Sunday, May 19, 2024
HomeIndiaലോക്സഭാ തെരഞ്ഞെടുപ്പ്: ആദ്യ രണ്ട് ഘട്ടത്തിലും പോളിങ് കുറഞ്ഞുവെന്നത് യാഥാർഥ്യമോ? പുതിയ റിപ്പോർട്ട് ഇങ്ങനെ

ലോക്സഭാ തെരഞ്ഞെടുപ്പ്: ആദ്യ രണ്ട് ഘട്ടത്തിലും പോളിങ് കുറഞ്ഞുവെന്നത് യാഥാർഥ്യമോ? പുതിയ റിപ്പോർട്ട് ഇങ്ങനെ

രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2019നെ അപേക്ഷിച്ച് ഇത്തവണ ആദ്യ രണ്ട് ഘട്ടങ്ങളിൽ പോളിങ് ശതമാനം കുറവാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻെറ കണക്കുകൾ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ പോളിങ് കുറയുന്നുവെന്ന വാദം തള്ളി പുതിയ കണക്കുകൾ നിരത്തിയിരിക്കുകയാണ് എസ്ബിഐ റിസേർച്ചിൻെറ പഠനം. 2019നേക്കാൾ 8.7 ലക്ഷം വോട്ടർമാർ 2024ൽ വോട്ട് ചെയ്തുവെന്നാണ് ഈ പഠനറിപ്പോർട്ട് പറയുന്നത്. അതായത് ഏകദേശം 0.4 ശതമാനം വർധനവാണ് വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.

ആദ്യ രണ്ട് ഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞുവെന്നത് വെറും സാങ്കേതികത മാത്രമാണെന്നാണ് ഇവരുടെ കണ്ടെത്തൽ. പോളിങ് ശതമാനം കണക്കിലെടുക്കുമ്പോൾ കുറവുണ്ടായിട്ടുണ്ട്. എന്നാൽ വോട്ടർമാരുടെ യഥാർഥ എണ്ണം കണക്കിലെടുക്കുമ്പോൾ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2024ലെ ആദ്യഘട്ടത്തിൽ 66.1 ശതമാനവും രണ്ടാം ഘട്ടത്തിൽ 66.7 ശതമാനവും പോളിങ് നടന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻെറ കണക്ക്. 2024ൽ ഇത് യഥാക്രമം 69.4%, 69.2% എന്നിങ്ങനെയായിരുന്നു. ഒന്നാം ഘട്ടത്തിൽ 3.3% കുറവും രണ്ടാം ഘട്ടത്തിൽ 2.5 ശതമാനം കുറവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിൽ 60 ശതമാനത്തിലധികം എണ്ണത്തിലും വർധനവുണ്ടാവുകയോ നേരത്തെ ഉള്ള അതേ അവസ്ഥ നിലനിൽക്കുകയോ ആണ് ചെയ്യുന്നത്. അടുത്ത അഞ്ച് ഘട്ടങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ വർധനവാണ് പ്രതീക്ഷിക്കുന്നത്. വോട്ടർമാരുടെ എണ്ണത്തിലുള്ള വർധനവിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷ വോട്ടർമാരുടെ എണ്ണത്തേക്കാൾ കൂടിയിട്ടുണ്ടെന്നും പഠനം പറയുന്നു. 6.7 ലക്ഷം സ്ത്രീ വോട്ടർമാർ കൂടിയപ്പോൾ പുരുഷ വോട്ടർമാരുടെ എണ്ണത്തിൽ 3 ലക്ഷത്തിൻെറ വർധനവാണ് ഉണ്ടായത്.

“കടുത്ത വേനലും ഉഷ്ണക്കാറ്റും കാരണം വോട്ടർമാരുടെ ശതമാനത്തിൽ ചെറിയ കുറവുണ്ടായിട്ടുള്ളതായാണ് മനസ്സിലാക്കുന്നത്. വോട്ട് ചെയ്യാൻ തയ്യാറായിരുന്നിട്ടും ഇത്തരം സാഹചര്യങ്ങൾ കൊണ്ടാണ് കുറച്ച് പേർക്ക് വോട്ട് ചെയ്യാൻ സാധിക്കാതെ പോയത്,” പഠനം പറയുന്നു. മെയ് 7ന് മൂന്നാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപായാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. മെയ് 13, 20, 25, ജൂൺ 1 എന്നീ തീയതികളിലായിട്ടാണ് ഇനി തെരഞ്ഞെടുപ്പ് നടക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular