Sunday, May 19, 2024
HomeKeralaമുഖ്യമന്ത്രിയുടെ വിദേശ യാത്ര; പണം എവിടെ നിന്നാണെന്ന് സുരേന്ദ്രൻ, ഉദ്ദേശം വ്യക്തമാക്കണമെന്ന് മുരളീധരൻ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; പണം എവിടെ നിന്നാണെന്ന് സുരേന്ദ്രൻ, ഉദ്ദേശം വ്യക്തമാക്കണമെന്ന് മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിൽ രൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ രംഗത്ത്. പിണറായിയുടെ യാത്ര രാഷ്ട്രീയ ആയുധമാക്കാൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനം. മുതിർന്ന കോൺഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരനാണ് ആദ്യ വെടിപ്പൊട്ടിച്ചത്.

മുഖ്യമന്ത്രിയുടെ വിദേശ യാത്രയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമാക്കണമെന്നായിരുന്നു മുരളീധരന്റെ ആവശ്യം. സംസ്ഥാനത്തെ ഭരണത്തലവനാണ് പിണറായി വിജയനെന്നും പൊതുപ്രവർത്തകർക്ക് രഹസ്യമില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഔദ്യോഗിക യാത്ര അല്ലാത്തതിനാൽ തന്നെ എന്ത് കാര്യത്തിനാണ് മുഖ്യമന്ത്രി വിദേശത്ത് പോവുന്നതെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

16 ദിവസത്തെ സന്ദർശനത്തിനാണ് മുഖ്യമന്ത്രി ദുബായിലേക്ക് പോകുന്നതെന്നായിരുന്നു നേരത്തെ അറിയിച്ചത്. ഭാര്യ കമലയും കൊച്ചുമകനും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് ദുബായിലേക്ക് പോകുന്നതെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഇതിനെതിരെ ശക്തമായി രംഗത്ത് വരുന്നത്.

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുഖ്യമന്ത്രിയുടെ വിദേശ യാത്രക്കെതിരെ രംഗത്ത് വന്നു. പിണറായി വിജയന്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം. സ്വകാര്യ യാത്രയാണെങ്കിൽ മുഖ്യമന്ത്രി സ്വന്തം പണം മുടക്കണം എന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. നാടിന്റെ ആവശ്യങ്ങൾക്ക് ഭരണാധികാരികൾ വിദേശത്ത് പോകുമ്പോഴാണ് ഖജനാവിലെ പണം ഉപയോഗിക്കേണ്ടതെന്നും, കേരള മുഖ്യമന്ത്രിയാവട്ടെ കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതാണ് പതിവെന്നും സുരേന്ദ്രൻ പരിഹസിച്ചു. കോൺഗ്രസ് ഈ വിഷയത്തിൽ വിമർശനം കടുപ്പിക്കുന്നതിനിടെയാണ് ബിജെപിയും സമാന ആരോപണവുമായി രംഗത്ത് വരുന്നത്.

അതേസമയം, ദുബായ് സന്ദർശനത്തിന് പുറമെ ഇന്ത്യോനേഷയിലും സിം​ഗപ്പൂരിലും മുഖ്യമന്ത്രി സന്ദർശനം നടത്തുമെന്നാണ് ലഭ്യമായ വിവരം. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രിയും ഭാര്യയും കൊച്ചുമകനും കൂടി യാത്ര പുറപ്പെട്ടത്. ഇന്നലെയായിരുന്നു മുഖ്യമന്ത്രിക്ക് യാത്രാനുമതി ലഭിച്ചത്. എന്നാൽ യാത്ര വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് കേരളത്തിൽ തുടക്കമിട്ടിരിക്കുന്നത്.

കൂടാതെ മന്ത്രി മുഹമ്മദ് റിയാസും ഭാര്യയും മുഖ്യമന്ത്രിയുടെ മകളുമായ വീണയും നാല് ദിവസം മുമ്പ് ദുബായിലേക്ക് യാത്ര പുറപ്പെട്ടിരുന്നു. ദുബായിക്ക് പുറമെ ഇന്ത്യോനേഷയിലും സിം​ഗപ്പൂരിലും റിയാസും വീണയും സന്ദർശനം നടത്തുമെന്നാണ് അറിയിച്ചത്. 19 ദിവസത്തേക്കാണ് റിയാസിന് യാത്രയക്കുള്ള അനുമതി ലഭിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular