Sunday, May 19, 2024
HomeKerala'കേരളത്തിൽ ഏത് കൊടുംകുറ്റവാളിക്കും വീരപരിവേഷം കിട്ടാനും മാധ്യമങ്ങള്‍ ശിരസ്സിലേറ്റാനും സിപിഎമ്മിനെ നാലുതെറി പറഞ്ഞാല്‍ മതി': എം.സ്വരാജ്

‘കേരളത്തിൽ ഏത് കൊടുംകുറ്റവാളിക്കും വീരപരിവേഷം കിട്ടാനും മാധ്യമങ്ങള്‍ ശിരസ്സിലേറ്റാനും സിപിഎമ്മിനെ നാലുതെറി പറഞ്ഞാല്‍ മതി’: എം.സ്വരാജ്

കണ്ണൂർ: ഏത് കൊടുംകുറ്റവാളിക്കും ഏത് നീചനും വീരപരിവേഷം കിട്ടാൻ ഇടതുപക്ഷത്തെ നാലുതെറി പറഞ്ഞാൽ മതിയെന്ന സ്ഥിതിയാണെന്നും അങ്ങനെയെങ്കില്‍ അവരെ മാധ്യമങ്ങൾ ശിരസ്സിലേറ്റി നടക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. ഇടതുപക്ഷത്തെ ചീത്തവിളിച്ചാലോ എൽഡിഎഫ് ഗവൺമെന്റിനെ ആക്ഷേപിച്ചാലോ നാട്ടിലെ കള്ളന്മാര്‍ക്കും ക്രിമിനലുകൾക്കും നായകപരിവേഷം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സ്വരാജിന്റെ പരാമർശം. കണ്ണൂർ കരിങ്കൽക്കുഴി ഭാവനാ ഗ്രൗണ്ടിൽ പാടിക്കുന്ന് രക്തസാക്ഷിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വരാജ്.

‘‘കേരളത്തിൽ ജീവിച്ചിരിക്കുന്ന മനുഷ്യൻ എന്ന നിലയിൽ നമുക്ക് ഇത് എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാകും. കെഎസ്ആർടിസി ഡ്രൈവറെന്നാൽ, അവന്റെ പേരൊന്നും മൈക്കിലൂടെ പറയാനേ പറ്റില്ല. അത്ര നികൃഷ്ടനായ ഒരാൾ…. അവനെ സംബന്ധിച്ചുള്ള കേസുകൾ. ആ കേസുകളും അത്തരത്തിലുള്ളതാണ്. അങ്ങനെ എല്ലാമുള്ള ഒരു അഖില ലോക അലവലാതി, റോഡിൽ പുറകിൽ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ സർക്കസ് കാണിക്കുന്നു. അപ്പോ തിരുവനന്തപുരം മേയറും എംഎൽഎയും ഈ ബസിന്റെ പുറകിൽ പെട്ടുപോകുന്നു. സൈഡ് തരാൻ തയാറാകുന്നില്ലെന്ന് മാത്രമല്ല, ഹോണടിക്കുമ്പോൾ അശ്ലീല ആംഗ്യം കാണിക്കുന്നു. അപ്പോ കേരളത്തിലെ മാധ്യമങ്ങൾ ഒരേ സ്വരത്തിൽ, വാഹനത്തെ പിന്തുടർന്ന് ഓവര്‍ടേക്ക് ചെയ്ത് തടഞ്ഞുനിർത്തി ചോദ്യം ചെയ്യാൻ പാടുണ്ടോ എന്നാണ് ചോദിക്കുന്നത്.

നിങ്ങൾ യാത്ര പോകുമ്പോൾ മുമ്പിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവർ സംസ്കാരം തൊട്ടുതീണ്ടിയില്ലാത്ത വിധം നിങ്ങളുടെ കുടുംബാംഗങ്ങളായ വനിതകളോട് അശ്ലീല ആംഗ്യം കാണിച്ചാൽ നിങ്ങളെന്തു ചെയ്യും എന്ന ചോദ്യം നമ്മുടെ മുൻപിൽ നിൽക്കുകയാണ്. ഒരുകാര്യം ഉറപ്പാണ്. ഒരാൾ തിരുവനന്തപുരം മേയറായി, ഒരാൾ എംഎല്‍എയായി. ഈ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നവർ അല്ലായിരുന്നെങ്കിൽ ഞാൻ വിചാരിക്കുന്നത് അടിച്ചവന്റെ കണ്ണുപൊട്ടിച്ചിട്ടുണ്ടാകും. ഈ ഉത്തരവാദിത്തം വഹിക്കുന്നവരാണ് എന്ന പക്വത ഉള്ളതുകൊണ്ട് ചോദ്യം ചെയ്തിട്ടേയുള്ളൂ.

അപ്പോ അതിനെ കുറിച്ച് വൈകുന്നേരം ചർച്ച. മനുഷ്യനെന്ന പദത്തിന് അർഹതയില്ലാത്ത ഈ ആളെ സ്റ്റുഡിയോയിൽ ക്ഷണിച്ചു വരുത്തി അയാളുടെ പ്രസംഗത്തിന് ചാനൽ മുറി വിട്ടുകൊടുക്കുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മറ്റൊരു കലാകാരി, അവർ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗമല്ല. ഇവനിൽ നിന്ന് ഇതേ അനുഭവം തനിക്കും നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അവർ പറയുന്നു. ഈ മനുഷ്യവിരുദ്ധനെ ന്യായീകരിച്ചുകൊണ്ട് മനോരമ മുഖപ്രസംഗം എഴുതുന്നു.

എന്നാൽ കുറച്ചുമാസങ്ങൾക്ക് മുൻപ് ഒരു വനിത സ്കൂട്ടറിൽ പോകുന്നു. കെഎസ്ആർടിസി ബസ് സൈഡ് കൊടുക്കുന്നില്ല. അശ്ലീല ആംഗ്യമൊന്നും കാണിച്ചിട്ടില്ല. ഒരവസരം കിട്ടിയപ്പോൾ ഈ സ്ത്രീ ഓവർടേക്ക് ചെയ്ത് ബസിന്റെ മുന്നിൽപോയി തടഞ്ഞു. അവർ നല്ല ധൈര്യത്തോടെ ചോദ്യം ചെയ്തു. അന്ന് മനോരമ എഴുതിയ വാർത്തയുടെ തലക്കെട്ട് റോഡിൽ യുവതിയുടെ മാസ് പ്രകടനം എന്നായിരുന്നു. മര്യാദയില്ലാതെ ബസോടിച്ച ഡ്രൈവറെ നടുറോഡിൽ തടഞ്ഞുനിർത്തി ചോദ്യം ചെയ്ത യുവതിയുടെ ധൈര്യത്തെ മലയാള മനോരമ വാനോളം പുകഴ്ത്തി.

പ്രശ്നമെന്താണ്. കേരളം എവിടെയെത്താൻ ശ്രമിക്കുന്നുവെന്ന് നിങ്ങളാലോചിക്കണം. ഏത് കൊടുംകുറ്റവാളിക്കും ഏത് നീചനും വീരപരിവേഷം കിട്ടാൻ ഇടതുപക്ഷത്തെ നാലുതെറി പറഞ്ഞാല്‍ മതി. നാട്ടിലെ കള്ളന്മാരുടെയും ക്രിമിനലുകളുടെയും ഇടയിൽ ഇപ്പോൾ വളരെ വേഗത്തിൽ പ്രചരിക്കുന്നൊരു കാര്യം അവർക്കെല്ലാം നായകപരിവേഷം കിട്ടാൻ ഇടതുപക്ഷത്തെ ചീത്ത വിളിക്കുക, എൽഡിഎഫ് ഗവണ്‍മെന്റിനെ ആക്ഷേപിക്കുക എന്നതാണ്. എങ്കിൽ കേരളത്തിലെ മാധ്യമങ്ങൾ അവരെ ശിരസ്സിലേറ്റികൊണ്ട് നടക്കും. എന്തൊരു ദുര്യോഗമാണ്.’’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular