Sunday, May 19, 2024
HomeIndiaഏഴ് സീറ്റില്‍ കടുത്ത മത്സരം; ഗുജറാത്തില്‍ 26 സീറ്റും പിടിക്കുക എളുപ്പല്ല ബിജെപിക്ക്‌

ഏഴ് സീറ്റില്‍ കടുത്ത മത്സരം; ഗുജറാത്തില്‍ 26 സീറ്റും പിടിക്കുക എളുപ്പല്ല ബിജെപിക്ക്‌

ഹമ്മദാബാദ്: 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ഗുജറാത്തിലെ മുഴുവൻ സീറ്റുകളിലും വിജയിക്കാനായതിന്റെ ആത്മവിശ്വാസവുമായാണ് ബി.ജെ.പി.

ഇത്തവണ മത്സരത്തിനിറങ്ങിയത്. 400 സീറ്റ് എന്ന മോഹത്തിന് ഗുജറാത്തിലെ എല്ലാ സീറ്റിലും ബിജെപി ഉറച്ചതായി കണക്കാക്കുമ്ബോള്‍ അപ്രതീക്ഷിത വെല്ലുവിളി ഉയരുന്നത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും പ്രാദേശിക തർക്കങ്ങളും പൊല്ലാപ്പുകളും ഏഴ് മണ്ഡലങ്ങളില്‍ പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ആകെ 26 ലോക്സഭാ മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്. ഇതില്‍ സുരേന്ദ്രനഗർ, സാബർകാണ്ഠ, ബനാസ്കാണ്ഠ, രാജ്കോട്ട്, ആനന്ദ്, പാടൻ, ജുനഗഢ് എന്നീ മണ്ഡലങ്ങളാണ് ബി.ജെ.പിക്ക് തലവേദനയും കോണ്‍ഗ്രസിന് പ്രതീക്ഷയും നല്‍കുന്നത്.

സുരേന്ദ്രനഗർ: തല്‍പഡ കോലി സമുദായത്തില്‍നിന്നും ചുൻവാലിയ കോലി സമുദായത്തില്‍നിന്നുമുള്ള സ്ഥാനാർഥികള്‍ സുരേന്ദ്രനഗർ സീറ്റിനുവേണ്ടി രംഗത്തെത്തിയതാണ് ബി.ജെ.പിയെ സമ്മർദത്തിലാക്കിയത്. ചുൻവാലിയ കോലി സമുദായംഗമായ ചന്ദുഭായ് സിഹോറയ്ക്കാണ് പാർട്ടി സീറ്റ് നല്‍കിയത്. തല്‍പഡ കോലി സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണിത്. കോണ്‍ഗ്രസ് തല്‍പഡ കോലി സമുദായത്തില്‍നിന്നുള്ള ഋത്വിക് മക്വാനയെ സ്ഥാനാർഥിയാക്കിയതോടെ മത്സരം കടുപ്പമായി. ബി.ജെ.പിക്കെതിരായ ക്ഷത്രിയ പ്രതിഷേധവും ഫലത്തെ ബാധിച്ചേക്കും.

സാബർകാണ്ഠ: മുൻമുഖ്യമന്ത്രി അമർ സിങ് ചൗധരിയുടെ മകൻ തുഷാർ ചൗധരിയാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേർന്ന മഹേന്ദ്രസിംഹ് ബരൈയയുടെ ഭാര്യ ശോഭനയാണ് ബി.ജെ.പി. സ്ഥനാർഥി. ഭിക്കാജി ഠാക്കോറിനെയായിരുന്നു ആദ്യം സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ജാതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് പിന്നാലെ സ്ഥാനാർഥിത്വം ശോഭനയ്ക്ക് ലഭിക്കുകയായിരുന്നു. ഭിക്കാജിയുടെ അനുയായികള്‍ പ്രകോപിതരാവുകയും സാബർകാണ്ഠ ജില്ലയില്‍ വിവിധയിടങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

ബാണാസ്കാണ്ഠ: ഗാനിബെൻ ഠാക്കോറാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി. രേഖ ചൗധരി ബി.ജെ.പിക്കു വേണ്ടിയും മത്സരിക്കുന്നു. ചൗധരി, ഠാക്കോർ സമുദായങ്ങള്‍ക്ക് നിർണായകസ്വാധീനമുള്ള മണ്ഡലമാണിത്. സിറ്റിങ് എം.പി. പർബത് പട്ടേലിനെ മാറ്റി രേഖയ്ക്ക് പാർട്ടി സ്ഥാനാർഥിത്വം നല്‍കുകയായിരുന്നു. ഇത് പർബതിന്റെ അനുയായികള്‍ വിട്ടുനില്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. രാഷ്ട്രീയത്തില്‍ സജീവമായ ഗാനിബെന്നിനെ നേരിടാൻ പുതുമുഖായ രേഖ മതിയാകുമോ എന്ന ചോദ്യവും പ്രവർത്തകർ ഉയർത്തുന്നു. പ്രചാരണത്തിന്റെ അവസാനദിവസം പ്രിയങ്കാ ഗാന്ധി മണ്ഡലത്തില്‍ എത്തിയതും കോണ്‍ഗ്രസിന്റെ പ്രതീക്ഷയാണ് സൂചിപ്പിക്കുന്നത്.

രാജ്കോട്ട്: പാടീദാർ, കോലി, ക്ഷത്രിയ സമുദായങ്ങള്‍ക്ക് നിർണായക സ്വാധീനമുള്ള മേഖലയാണ് രാജ്കോട്ട്. ബി.ജെ.പി. സ്ഥാനാർഥി പുരുഷോത്തം രുപാലയുടെ ക്ഷത്രിയസമുദായത്തിനെതിരായ പരാമർശം വലിയവിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ലേവ പാടീദാർ സമുദായംഗമായ പരേഷ് ധനാനിയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി. ക്ഷത്രിയ പ്രതിഷേധം വോട്ടാകുമെന്നാണ് ഇവിടെ കോണ്‍ഗ്രസ് പ്രതീക്ഷ.

ആനന്ദ്: ക്ഷത്രിയസമുദായത്തിന്റെ പ്രതിഷേധവും ഗ്രാമീണമേഖലയില്‍ ബി.ജെ.പിയോടുള്ള അസംതൃപ്തിയുമാണ് ആനന്ദില്‍ പാർട്ടിക്ക് വെല്ലുവിളിയാകുന്നത്. ഒരുകാലത്ത് കോണ്‍ഗ്രസിന് നിർണായക സ്വാധീനമുള്ള മേഖലയായിരുന്നു ആനന്ദ്. എതിരാളി നേരിടുന്ന വെല്ലുവിളി, അവസരമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. മിതേഷ് പട്ടേലാണ് ബി.ജെ.പി. സ്ഥാനാർഥി. കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ അമിത് ചാവ്ഡയാണ് പ്രതിയോഗി. ബി.ജെ.പി. നേതാക്കളുടെ യോഗങ്ങള്‍ക്ക് നേർക്ക് ക്ഷത്രിയസമുദായാംഗങ്ങള്‍ നടത്തുന്ന പ്രതിഷേധം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നു.

പാടൻ: ബി.ജെ.പിയുടെ ഭരത് സിങ് ഠാക്കോറും ചന്ദൻജി താലാജി ഠാക്കോറുമാണ് മണ്ഡലത്തില്‍ ഏറ്റുമുട്ടുന്നത്. ഠാക്കോർ സമുദായത്തിന്റെ പിന്തുണയുള്ള നേതാവാണ് ചന്ദൻജി. ന്യൂനപക്ഷവോട്ടുകളും ക്ഷത്രിയ സമുദായത്തിന്റെ പിന്തുണയും ഇവിടെ നിർണായകമാകും.

ജുനഗഢ്: രാജേഷ് ചൂഡാസമയാണ് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി. വേരാവലിലെ ഡോക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതരേയുള്ളത്. പൊതുപ്രവർത്തനത്തില്‍ സജീവമല്ലെന്ന വിമർശനവും ഇദ്ദേഹത്തിനെതിരേയുണ്ട്. ഹിരാ ജോട്വയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി. ക്ഷത്രിയസമുദായത്തിന്റെ പ്രതിഷേധവും രാജേഷിനോടുള്ള എതിർപ്പും വോട്ടാകുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്ബിന്റെ പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular