണ്ണ ഇറക്കുന്നുണ്ട്. ഭിന്നതകള്‍ മാറ്റിവച്ച് തുര്‍ക്കിയും ഇപ്പോള്‍ ഇറാഖുമായി അടുക്കുകയാണ്. ജിസിസിയില്‍ നിന്ന് ഇറാഖിലേക്കും അവിടെ നിന്ന് തുര്‍ക്കിയിലേക്കും അതുവഴി യൂറോപ്പിലേക്കുമുള്ള പുതിയ സാമ്പത്തിക ഇടനാഴിയും പദ്ധതിയിട്ടിട്ടുണ്ട്.

ഇറാഖ് എണ്ണ വിപണിയില്‍ എത്തിയതോടെ സൗദിയില്‍ നിന്ന് വാങ്ങുന്നത് ഇന്ത്യ അല്‍പ്പം കുറച്ചു. ഇറാഖില്‍ നിന്ന് വന്‍തോതില്‍ ഇറക്കുകയും ചെയ്തു. ഇതിനിടെയാണ് റഷ്യ-യുക്രൈന്‍ യുദ്ധമുണ്ടായതും അമേരിക്കയും യൂറോപ്പും റഷ്യയ്‌ക്കെതിരെ ഉപരോധം ചുമത്തിയതും. സാമ്പത്തികമായി ഞെരുക്കത്തിലായ റഷ്യ പ്രതിസന്ധി മറികടക്കാന്‍ വില കുറച്ച് എണ്ണ വില്‍ക്കാന്‍ തുടങ്ങി. അവസരം ഇന്ത്യ മുതലെടുക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കുന്നത് ചെലവേറിയ ദൗത്യമാണ്. എങ്കിലും വില കുറവായതിനാല്‍ വലിയ ഭാരമാകില്ല. ഏപ്രില്‍ മാസത്തിലും ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങിയത് റഷ്യയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് ഇറാഖും മൂന്നാം സ്ഥാനത്ത് സൗദിയും തുടര്‍ന്നു എന്ന് കെപ്ലര്‍ ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ വിപണി പിടിക്കുക എന്ന കാര്യത്തില്‍ എണ്ണ രാജ്യങ്ങള്‍ക്കിടയില്‍ കിടമല്‍സരമുണ്ട്. മാര്‍ച്ച് മാസത്തേക്കാള്‍ 17 ശതമാനം വരെ എണ്ണ ഇറക്കുമതി ഇന്ത്യ ഏപ്രിലില്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, ഇറാഖില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ 20 ശതമാനം കുറവ് വരുത്തി എന്നതും എടുത്തു പറയണം. അടുത്ത മാസം റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയില്‍ പ്രതിദിനം 11 ലക്ഷം ബാരല്‍ ഇന്ത്യ കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വേളയില്‍ സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടിയേക്കുമെന്നും കരുതുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular