Sunday, May 19, 2024
HomeIndiaഖലിസ്ഥാനി തീവ്രവാദ സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാ‍ർശ

ഖലിസ്ഥാനി തീവ്രവാദ സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാ‍ർശ

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും കുരുക്ക് മുറുകുന്നു. ഖലിസ്ഥാൻ അനുകൂല സംഘടനയിൽ നിന്ന് ഫണ്ട് കൈപ്പറ്റിയെന്ന ആരോപണത്തിൻ മേൽ കെജ്രിവാളിനെതിരെ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ് ഡൽഹി ലെഫ്റ്റനൻറ് ഗവർണർ വി.കെ. സക്സേന. ‘സിഖ്സ് ഫോർ ജസ്റ്റിസ്’ എന്ന നിരോധിക്കപ്പെട്ട സംഘടനയിൽ നിന്നും എഎപി ഫണ്ട് കൈപ്പറ്റിയെന്നാണ് ആരോപണം. എഎപി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്നാൽ ഗുരുതരമായ ആരോപണമായതിനാൽ എൻഐഎ അന്വേഷണം വേണമെന്ന നിലപാട് എടുത്തിരിക്കുകയാണ് ലെഫ്റ്റനൻറ് ഗവർണർ.

അരവിന്ദ് കെജ്രിവാളിനെതിരെ പുതിയ ഗൂഢാലോചന നടക്കുകയാണെന്നാണ് എഎപി നേതാവും ഡൽഹി മന്ത്രിസഭാംഗവുമായ സൗരഭ് ഭരദ്വജ് പ്രതികരിച്ചു. “കെജ്രിവാളിനെ കുടുക്കാൻ ബിജെപി വീണ്ടും ഗൂഢാലോചന നടത്തുകയാണ്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് അവർ ഭയക്കുന്നു. ഡൽഹിയിലെ 7 ലോക്സഭാ മണ്ഡലങ്ങളിലും അവർ പരാജയപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട,” അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ മാർച്ചിലാണ് സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടന കെജ്രിവാളിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ഒരു തീവ്രവാദിയാണ് ആരോപണം നടത്തിയതെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. നിലവിലുള്ള ഒരു മുഖ്യമന്ത്രിക്ക് എതിരെ ഇത്രയും ഗുരുതര ആരോപണം ഉണ്ടാവുമ്പോൾ അന്വേഷണം നടത്താതിരിക്കാൻ സാധിക്കില്ല. സംഭവത്തിൽ കെജ്രിവാളിനെതിരെ തെളിവുകൾ ശേഖരിക്കാനാണ് എൻഐഎ ശ്രമം. ലെഫ്റ്റനൻറ് ഗവർണർ തന്നെയാണ് നേരിട്ട് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്,” സോഴ്സുകൾ വ്യക്തമാക്കുന്നു.

എഎപിക്ക് സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ 2014ൽ ഖലിസ്ഥാൻ അനുകൂല സംഘടനയുമായി ന്യൂയോർക്കിലെ റിച്ച്മോണ്ട് ഹിൽസിലുള്ള ഗുരുദ്വാരയിൽ വെച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നാണ് ഗുർപത്വന്ത് സിങ് ആരോപണം ഉന്നയിച്ചത്. 2014 മുതൽ 2022 വരെയുള്ള വർഷങ്ങൾക്കിടയിൽ 16 മില്യൺ അമേരിക്കൻ ഡോളർ എഎപിക്ക് സംഭാവനയായി നൽകിയിട്ടുണ്ട്. ഖലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന ഉറപ്പിൻെറ അടിസ്ഥാനത്തിലാണ് ഫണ്ട് നൽകിയതെന്നാണ് ഗുർപത്വന്ത് സിങ് വ്യക്തമാക്കിയത്. കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1993ലെ ഡൽഹി സ്ഫോടനക്കേസ് പ്രതി ദേവീന്ദർ പാൽ ബുള്ളാറിനെ രക്ഷിക്കാൻ ശ്രമിക്കുമെന്ന് കെജ്രിവാൾ പറഞ്ഞിരുന്നുവെന്നും ഖലിസ്ഥാൻ നേതാവ് പറഞ്ഞു. ഡൽഹിയിലെ യൂത്ത് കോൺഗ്രസ് ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ നടന്ന സ്ഫോടനത്തിൽ 9 പേർ മരിക്കുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബുള്ളാറിനെതിരായ വധശിക്ഷ 2014ൽ ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിൻെറ മേൽനോട്ടത്തിലായിരിക്കും കെജ്രിവാളിനെതിരായ അന്വേഷണം നടക്കുകയെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular