Sunday, May 19, 2024
HomeAsiaറഫ അതിര്‍ത്തി ഇസ്റാഈല്‍ കൈകളില്‍; മഹാദുരന്തം അരികെ

റഫ അതിര്‍ത്തി ഇസ്റാഈല്‍ കൈകളില്‍; മഹാദുരന്തം അരികെ

സ്സ/ തെല്‍ അവീവ് | ഗസ്സയില്‍ വെടിനിർത്തല്‍ ചർച്ചകള്‍ക്കിടെ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍. ഗസ്സയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തി ക്രോസ്സിംഗിന്റെ നിയന്ത്രണം ഇസ്‌റാഈല്‍ പിടിച്ചെടുത്തു.

ഇസ്‌റാഈല്‍ ടാങ്കുകള്‍ തെക്കൻ ഗസ്സ നഗരമായ റഫ ക്രോസ്സിംഗ് കടന്ന് നിലയുറപ്പിച്ചതോടെ ഇതുവഴിയുള്ള സഹായ വിതരണം നിലച്ചു.
ഗസ്സ ഭാഗത്തുള്ള അതിർത്തി പോസ്റ്റിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി സ്ഥിരീകരിച്ച ഇസ്‌റാഈല്‍, സൈനിക വാഹനങ്ങള്‍ അതിർത്തി കടന്ന് മുന്നേറുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. റഫയില്‍ കരയാക്രമണം നടത്തുന്നതിന്റെ ഭാഗമായി മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നടപടി. റഫ ക്രോസ്സിംഗ് തീവ്രവാദ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് ഇസ്‌റാഈലിന്റെ ആരോപണം. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തെ തുടർന്ന് കരീം അബൂ സലീം അതിർത്തി നേരത്തേ അടച്ചിരുന്നു.
ആക്രമണം ശക്തമാക്കി ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ നടന്ന ചർച്ച അട്ടിമറിക്കാനാണ് ഇസ്‌റാഈല്‍ ശ്രമമെന്ന് ഹമാസ് ആരോപിച്ചു. ഈജിപ്തും ഖത്വറും മുന്നോട്ടുവെച്ച വെടിനിർത്തല്‍ കരാർ അംഗീകരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഹമാസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. കരീം അബൂ സലീം അതിർത്തിക്ക് പിന്നാലെ റഫാ ക്രോസ്സിംഗും അടച്ചതോടെ ഗസ്സയിലേക്കുള്ള സഹായം പൂർണമായും നിലയ്ക്കുമെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ പറഞ്ഞു. നിലവില്‍ അവശ്യ വസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്.

റഫയില്‍ കരയാക്രമണം നടത്തരുതെന്ന അന്താരാഷ്ട്ര സമ്മർദം അവഗണിച്ചാണ് ഇസ്‌റാഈല്‍ നീക്കം. ഹമാസ് ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ ഇല്ലാതാക്കാനുള്ള നിയന്ത്രിതമായ ആക്രമണമാണ് റഫയില്‍ നടത്തുന്നതെന്നാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ വാദം. 24 മണിക്കൂറിനിടെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 54 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ അധികൃതർ പറഞ്ഞു.

പത്ത് ലക്ഷത്തിലധികം അഭയാർഥികളാണ് റഫയിലെ താത്കാലിക കൂടാരങ്ങളില്‍ കഴിയുന്നത്. കരയാക്രമണം നടത്തുന്നതിന്റെ ഭാഗമായി കിഴക്കൻ റഫയില്‍ നിന്നുള്ളവരോട് ഖാൻ യൂനുസിന്റെ പടിഞ്ഞാറൻ മേഖലയിലെയും മെഡിറ്ററേനിയൻ കടലിനോട് ചേർന്നുള്ള അല്‍ മവാസ്വിയിലെയും അഭയാർഥി ക്യാമ്ബുകളിലേക്ക് മാറാനാണ് ഇസ്‌റാഈല്‍ ഡിഫൻസ് ഫോഴ്‌സിന്റെ നിർദേശം.

സഖ്യരാഷ്ട്രങ്ങള്‍ ഇടപെടണം

ആക്രമണം അവസാനിപ്പിക്കാൻ ഇസ്‌റാഈലിന്റെ സഖ്യ രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് യു എൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
വെടിനിർത്തല്‍ ശ്രമങ്ങള്‍ക്കും ഉപാധികളില്ലാതെ ബന്ദികളുടെ മോചനത്തിനും അന്താരാഷ്ട്ര സമൂഹം ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ഏഴ് മാസം പിന്നിട്ട ഇസ്‌റാഈല്‍ അധിനിവേശത്തിനിടെ ഇതുവരെ 37,789 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും കുട്ടികളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular